ലൂക്കാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലൂക്കാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലൂക്കാ 24

യേശുവിന്റെ പുനരുത്ഥാനം
1. അവർ, തയ്യാറാക്കിവച്ചിരുന്ന സുഗ ന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.
2. കല്ലറയിൽ നിന്നുകല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവർ കണ്ടു.
3. അവർ അകത്തുകടന്നു നോക്കിയപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4. ഇതിനെക്കുറിച്ച് അമ്പരന്നു നിൽക്കവേ രണ്ടുപേർ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് അവർക്കു പ്രത്യക്ഷപ്പെട്ടു.
5. അവർ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോൾ അവർ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു.
6. മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപിക്കപ്പെടുകയും
7. ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർ ത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താൻ ഗലീലിയിൽ ആയിരുന്നപ്പോൾത്തന്നെ അവൻ നിങ്ങളോടു പറഞ്ഞത് ഓർമിക്കുവിൻ.
8. അപ്പോൾ അവർ അവന്റെ വാക്കുകൾ ഓർമിച്ചു.
9. കല്ലറയിങ്കൽനിന്നു തിരിച്ചുവന്ന് അവർ ഇതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയും അറിയിച്ചു.
10. മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങൾ അപ്പസ്തോലൻമാരോടു പറഞ്ഞത്.
11. അവർക്കാകട്ടെ ഈ വാക്കുകൾ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവർ അവരെ വിശ്വസിച്ചില്ല.
12. എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോൾ അവനെ പൊതിഞ്ഞിരുന്നതുണികൾ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവൻ തിരിച്ചു പോയി.

എമ്മാവൂസിലേക്കു പോയ ശിഷ്യൻമാർ
13. ആദിവസം തന്നെ അവരിൽ രണ്ടുപേർ ജറുസലെമിൽനിന്ന് ഏകദേശം അറുപതു സ്താദിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു.
14. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു.
15. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു.
16. എന്നാൽ, അവനെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു.
17. അവൻ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? അവർ മ്ളാനവദനരായിനിന്നു.
18. അവരിൽ ക്ലെയോപാസ് എന്നു പേരായ വൻ അവനോടു ചോദിച്ചു: ഈ ദിവസങ്ങളിൽ ജറുസലെമിൽ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?
19. അവൻ ചോദിച്ചു: ഏതു കാര്യങ്ങൾ? അവർ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20. ഞങ്ങളുടെ പുരോഹിതപ്രമുഖൻമാരും നേതാക്കളും അവനെ മരണവിധിക്ക് ഏൽപിച്ചുകൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു.
21. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണ് എന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെസംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.
22. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവർ കല്ലറയിങ്കൽ പോയിരുന്നു.
23. അവന്റെ ശരീരം അവർ അവിടെ കണ്ടില്ല. അവർ തിരിച്ചുവന്ന് തങ്ങൾക്കു ദൂതൻമാരുടെ ദർശനമുണ്ടായെന്നും അവൻ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു.
24. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകൾ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാൽ, അവനെ അവർ കണ്ടില്ല.
25. അപ്പോൾ അവൻ അവരോടു പറഞ്ഞു: ഭോഷൻമാരേ, പ്രവാചകൻമാർ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26. ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27. മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദ്ധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28. അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
29. അവർ അവനെ നിർബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കുവാൻ കയറി.
30. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പം എടുത്ത് ആശീർവ്വദിച്ച് മുറിച്ച് അവർക്കുകൊടുത്തു.
31. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി.
32. അവർ പരസ്പരം പറഞ്ഞു: വഴിയിൽവച്ച് അവൻ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
33. അവർ അപ്പോൾത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34. കർത്താ വു സത്യമായും ഉയിർത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35. വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

യേശു ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു
36. അവർ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ മധ്യേ പ്രത്യക്ഷ നായി അവരോട് അരുളിച്ചെയ്തു: നിങ്ങൾക്കു സമാധാനം! അവർ ഭയന്നു വിറച്ചു.
37. ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു.
38. അവൻ അവരോടു ചോദിച്ചു: നിങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയരുന്നതും എന്തിന്?
39. എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസ്സിലാക്കുവിൻ.
40. എന്നെ സ്പർശിച്ചുനോക്കുവിൻ. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ.
41. എന്നിട്ടും അവർ സന്തോഷാധിക്യത്താൽ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോൾ അവൻ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാൻ എന്തെങ്കിലുമുണ്ടോ?
42. ഒരു കഷണം വറുത്ത മീൻ അവർ അവനു കൊടുത്തു.
43. അവൻ അതെടുത്ത് അവരുടെ മുമ്പിൽവച്ചു ഭക്ഷിച്ചു.
44. അവൻ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകൻമാരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ.
45. വിശുദ്ധലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു.
46. അവൻ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയുംചെയ്യണം;
47. പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലെമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
48. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്.
49. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയയ്ക്കുന്നു. ഉന്നതത്തിൽനിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ.

യേശുവിന്റെ സ്വർഗാരോഹണം
50. അവൻ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ അവരിൽനിന്നു മറയുകയും സ്വർഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു.
52. അവർ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി.
53. അവർ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തിൽ കഴിഞ്ഞുകൂടി.

ലൂക്കാ 23

പീലാത്തോസിന്റെ മുമ്പിൽ
1. അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.
2. അവർ അവന്റെ മേൽ കുറ്റംചുമത്താൻ തുടങ്ങി: ഈ മനുഷ്യൻ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താൻ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു.
3. പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവൻ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.
4. പീലാത്തോസ് പുരോഹിത പ്രമുഖൻമാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റ വും കാണുന്നില്ല.
5. അവരാകട്ടെ, നിർബന്ധപൂർവം പറഞ്ഞു: ഇവൻ ഗലീലി മുതൽ ഇവിടംവരെയുംയൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പിൽ
6. ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യൻ ഗലീലിയക്കാരനാണോ എന്നുചോദിച്ചു.
7. അവൻ ഹേറോദേസിന്റെ അധികാരത്തിൽപ്പെട്ടവനാണെന്നറിഞ്ഞപ്പോൾ പീലാത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആദിവസങ്ങളിൽ ഹേറോദേസ് ജറുസലെമിൽ ഉണ്ടായിരുന്നു.
8. ഹേറോദേസ് യേശുവിനെക്കണ്ടപ്പോൾ അത്യധികം സന്തോഷിച്ചു. എന്തെന്നാൽ, അവൻ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട് അവനെ കാണാൻ ആഗ്രഹിച്ചിരുന്നു; അവൻ ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
9. അതിനാൽ, അവൻ പലതും അവനോടു ചോദിച്ചു. പക്ഷേ, അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല.
10. പ്രധാനപുരോഹിതൻമാരും നിയമജ്ഞരും അവന്റെ മേൽ ആവേശപൂർവം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റുംനിന്നിരുന്നു.
11. ഹേറോദേസ് പടയാളികളോടു ചേർന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു. അവൻ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു.
12. അന്നുമുതൽ ഹേറോദേസും പീലാത്തോസും പരസ്പരം സ്നേഹിതൻമാരായി. മുമ്പ് അവർ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.

യേശുവിനെ വിധിക്കുന്നു
13. പീലാത്തോസ് പുരോഹിതപ്രമുഖൻമാരെയും നേതാക്കൻമാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു:
14. ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇവനെ എന്റെ മുമ്പിൽകൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പിൽവച്ചുതന്നെ ഇവനെ ഞാൻ വിസ്തരിച്ചു. നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളിൽ ഒന്നുപോലും ഇവനിൽ ഞാൻ കണ്ടില്ല.
15. ഹേറോദേസും കണ്ടില്ല. അവൻ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഇവൻ ചെയ്തിട്ടില്ല.
16. അതിനാൽ ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
17. അപ്പോൾ, അവർ ഏകസ്വരത്തിൽ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക.
18. ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക.
19. പട്ടണത്തിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്.
20. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കൽകൂടി അവരോടു സംസാരിച്ചു.
21. അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22. പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവൻ എന്തു തിൻമ പ്രവർത്തിച്ചു? വധശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഞാൻ അവനിൽ കണ്ടില്ല. അതുകൊണ്ട് ഞാൻ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
23. അവനെ ക്രൂശിക്കണമെന്ന് അവർ നിർബന്ധപൂർവം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിർബന്ധംതന്നെ വിജയിച്ചു.
24. അവർ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാൻ പീലാത്തോസ് തീരുമാനിച്ചു.
25. അവർ ആവശ്യപ്പെട്ട മനുഷ്യനെ വ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നവനെ വ അവൻ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏൽപിച്ചു കൊടുക്കുകയും ചെയ്തു.

യേശുവിനെ കുരിശിൽ തറയ്ക്കുന്നു
26. അവർ അവനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്ന് ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽവച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാൻ നിർബന്ധിച്ചു.
27. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.
28. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങൾ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിൻ.
29. എന്തെന്നാൽ, വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങൾ വരും.
30. അന്ന് അവർ പർവതങ്ങളോടു ഞങ്ങളുടെമേൽ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാൻ തുടങ്ങും.
31. പച്ചത്തടിയോട് അവർ ഇങ്ങനെയാണ്് ചെയ്യുന്നതെങ്കിൽ ഉണങ്ങിയതിന് എന്തു സംഭവിക്കും?
32. കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാൻ അവർ കൂട്ടിക്കൊണ്ടുപോയി.
33. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു; ആ കുറ്റവാളികളെയും ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും ക്രൂശിച്ചു.
34. യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കാൻ അവർ കുറിയിട്ടു.
35. ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവൻമറ്റുള്ളവരെ രക്ഷിച്ചു. ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ, തന്നെത്തന്നെ രക്ഷിക്കട്ടെ.
36. പടയാളികൾ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:
37. നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.
38. ഇവൻ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.
39. കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40. അപരൻ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ.
41. നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല.
42. അവൻ തുടർന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!
43. യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും.

യേശുവിന്റെ മരണം
44. അപ്പോൾ ഏകദേശം ആറാംമണിക്കൂർ ആയിരുന്നു. ഒൻപതാംമണിക്കൂർവരെ ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു.
45. സൂര്യൻ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്ശീല നടുവേ കീറി.
46. യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതു പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞു.
47. ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു.
48. കാഴ്ച കാണാൻ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49. അവന്റെ പരിചയക്കാരും ഗലീലിയിൽനിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
50. യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായിൽനിന്നുള്ള ജോസഫ് എന്നൊരുവൻ അവിടെ ഉണ്ടായിരുന്നു. ആലോച നാസംഘത്തിലെ അംഗമായ അവൻ നല്ല വനും നീതിമാനുമായിരുന്നു.
51. അവൻ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേർന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.
52. അവൻ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.
53. അവൻ അതു താഴെയിറക്കി ഒരു തുണിയിൽപൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു.
54. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.
55. ഗലീലിയിൽനിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകൾ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു.
56. അവർ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തിൽ അവർ നിയമാനുസൃതം വിശ്രമിച്ചു.

ലൂക്കാ 22

യേശുവിനെ വധിക്കാൻ ഗൂഢാലോചന
1. പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ അ ടുത്തു.
2. പുരോഹിതൻമാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർ ജനങ്ങളെ ഭയപ്പെട്ടു.
3. പന്ത്രണ്ടുപേരിൽ ഒരുവനും സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസിൽ സാത്താൻ പ്രവേശിച്ചു.
4. അവൻ പുരോഹിതപ്രമുഖൻമാരെയും സേനാധിപൻമാരെയും സമീപിച്ച് എങ്ങനെയാണ് യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു.
5. അവർ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.
6. അവൻ അവർക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോൾ അവനെ ഒറ്റിക്കൊടുക്കാൻ അവൻ അവസരം പാർത്തുകൊണ്ടിരുന്നു.

ശിഷ്യൻമാർ പെസഹാ ഒരുക്കുന്നു
7. പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേർന്നു.
8. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ.
9. അവർ അവനോടു ചോദിച്ചു: ഞങ്ങൾ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
10. അവൻ പറഞ്ഞു: ഇതാ, നിങ്ങൾ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരേ വരും. അവൻ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങൾ അവനെ പിന്തുടരുക.
11. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യൻമാരോടുകൂടെ ഞാൻ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?
12. സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവൻ നിങ്ങൾക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
13. അവർ പോയി അവൻ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.

പുതിയ ഉടമ്പടി
14. സമയമായപ്പോൾ അവൻ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലൻമാരും.
15. അവൻ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു.
16. ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തിൽ ഇതു പൂർത്തിയാകുന്നതുവരെ ഞാൻ ഇനി ഇതു ഭക്ഷിക്കയില്ല.
17. അവൻ പാനപാത്രം എടുത്തു കൃതജ്ഞതാസ്തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങൾ പങ്കുവയ്ക്കുവിൻ.
18. ഞാൻ നിങ്ങളോടു പറയുന്നു, ഇപ്പോൾ മുതൽ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽ നിന്ന് ഞാൻ പാനം ചെയ്യുകയില്ല.
19. പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രംചെയ്ത്, മുറിച്ച്, അവർക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ.
20. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവൻ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്്തു: ഈ പാന പാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
21. എന്നാൽ, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേൽത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രൻ പോകുന്നു.
22. എന്നാൽ, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
23. തങ്ങളിൽ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവർ പരസ്പരം ചോദിക്കാൻ തുടങ്ങി.

ആരാണ് വലിയവൻ?
24. തങ്ങളിൽ വലിയവൻ ആരാണ് എന്നൊരു തർക്കം അവരുടെയിടയിൽ ഉണ്ടായി.
25. അപ്പോൾ അവൻ അവരോടു പറഞ്ഞു: വിജാതീയരുടെമേൽ അവരുടെ രാജാക്കൻമാർ ആധിപത്യം അടിച്ചേൽപിക്കുന്നു. തങ്ങളുടെമേൽ അധികാരമുള്ളവരെ അവർ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു.
26. എന്നാൽ, നിങ്ങൾ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം.
27. ആരാണു വലിയവൻ, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയിൽ പരിചരിക്കുന്നവനെപ്പോലെയാണ്.
28. എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങൾ.
29. എന്റെ പിതാവ് എനിക്കു രാജ്യം കൽപിച്ചു തന്നിരിക്കുന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.
30. അത് നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.

പത്രോസ് ഗുരുവിനെ നിഷേധിക്കും
31. ശിമയോൻ, ശിമയോൻ, ഇതാ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാൻ ഉദ്യമിച്ചു.
32. എന്നാൽ, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.
33. ശിമയോൻ പറഞ്ഞു: കർത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാൻ തന്നെയും ഞാൻ തയ്യാറാണ്.
34. അവൻ പറഞ്ഞു: പത്രോസേ, ഞാൻ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.

പണവും വാളും കരുതുക
35. അനന്തരം, അവൻ അവരോടു ചോദിച്ചു: ഞാൻ നിങ്ങളെ മടിശ്ശീലയോ ഭാൺഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തിനെങ്കിലും കുറവുണ്ടായോ? അവർ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.
36. അവൻ പറഞ്ഞു: എന്നാൽ, ഇപ്പോൾ മടിശ്ശീലയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാൺഡവും. വാളില്ലാത്തവൻ സ്വന്തം കുപ്പായം വിറ്റ് വാൾ വാങ്ങട്ടെ.
37. ഞാൻ നിങ്ങളോടു പറയുന്നു, അവൻ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നിൽ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാൽ, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂർത്തിയാകേണ്ടതാണ്.
38. അവർ പറഞ്ഞു: കർത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവൻ പറഞ്ഞു: മതി.

ഗത്സെമനിയിൽ പ്രാർഥിക്കുന്നു
39. അവൻ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യൻമാരും അവനെ പിന്തുടർന്നു.
40. അവിടെ എത്തിയപ്പോൾ അവൻ അവരോടു പറഞ്ഞു: നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ പ്രാർഥിക്കുവിൻ.
41. അവൻ അവരിൽ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിൻമേൽ വീണു പ്രാർഥിച്ചു:
42. പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!
43. അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു.
44. അവൻ തീവ്രവേദനയിൽ മുഴുകി കൂടുതൽ തീക്ഷ്ണമായി പ്രാർഥിച്ചു. അവന്റെ വിയർപ്പു രക്തത്തുള്ളികൾപോലെ നിലത്തുവീണു.
45. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യൻമാരുടെ അടുത്തു വന്നപ്പോൾ അവർ വ്യസനം നിമിത്തം തളർന്ന് ഉറങ്ങുന്നതു കണ്ടു.
46. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഉറങ്ങുന്നതെന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47. അവൻ ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോൾ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസാണ് അവരുടെ മുമ്പിൽ നടന്നിരുന്നത്. യേശുവിനെ ചുംബിക്കാൻ അവൻ മുമ്പോട്ടുവന്നു.
48. യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?
49. എന്താണു സംഭ വിക്കാൻ പോകുന്നത് എന്നു കണ്ടപ്പോൾ യേശുവിനോടു കൂടെയുണ്ടായിരുന്നവർ, കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.
50. അവരിലൊരുവൻ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു.
51. അതുകണ്ട് യേശു പറഞ്ഞു: നിർത്തൂ! അനന്ത രം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി.
52. അപ്പോൾ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖൻമാരോടും ദേവാലയ സേനാധിപൻമാരോടും ജനപ്രമാണികളോടും പറഞ്ഞു: കവർച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങൾ വന്നിരിക്കുന്നുവോ?
53. ഞാൻ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോൾ നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് തള്ളിപ്പറയുന്നു
54. അവർ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.
55. അവർ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോൾ പത്രോസും അവരോടു കൂടെ ഇരുന്നു.
56. അവൻ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടു കൂടെയായിരുന്നു.
57. എന്നാൽ, പത്രോസ് അതു നിഷേധിച്ച്, സ്ത്രീയേ, അവനെ ഞാൻ അറിയുകയില്ല എന്നു പറഞ്ഞു.
58. അൽപം കഴിഞ്ഞ് വേറൊരാൾ പത്രോസിനെ കണ്ടിട്ടു പറഞ്ഞു: നീയും അവരിൽ ഒരുവനാണ്. അപ്പോൾ അവൻ പറഞ്ഞു: മനുഷ്യാ, ഞാനല്ല.
59. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് വേറൊരാൾ ഉറപ്പിച്ചു പറഞ്ഞു: തീർച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ.
60. പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇ തു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ കോഴി കൂവി.
61. കർത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കർത്താവ് പറഞ്ഞവചനം അപ്പോൾ പത്രോസ് ഓർമിച്ചു.
62. അവൻ പുറത്തുപോയി മനംനൊന്തു കരഞ്ഞു.

യേശുവിനെ പരിഹസിക്കുന്നു
63. യേശുവിനു കാവൽനിന്നിരുന്നവർ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു.
64. അവർ അവന്റെ കണ്ണുകൾ മൂടിക്കൊണ്ട്, നിന്നെ അടിച്ചവൻ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
65. അവർ അവനെ അധിക്ഷേപിച്ച്് അവനെതിരായി പലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ
66. പ്രഭാതമായപ്പോൾ പുരോഹിത പ്രമുഖൻമാരും നിയമജ്ഞരും ഉൾപ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവർ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു:
67. നീ ക്രിസ്തുവാണെങ്കിൽ അതു ഞങ്ങളോടു പറയുക. അവൻ അവരോടു പറഞ്ഞു: ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല.
68. ഞാൻ ചോദിച്ചാൽ നിങ്ങൾ ഉത്തരം തരുകയുമില്ല.
69. ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും.
70. അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കിൽ, നീ ദൈവപുത്രനാണോ? അവൻ പറഞ്ഞു: നിങ്ങൾ തന്നെ പറയുന്നല്ലോ, ഞാൻ ആണെന്ന്.
71. അവർ പറഞ്ഞു: ഇനി നമുക്കുവേറെ സാക്ഷ്യം എന്തിന്? അവന്റെ നാവിൽനിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.

ലൂക്കാ 21

വിധവയുടെ കാണിക്ക
1. അവൻ കണ്ണുകളുയർത്തി നോക്കിയപ്പോൾ ധനികർ ദേവാലയ ഭൺഡാരത്തിൽനേർച്ചയിടുന്നതു കണ്ടു.
2. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകൾ ഇടുന്നതും അവൻ കണ്ടു.
3. അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
4. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്യ്രത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.

ദേവാലയത്തിന്റെ നാശത്തെക്കുറിച്ച്
5. ചില ആളുകൾ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവൻ അവരോടു പറഞ്ഞു:
6. നിങ്ങൾ ഈ കാണുന്നവ കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു.

ക്ലേശങ്ങളുടെ ആരംഭം
7. അവർ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻ തുടങ്ങുന്നതിന്റെ അടയാളം എന്താണ്?
8. അവൻ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, പലരും അവൻ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
9. യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ ഭയപ്പെട രുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ, അവസാനം ഇനിയും ആയിട്ടില്ല.
10. അവൻ തുടർന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയർത്തും.
11. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തിൽനിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
12. ഇവയ്ക്കെല്ലാം മുമ്പ് അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏൽപിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കൻമാരുടെയും ദേശാധിപതികളുടെയും മുൻ പിൽ അവർ നിങ്ങളെകൊണ്ടു ചെല്ലും.
13. നിങ്ങൾക്ക് ഇതു സാക്ഷ്യം നൽകുന്നതിനുള്ള അവസരമായിരിക്കും.
14. എന്ത് ഉത്ത രം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിൻ.
15. എന്തെന്നാൽ, നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തു നിൽക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നൽകും.
16. മാതാപിതാക്കൻമാർ, സഹോദരർ, ബന്ധുമിത്രങ്ങൾ, സ്നേഹിതർ എന്നിവർപോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും.
17. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.
18. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
19. പീഡനത്തിലും ഉറച്ചുനിൽക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങൾ നേടും.

ജറുസലെമിന്റെ പതനം
20. ജറുസലെമിനുചുറ്റും സൈന്യം താവ ളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.
21. അപ്പോൾ, യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവർ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവർ പട്ടണത്തിൽ പ്രവേശിക്കാതിരിക്കട്ടെ.
22. കാരണം, എഴുതപ്പെട്ടവയെല്ലാം പൂർത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ.
23. ആദിവസങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേൽ വലിയക്രോധവും നിപതിക്കും.
24. അവർ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകൾ പൂർത്തിയാകുന്നതുവരെ അവർ ജറുസലെമിനെ ചവിട്ടിമെതിക്കും.

മനുഷ്യപുത്രന്റെ ആഗമനം
25. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ സംഭ്രമമുളവാക്കും.
26. സംഭ വിക്കാൻ പോകുന്നവയെ ഓർത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികൾ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികൾ ഇളകും.
27. അപ്പോൾ, മനുഷ്യപുത്രൻ ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.
28. ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്സുയർത്തി നിൽക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
29. ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിൻ.
30. അവ തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
31. അതുപോലെ ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിൻ.
32. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
33. ആകാശ വും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വാക്കുകൾ കടന്നുപോവുകയില്ല.

ജാഗരൂകരായിരിക്കുവിൻ
34. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മന സ്സു ദുർബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേൽ വന്നു വീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ.
35. എന്തെന്നാൽ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേൽ അതു നിപതിക്കും.
36. സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ.
37. എല്ലാ ദിവസവും അവൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയിൽ അവൻ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയിൽ വിശ്രമിച്ചു.
38. അവന്റെ വാക്കു കേൾക്കാൻവേണ്ടി ജനം മുഴുവൻ അതിരാവിലെ ദേവാലയത്തിൽ അവന്റെ അടുത്തുവന്നിരുന്നു.