ലൂക്കാ - 6

സാബത്താചരണത്തെക്കുറിച്ചു തർക്കം

1. ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോൾ അവന്റെ ശിഷ്യൻമാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു.

2. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്?

3. അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?

4. അവൻ ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്തില്ലേ.

5. അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.

സാബത്തിൽ രോഗശാന്തി

6. മറ്റൊരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു.

7. നിയമജ്ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.

8. അവൻ അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക. അവൻ എഴുന്നേറ്റുനിന്നു.

9. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോടു ചോദിക്കുന്നു, സാബത്തിൽ നൻമചെയ്യുന്നതോ തിൻമ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം?

10. അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ട് അവൻ ആ മനുഷ്യനോടു പറഞ്ഞു: കൈനീട്ടുക. അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു.

11. അവർ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.

തെരഞ്ഞെടുക്കുന്നു

12. ആ ദിവസങ്ങളിൽ അവൻ പ്രാർഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടു രാത്രി മുഴുവൻ ചെലവഴിച്ചു.

13. പ്രഭാതമായപ്പോൾ അവൻ ശിഷ്യൻമാരെ അടുത്തു വിളിച്ച് അവരിൽനിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലൻമാർ എന്നു പേരുനൽകി.

14. അവർ, പത്രോസ് എന്ന് അവൻ പേരു നൽകിയ ശിമയോൻ, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ,

15. മത്തായി, തോമസ്, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ,

16. യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് സ്കറിയോത്ത എന്നിവരാണ്.

രോഗികളെ സുഖപ്പെടുത്തുന്നു

17. അവൻ അവരോടുകൂടെ ഇറങ്ങി സമതലത്തിൽ വന്നുനിന്നു. ശിഷ്യൻമാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിയൂദയാ, ജറുസലെം എന്നിവിടങ്ങളിൽനിന്നും ടയിർ, സീദോൻ, എന്നീ തീരപ്രദേശങ്ങളിൽനിന്നും വന്നവലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി.

18. അശുദ്ധാത്മാക്കളാൽ പീഡിതരായവർ സുഖമാക്കപ്പെട്ടു.

19. ജനങ്ങളെല്ലാം അവനെ ഒന്നു സ്പർശിക്കാൻ അവസരം പാർത്തിരുന്നു. എന്തെന്നാൽ, അവനിൽനിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

സുവിശേഷഭാഗ്യങ്ങൾ

20. അവൻ ശിഷ്യരുടെ നേരേ കണ്ണുകളുയർത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; ദൈവരാജ്യം നിങ്ങളുടേതാണ്.

21. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ചിരിക്കും.

22. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ.

23. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചുചാടുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കൻമാർ പ്രവാചകൻമാരോടും ഇപ്രകാരം തന്നെയാണ് പ്രവർത്തിച്ചത്.

24. എന്നാൽ, സമ്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും.

25. ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഃഖിച്ചു കരയും.

26. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കൻമാർ വ്യാജപ്രവാചകൻമാരോടും അങ്ങനെ തന്നെ ചെയ്തു.

തിൻമയെ നൻമകൊണ്ടു ജയിക്കുക

27. എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നൻമചെയ്യുവിൻ;

28. ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.

29. ഒരു ചെകിട്ടത്ത് അടിക്കുവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുവനെ കുപ്പായംകൂടി എടുക്കുന്നതിൽ നിന്നു തടയരുത്.

30. നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോടു തിരിയെ ചോദിക്കരുത്.

31. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ.

32. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തുമേൻമയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.

33. നിങ്ങൾക്കു നൻമ ചെയ്യുന്നവർക്കു നിങ്ങൾ നൻമ ചെയ്യുന്നതിൽ എന്തു മേൻമയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ.

34. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്തു മേൻമയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ?

35. എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവർക്കു നൻമചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രൻമാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.

36. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.

അന്യരെ വിധിക്കരുത്

37. നിങ്ങൾ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും.

38. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങൾക്കും അളന്നു കിട്ടും.

39. അവൻ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാൻ സാധിക്കുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലേ?

40. ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. എന്നാൽ, എല്ലാം പഠിച്ചു കഴിയുമ്പോൾ അവൻ ഗുരുവിനെപ്പോലെ ആകും.

41. നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?

42. സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാൻ എടുത്തു കളയട്ടെ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാൻ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

ഫലത്തിൽനിന്നു വൃക്ഷത്തെഅറിയുക

43. നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും.

44. ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.

45. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നൻമ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിൻമയിൽ നിന്നു തിൻമ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.

ഉറച്ച അടിസ്ഥാനം

46. നിങ്ങൾ എന്നെ കർത്താവേ, കർത്താവേ, എന്നു വിളിക്കുകയും ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്നത് എന്തുകൊണ്ട്?

47. എന്റെ അടുത്തുവന്ന് എന്റെ വചനംകേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവൻ ആർക്കു സദൃശനാണെന്ന് ഞാൻ വ്യക്തമാക്കാം.

48. ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവൻ . വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിൻമേൽ ആഞ്ഞടിക്കുകയും ചെയ്തു. എന്നാൽ ആ വീടിനെ ഇളക്കാൻ കഴിഞ്ഞില്ല; എന്തെന്നാൽ, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു.

49. വചനംകേൾക്കുകയും എന്നാൽ, അതനുസരിച്ചു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഉറപ്പില്ലാത്ത തറമേൽ വീടു പണിതവനു തുല്യൻ. ജലപ്രവാഹം അതിൻമേൽ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകർച്ച വലുതായിരുന്നു.

 ---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------