ലൂക്കാ 24

യേശുവിന്റെ പുനരുത്ഥാനം
1. അവർ, തയ്യാറാക്കിവച്ചിരുന്ന സുഗ ന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.
2. കല്ലറയിൽ നിന്നുകല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവർ കണ്ടു.
3. അവർ അകത്തുകടന്നു നോക്കിയപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4. ഇതിനെക്കുറിച്ച് അമ്പരന്നു നിൽക്കവേ രണ്ടുപേർ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് അവർക്കു പ്രത്യക്ഷപ്പെട്ടു.
5. അവർ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോൾ അവർ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു.
6. മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപിക്കപ്പെടുകയും
7. ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർ ത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താൻ ഗലീലിയിൽ ആയിരുന്നപ്പോൾത്തന്നെ അവൻ നിങ്ങളോടു പറഞ്ഞത് ഓർമിക്കുവിൻ.
8. അപ്പോൾ അവർ അവന്റെ വാക്കുകൾ ഓർമിച്ചു.
9. കല്ലറയിങ്കൽനിന്നു തിരിച്ചുവന്ന് അവർ ഇതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയും അറിയിച്ചു.
10. മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങൾ അപ്പസ്തോലൻമാരോടു പറഞ്ഞത്.
11. അവർക്കാകട്ടെ ഈ വാക്കുകൾ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവർ അവരെ വിശ്വസിച്ചില്ല.
12. എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോൾ അവനെ പൊതിഞ്ഞിരുന്നതുണികൾ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവൻ തിരിച്ചു പോയി.

എമ്മാവൂസിലേക്കു പോയ ശിഷ്യൻമാർ
13. ആദിവസം തന്നെ അവരിൽ രണ്ടുപേർ ജറുസലെമിൽനിന്ന് ഏകദേശം അറുപതു സ്താദിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു.
14. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു.
15. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു.
16. എന്നാൽ, അവനെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു.
17. അവൻ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? അവർ മ്ളാനവദനരായിനിന്നു.
18. അവരിൽ ക്ലെയോപാസ് എന്നു പേരായ വൻ അവനോടു ചോദിച്ചു: ഈ ദിവസങ്ങളിൽ ജറുസലെമിൽ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?
19. അവൻ ചോദിച്ചു: ഏതു കാര്യങ്ങൾ? അവർ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20. ഞങ്ങളുടെ പുരോഹിതപ്രമുഖൻമാരും നേതാക്കളും അവനെ മരണവിധിക്ക് ഏൽപിച്ചുകൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു.
21. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണ് എന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെസംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.
22. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവർ കല്ലറയിങ്കൽ പോയിരുന്നു.
23. അവന്റെ ശരീരം അവർ അവിടെ കണ്ടില്ല. അവർ തിരിച്ചുവന്ന് തങ്ങൾക്കു ദൂതൻമാരുടെ ദർശനമുണ്ടായെന്നും അവൻ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു.
24. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകൾ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാൽ, അവനെ അവർ കണ്ടില്ല.
25. അപ്പോൾ അവൻ അവരോടു പറഞ്ഞു: ഭോഷൻമാരേ, പ്രവാചകൻമാർ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26. ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27. മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദ്ധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28. അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
29. അവർ അവനെ നിർബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കുവാൻ കയറി.
30. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പം എടുത്ത് ആശീർവ്വദിച്ച് മുറിച്ച് അവർക്കുകൊടുത്തു.
31. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി.
32. അവർ പരസ്പരം പറഞ്ഞു: വഴിയിൽവച്ച് അവൻ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
33. അവർ അപ്പോൾത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34. കർത്താ വു സത്യമായും ഉയിർത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35. വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

യേശു ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു
36. അവർ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ മധ്യേ പ്രത്യക്ഷ നായി അവരോട് അരുളിച്ചെയ്തു: നിങ്ങൾക്കു സമാധാനം! അവർ ഭയന്നു വിറച്ചു.
37. ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു.
38. അവൻ അവരോടു ചോദിച്ചു: നിങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയരുന്നതും എന്തിന്?
39. എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസ്സിലാക്കുവിൻ.
40. എന്നെ സ്പർശിച്ചുനോക്കുവിൻ. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ.
41. എന്നിട്ടും അവർ സന്തോഷാധിക്യത്താൽ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോൾ അവൻ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാൻ എന്തെങ്കിലുമുണ്ടോ?
42. ഒരു കഷണം വറുത്ത മീൻ അവർ അവനു കൊടുത്തു.
43. അവൻ അതെടുത്ത് അവരുടെ മുമ്പിൽവച്ചു ഭക്ഷിച്ചു.
44. അവൻ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകൻമാരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ.
45. വിശുദ്ധലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു.
46. അവൻ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയുംചെയ്യണം;
47. പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലെമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
48. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്.
49. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയയ്ക്കുന്നു. ഉന്നതത്തിൽനിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ.

യേശുവിന്റെ സ്വർഗാരോഹണം
50. അവൻ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ അവരിൽനിന്നു മറയുകയും സ്വർഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു.
52. അവർ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി.
53. അവർ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തിൽ കഴിഞ്ഞുകൂടി.