ലൂക്കാ 16

അവിശ്വസ്തനായ കാര്യസ്ഥൻ
1. യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന്യജമാനനു പരാതി ലഭിച്ചു.
2. യജമാനൻ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല.
3. ആ കാര്യസ്ഥൻ ആത്മഗതം ചെയ്തു:യജമാനൻ കാര്യസ്ഥത എന്നിൽ നിന്ന് എടുത്തുകളയുന്നതിനാൽ ഞാൻ ഇനി എന്തുചെയ്യും? കിളയ്ക്കാൻ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാൻ ലജ്ജ തോന്നുന്നു.
4. എന്നാൽ, യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തു കളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.
5. യജമാനനിൽനിന്നു കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്?
6. അവൻ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക.
7. അനന്തരം അവൻ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറു കോർ ഗോതമ്പ്. അവൻ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എൺപതുകോർ എന്നു തിരുത്തിയെഴുതുക.
8. കൗശലപൂർവം പ്രവർത്തിച്ചതിനാൽ നീതിരഹിതനായ കാര്യസ്ഥനെയജമാനൻ പ്രശംസിച്ചു. എന്തെന്നാൽ, ഈയുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്.
9. ഞാൻ നിങ്ങളോടു പറയുന്നു. അധാർമിക സമ്പത്തുകൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ. അതു നിങ്ങളെകൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും.
10. ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും.
11. അധാർമിക സമ്പത്തിന്റെ കാര്യത്തിൽ വിശ്വസ്തരായിരിക്കുന്നില്ലെങ്കിൽയഥാർഥധനം ആരു നിങ്ങളെ ഏൽപിക്കും?
12. മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ, നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കുതരും?
13. ഒരു ഭൃത്യനു രണ്ടുയജമാനൻമാരെ സേവിക്കുവാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റ വനെ സ്നേഹിക്കുകയുംചെയ്യും. അല്ലെങ്കിൽ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്കു കഴിയുകയില്ല.
14. പണക്കൊതിയരായ ഫരിസേയർ ഇതെല്ലാം കേട്ടപ്പോൾ അവനെ പുച്ഛിച്ചു.
15. അവൻ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പിൽ നിങ്ങൾ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉത്കൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്.
16. നിയമവും പ്രവാചകൻമാരും യോഹന്നാൻ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു.
17. നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാൾ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ്.
18. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

ധനവാനും ലാസറും
19. ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു.
20. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു.
21. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾവന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു.
22. ആദരിദ്രൻമരിച്ചു. ദൈവദൂതൻമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു.
23. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു.
24. അവൻ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ കനിയേണമേ! തന്റെ വിരൽത്തുമ്പു വെള്ളത്തിൽ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാൻ ഈ അഗ്നിജ്വാലയിൽക്കിടന്ന്യാതനയനുഭവിക്കുന്നു.
25. അബ്രാഹം പറഞ്ഞു: മകനേ, നീ ഓർമിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.
26. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല.
27. അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.
28. എനിക്ക് അഞ്ചു സഹോദരൻമാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവൻ അവർക്കു സാക്ഷ്യം നൽകട്ടെ.
29. അബ്രാഹം പറഞ്ഞു: അവർക്കു മോശയും പ്രവാചകൻമാരും ഉണ്ടല്ലോ. അവരുടെ വാക്കു കേൾക്കട്ടെ.
30. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരിൽ ഒരുവൻ ചെന്നു പറഞ്ഞാൽ അവർ അനുതപിക്കും.
31. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകൻമാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല.