ലൂക്കാ - 7

ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു

1. യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫർണാമിലേക്കുപോയി.

2. അവിടെ ഒരു ശതാധിപന്റെ ഭൃത്യൻ രോഗം ബാധിച്ച് ആസന്നമരണനായിക്കിടന്നിരുന്നു. അവൻ യജമാനനു പ്രിയങ്കരനായിരുന്നു.

3. ശതാധിപൻ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാൻ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത് അയച്ചു.

4. അവർ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്.

5. എന്തെന്നാൽ, അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു.

6. അവൻ വീടിനോടടുക്കാറായപ്പോൾ ആ ശതാധിപൻ തന്റെ സ്നേഹിതരിൽ ചിലരെ അയച്ച് അവനോടു പറഞ്ഞു: കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല.

7. അങ്ങയെ നേരിട്ടു സമീപിക്കാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും.

8. കാരണം, ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്. ഞാൻ ഒരുവനോടു പോവുക എന്നു പറയുമ്പോൾ അവൻ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോൾ അവൻ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോൾ അവൻ ചെയ്യുന്നു.

9. യേശു ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവൻ പറഞ്ഞു: ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽപോലും ഇതുപോലുളള വിശ്വാസം ഞാൻ കണ്ടിട്ടില്ല.

10. അയയ്ക്കപ്പെട്ടവർ തിരിച്ചുചെന്നപ്പോൾ ആ ഭൃത്യൻ സുഖപ്പെട്ടിരിക്കുന്നതായി കണ്ടു.

നായിനിലെ വിധവയുടെ മകനെപുനർജീവിപ്പിക്കുന്നു

11. അതിനുശേഷം അവൻ നായിൻ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യൻമാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു.

12. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവൻ . പട്ടണത്തിൽനിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു.

13. അവളെക്കണ്ട് മനസ്സലിഞ്ഞ് കർത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ.

14. അവൻ മുന്നോട്ടു വന്ന് ശവമഞ്ചത്തിൻമേൽ തൊട്ടു. അതു വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു:യുവാവേ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കുക.

15. മരിച്ചവൻ ഉടനെ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏൽപിച്ചു കൊടുത്തു

16. എല്ലാവരും ഭയപ്പെട്ടു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

17. അവനെപ്പറ്റിയുള്ള ഈ വാർത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.

സ്നാപകന്റെ ശിഷ്യൻമാർ യേശുവിനെ സമീപിക്കുന്നു

18. ഈ സംഭവങ്ങളെപ്പറ്റിയെല്ലാം യോഹന്നാന്റെ ശിഷ്യൻമാർ അവനെ അറിയിച്ചു. അവൻ ശിഷ്യൻമാരിൽ രണ്ടുപേരെ വിളിച്ച്,

19. വരാനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ വേറൊരുവനെ കാത്തിരിക്കണമോ എന്ന് കർത്താവിനോടു ചോദിക്കാൻ പറഞ്ഞയച്ചു.

20. അവർ അവന്റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവൻ നീ തന്നെയോ അതോ ഞങ്ങൾ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാൻ സ്നാപകയോഹന്നാൻ ഞങ്ങളെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുന്നു.

21. അപ്പോൾ യേശു വളരെപ്പേരെ രോഗങ്ങളിൽനിന്നും പീഡകളിൽനിന്നും അശുദ്ധാത്മാക്കളിൽനിന്നും സുഖപ്പെടുത്തുകയും അനേകം കുരുടൻമാർക്ക് കാഴ്ചകൊടുക്കുകയും ചെയ്തു.

22. അവൻ പറഞ്ഞു: നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടൻമാർ കാണുന്നു; മുടന്തൻമാർ നടക്കുന്നു; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.

23. എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ.

യോഹന്നാനെക്കുറിച്ച് യേശുവിന്റെ സാക്ഷ്യം

24. യോഹന്നാന്റെ ദൂതൻമാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?

25. അല്ലെങ്കിൽ പിന്നെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തിൽ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ.

26. അതുമല്ലെങ്കിൽ, എന്തു കാണാനാണു നിങ്ങൾ പോയത്? പ്രവാചകനെയോ? അതേ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ.

27. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ, നിനക്കുമുമ്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവൻ മുമ്പേ പോയി നിനക്കു വഴിയൊരുക്കും.

28. ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്.

29. ഇതു കേട്ട്, യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു.

30. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞു. ഈ തലമുറയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്?

31. അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്തില്ല;

32. ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിലാപഗാനമാലപിച്ചുവെങ്കിലും നിങ്ങൾ കരഞ്ഞില്ല എന്ന് ചന്തസ്ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവർ.

33. എന്തെന്നാൽ, യോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നു.

34. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്നു നിങ്ങൾ പറയുന്നു.

35. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.

പാപിനിക്കു മോചനം

36. ഫരിസേയരിൽ ഒരുവൻ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടിൽ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.

37. അപ്പോൾ, ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെൺകൽഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു.

38. അവൾ അവന്റെ പിന്നിൽ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു.

39. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻപ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ.

40. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവൻ പറഞ്ഞു.

41. ഒരു ഉത്തമർണ്ണനു രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മറ്റവൻ അമ്പതും ദനാറ കടപ്പെട്ടിരുന്നു.

42. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചു കൊടുത്തു. ആ രണ്ടുപേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക?

43. ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവുചെയ്തോ അവൻ എന്നു ഞാൻ വിചാരിക്കുന്നു. അവൻ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.

44. അനന്തരം യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകുവാൻ നീ എനിക്കുവെള്ളം തന്നില്ല. എന്നാൽ, ഇവൾ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു.

45. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ, ഞാനിവിടെ പ്രവേശിച്ചതുമുതൽ എന്റെ പാദങ്ങൾ ചുംബിക്കുന്നതിൽനിന്ന് ഇവൾ വിരമിച്ചിട്ടില്ല.

46. നീ എന്റെ തലയിൽ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളിൽ സുഗന്ധതൈലം പൂശിയിരിക്കുന്നു.

47. അതിനാൽ, ഞാൻ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു. ആരോട് അൽപം ക്ഷമിക്കപ്പെടുന്നുവോ അവൻ അൽപം സ്നേഹിക്കുന്നു.

48. അവൻ അവളോടു പറഞ്ഞു: നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.

49. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ പരസ്പരം പറയാൻ തുടങ്ങി: പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആരാണ്?

50. അവൻ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------