ലൂക്കാ 22

യേശുവിനെ വധിക്കാൻ ഗൂഢാലോചന
1. പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ അ ടുത്തു.
2. പുരോഹിതൻമാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർ ജനങ്ങളെ ഭയപ്പെട്ടു.
3. പന്ത്രണ്ടുപേരിൽ ഒരുവനും സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസിൽ സാത്താൻ പ്രവേശിച്ചു.
4. അവൻ പുരോഹിതപ്രമുഖൻമാരെയും സേനാധിപൻമാരെയും സമീപിച്ച് എങ്ങനെയാണ് യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു.
5. അവർ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.
6. അവൻ അവർക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോൾ അവനെ ഒറ്റിക്കൊടുക്കാൻ അവൻ അവസരം പാർത്തുകൊണ്ടിരുന്നു.

ശിഷ്യൻമാർ പെസഹാ ഒരുക്കുന്നു
7. പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേർന്നു.
8. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ.
9. അവർ അവനോടു ചോദിച്ചു: ഞങ്ങൾ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
10. അവൻ പറഞ്ഞു: ഇതാ, നിങ്ങൾ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരേ വരും. അവൻ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങൾ അവനെ പിന്തുടരുക.
11. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യൻമാരോടുകൂടെ ഞാൻ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?
12. സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവൻ നിങ്ങൾക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
13. അവർ പോയി അവൻ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.

പുതിയ ഉടമ്പടി
14. സമയമായപ്പോൾ അവൻ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലൻമാരും.
15. അവൻ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു.
16. ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തിൽ ഇതു പൂർത്തിയാകുന്നതുവരെ ഞാൻ ഇനി ഇതു ഭക്ഷിക്കയില്ല.
17. അവൻ പാനപാത്രം എടുത്തു കൃതജ്ഞതാസ്തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങൾ പങ്കുവയ്ക്കുവിൻ.
18. ഞാൻ നിങ്ങളോടു പറയുന്നു, ഇപ്പോൾ മുതൽ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽ നിന്ന് ഞാൻ പാനം ചെയ്യുകയില്ല.
19. പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രംചെയ്ത്, മുറിച്ച്, അവർക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ.
20. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവൻ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്്തു: ഈ പാന പാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
21. എന്നാൽ, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേൽത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രൻ പോകുന്നു.
22. എന്നാൽ, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
23. തങ്ങളിൽ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവർ പരസ്പരം ചോദിക്കാൻ തുടങ്ങി.

ആരാണ് വലിയവൻ?
24. തങ്ങളിൽ വലിയവൻ ആരാണ് എന്നൊരു തർക്കം അവരുടെയിടയിൽ ഉണ്ടായി.
25. അപ്പോൾ അവൻ അവരോടു പറഞ്ഞു: വിജാതീയരുടെമേൽ അവരുടെ രാജാക്കൻമാർ ആധിപത്യം അടിച്ചേൽപിക്കുന്നു. തങ്ങളുടെമേൽ അധികാരമുള്ളവരെ അവർ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു.
26. എന്നാൽ, നിങ്ങൾ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം.
27. ആരാണു വലിയവൻ, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയിൽ പരിചരിക്കുന്നവനെപ്പോലെയാണ്.
28. എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങൾ.
29. എന്റെ പിതാവ് എനിക്കു രാജ്യം കൽപിച്ചു തന്നിരിക്കുന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.
30. അത് നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.

പത്രോസ് ഗുരുവിനെ നിഷേധിക്കും
31. ശിമയോൻ, ശിമയോൻ, ഇതാ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാൻ ഉദ്യമിച്ചു.
32. എന്നാൽ, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.
33. ശിമയോൻ പറഞ്ഞു: കർത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാൻ തന്നെയും ഞാൻ തയ്യാറാണ്.
34. അവൻ പറഞ്ഞു: പത്രോസേ, ഞാൻ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.

പണവും വാളും കരുതുക
35. അനന്തരം, അവൻ അവരോടു ചോദിച്ചു: ഞാൻ നിങ്ങളെ മടിശ്ശീലയോ ഭാൺഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തിനെങ്കിലും കുറവുണ്ടായോ? അവർ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.
36. അവൻ പറഞ്ഞു: എന്നാൽ, ഇപ്പോൾ മടിശ്ശീലയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാൺഡവും. വാളില്ലാത്തവൻ സ്വന്തം കുപ്പായം വിറ്റ് വാൾ വാങ്ങട്ടെ.
37. ഞാൻ നിങ്ങളോടു പറയുന്നു, അവൻ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നിൽ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാൽ, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂർത്തിയാകേണ്ടതാണ്.
38. അവർ പറഞ്ഞു: കർത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവൻ പറഞ്ഞു: മതി.

ഗത്സെമനിയിൽ പ്രാർഥിക്കുന്നു
39. അവൻ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യൻമാരും അവനെ പിന്തുടർന്നു.
40. അവിടെ എത്തിയപ്പോൾ അവൻ അവരോടു പറഞ്ഞു: നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ പ്രാർഥിക്കുവിൻ.
41. അവൻ അവരിൽ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിൻമേൽ വീണു പ്രാർഥിച്ചു:
42. പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!
43. അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു.
44. അവൻ തീവ്രവേദനയിൽ മുഴുകി കൂടുതൽ തീക്ഷ്ണമായി പ്രാർഥിച്ചു. അവന്റെ വിയർപ്പു രക്തത്തുള്ളികൾപോലെ നിലത്തുവീണു.
45. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യൻമാരുടെ അടുത്തു വന്നപ്പോൾ അവർ വ്യസനം നിമിത്തം തളർന്ന് ഉറങ്ങുന്നതു കണ്ടു.
46. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഉറങ്ങുന്നതെന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47. അവൻ ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോൾ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസാണ് അവരുടെ മുമ്പിൽ നടന്നിരുന്നത്. യേശുവിനെ ചുംബിക്കാൻ അവൻ മുമ്പോട്ടുവന്നു.
48. യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?
49. എന്താണു സംഭ വിക്കാൻ പോകുന്നത് എന്നു കണ്ടപ്പോൾ യേശുവിനോടു കൂടെയുണ്ടായിരുന്നവർ, കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.
50. അവരിലൊരുവൻ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു.
51. അതുകണ്ട് യേശു പറഞ്ഞു: നിർത്തൂ! അനന്ത രം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി.
52. അപ്പോൾ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖൻമാരോടും ദേവാലയ സേനാധിപൻമാരോടും ജനപ്രമാണികളോടും പറഞ്ഞു: കവർച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങൾ വന്നിരിക്കുന്നുവോ?
53. ഞാൻ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോൾ നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് തള്ളിപ്പറയുന്നു
54. അവർ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.
55. അവർ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോൾ പത്രോസും അവരോടു കൂടെ ഇരുന്നു.
56. അവൻ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടു കൂടെയായിരുന്നു.
57. എന്നാൽ, പത്രോസ് അതു നിഷേധിച്ച്, സ്ത്രീയേ, അവനെ ഞാൻ അറിയുകയില്ല എന്നു പറഞ്ഞു.
58. അൽപം കഴിഞ്ഞ് വേറൊരാൾ പത്രോസിനെ കണ്ടിട്ടു പറഞ്ഞു: നീയും അവരിൽ ഒരുവനാണ്. അപ്പോൾ അവൻ പറഞ്ഞു: മനുഷ്യാ, ഞാനല്ല.
59. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് വേറൊരാൾ ഉറപ്പിച്ചു പറഞ്ഞു: തീർച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ.
60. പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇ തു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ കോഴി കൂവി.
61. കർത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കർത്താവ് പറഞ്ഞവചനം അപ്പോൾ പത്രോസ് ഓർമിച്ചു.
62. അവൻ പുറത്തുപോയി മനംനൊന്തു കരഞ്ഞു.

യേശുവിനെ പരിഹസിക്കുന്നു
63. യേശുവിനു കാവൽനിന്നിരുന്നവർ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു.
64. അവർ അവന്റെ കണ്ണുകൾ മൂടിക്കൊണ്ട്, നിന്നെ അടിച്ചവൻ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
65. അവർ അവനെ അധിക്ഷേപിച്ച്് അവനെതിരായി പലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ
66. പ്രഭാതമായപ്പോൾ പുരോഹിത പ്രമുഖൻമാരും നിയമജ്ഞരും ഉൾപ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവർ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു:
67. നീ ക്രിസ്തുവാണെങ്കിൽ അതു ഞങ്ങളോടു പറയുക. അവൻ അവരോടു പറഞ്ഞു: ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല.
68. ഞാൻ ചോദിച്ചാൽ നിങ്ങൾ ഉത്തരം തരുകയുമില്ല.
69. ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും.
70. അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കിൽ, നീ ദൈവപുത്രനാണോ? അവൻ പറഞ്ഞു: നിങ്ങൾ തന്നെ പറയുന്നല്ലോ, ഞാൻ ആണെന്ന്.
71. അവർ പറഞ്ഞു: ഇനി നമുക്കുവേറെ സാക്ഷ്യം എന്തിന്? അവന്റെ നാവിൽനിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.