ആമുഖം

മാനവജീവിതത്തെയും ചരിത്രത്തെയും ബൈബിള്‍പോലെ സ്വാധീനിച്ച കൃതികള്‍ വേറെയില്ല. ദൈവത്തിന്‍റെ അക്ഷയമായ കാരുണ്യത്തിന്‍റെയും അചഞ്ചലമായ വിശ്വസ്‌തതയുടെയും അത്യുദാരമായ സ്‌നേഹത്തിന്‍റെയും കരങ്ങളില്‍ സംവഹിക്കപ്പെട്ട മനുഷ്യന്‍റെ നിത്യദീപ്‌തമായ ചിത്രം ബൈബിളില്‍ അനാവരണം ചെയ്യുന്നു. മനുഷ്യചരിത്രം ഏകലക്ഷ്യോന്‍മുഖമായി വികാസം പ്രാപിക്കുന്നത്‌ ബൈബിളില്‍ കാണാം. ദൈവഹിതത്തിനു തന്നെത്തന്നെ സമര്‍പ്പിക്കുന്നതിലൂടെ മനുഷ്യന്‍ നേടുന്ന സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും നിറഞ്ഞ സൗന്ദര്യമാണ്‌ ഇവിടെ വെളിപ്പെടുന്നത്‌.

അനന്തമായ കാരുണ്യത്താല്‍ ദൈവം സൃഷ്‌ടി നടത്തി. ആദിയില്‍ അവിടുന്ന്‌ ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. സ്വന്തം രൂപത്തില്‍ മനുഷ്യനു ജന്‍മം നല്‍കി. എന്നാല്‍, സൃഷ്‌ടിയുടെ മകുടമായ മനുഷ്യന്‍ ദൈവത്തെപ്പോലെ ആകാമെന്ന പ്രലോഭനത്തിനു വഴങ്ങി അവിടുത്തെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. അതോടെ ലോകത്തില്‍ തിന്‍മ കടന്നുകൂടി. പാപത്തില്‍ കുടുങ്ങിയ മനുഷ്യനെ രക്ഷിക്കാന്‍ കരുണാമയനായ ദൈവം നിശ്ചയിച്ചു. അതിനുവേണ്ടിയാണ്‌ അവിടുന്ന്‌ അബ്രാഹത്തെ തിരഞ്ഞെടുത്തത്‌. അവന്‍റെ സന്തതിയിലൂടെ സകല ജനതകളെയും തന്നിലേക്ക്‌ അടുപ്പിക്കുകയെന്നതായിരുന്നു അവിടുത്തെ പദ്ധതി (ഉത്‌പ 22,18). ദൈവപുത്രനും അബ്രാഹത്തിന്‍റെ സന്തതിയുമായ യേശുവിലൂടെയാണ്‌ ഈ പദ്ധതി പൂര്‍ത്തിയാകുന്നത്‌. യേശുവില്‍ ഫലണിയുന്ന രക്ഷയുടെ ചരിത്രമാണ്‌ ബൈബിളിന്‍റെ ഇതിവൃത്തം.

ബൈബിളിനു രണ്ടു ഭാഗങ്ങളുണ്ട് - പഴയ നിയമവും പുതിയ നിയമവും. അബ്രാഹത്തില്‍ നിന്നു ജന്‍മംകൊണ്ട ഇസ്രയേല്‍ജനത്തിന്‍റെ ചരിത്രമാണ്‌ പഴയനിയമം. യേശുവിന്‍റെ ജീവിതവും മരണവും മഹത്വീകരണവും അടങ്ങുന്ന "ക്രിസ്‌തുസംഭവ"വും യേശുവില്‍ നിന്ന്‌ ആരംഭിക്കുന്ന പുതിയ ഇസ്രയേലായ സഭയുടെ ചരിത്രവും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. രക്ഷചരിത്രത്തിന്‍റെ കേന്ദ്രബിന്ദുവായ ക്രിസ്‌തുവിലൂടെ മാനവസമൂഹത്തിന്‍റെ സമ്പൂര്‍ണവിമോചനം സാധിതമായി.

ദൈവനിവേശിത ഗ്രന്ഥം

ദൈവാത്മാവിന്‍റെ പ്രചോദനത്താലും നിരന്തരസഹായത്താലും രചിക്കപ്പെട്ടതായതുകൊണ്ട് ബൈബിള്‍ ദൈവനിവേശിതമാണ്‌. ബൈബിള്‍ ദൈവവചനമാണ്‌ - മനുഷ്യരക്ഷയ്‌ക്കുവേണ്ടി ദൈവം നല്‍കുന്ന സന്ദേശം. ഇതു തെറ്റുകൂടാതെയും പൂര്‍ണമായും എഴുതാന്‍ ദൈവം ചില വ്യക്തികളെ തെരഞ്ഞെടുത്ത്‌ അവര്‍ക്കു പ്രചോദനവും പ്രകാശവും നല്‍കി. എന്നാല്‍, വെറും യാന്ത്രികമായ ഉപകരണങ്ങളല്ല അവര്‍. മറ്റേതു ഗ്രന്ഥകര്‍ത്താവിനെയുംപോലെ ഇവരും സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനത്തിനു വിധേയരായിരുന്നു. തങ്ങളുടെ സാംസ്‌കാരികവും സാമൂഹ്യവും സാഹിത്യപരവുമായ സവിശേഷതകള്‍ പരിരക്ഷിച്ചുകൊണ്ട് അവയിലൂടെ ദൈവത്തിന്‍റെ സന്ദേശം തെറ്റുകൂടാതെ രേഖപ്പെടുത്തുന്നതിന്‌ അവര്‍ക്കു വരം ലഭിച്ചു. അങ്ങനെ ദൈവവചനം മനുഷ്യന്‍റെ വാക്കുകളില്‍ ലിഖിതമായി.

ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളില്‍ ബൈബിള്‍ പ്രമാദരഹിതമാണ്‌. ശാസ്‌ത്രം പ്രദാനംചെയ്യുന്ന പുതിയ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ബൈബിളില്‍ ചില പരാമര്‍ശങ്ങളുടെയും വിവരങ്ങളുടെയും പ്രസക്തിയെപ്പറ്റി സംശയം ജനിച്ചേക്കാം. ഭൗതികചരിത്രവും നിരീക്ഷണപരീക്ഷണങ്ങള്‍ക്കു വിധേയമായ ശാസ്‌ത്രസത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്‍റെ ലക്ഷ്യം. അതതു കാലങ്ങളില്‍ നിലവിലിരുന്ന പ്രപഞ്ചസങ്കല്‌പങ്ങളുടെയും രചനാരൂപങ്ങളുടെയും സഹായത്തോടെ രക്ഷാചരിത്രം അവതരിപ്പിക്കുകയും രക്ഷാമാര്‍ഗം നിര്‍ദേശിക്കുകയും മാത്രമാണ്‌ ബൈബിള്‍ ചെയ്യുന്നത്‌.

പ്രാമാണിക ഗ്രന്ഥങ്ങള്‍

ദെവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച്‌ വിശ്വാസികളുടെ സമൂഹത്തിനു നേതൃത്വം നല്‍കുന്നവര്‍ പ്രാമാണികമായി അംഗീകരിക്കുന്ന ഗ്രന്ഥത്തെ "കാനോനിക‘ ഗ്രന്ഥമെന്നു വിളിക്കുന്നു. ക്രി.വ. 80-100 ല്‍ നടന്ന യാമ്‌നിയസമ്മേളനത്തില്‍വച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌. ഹെബ്രായഭാഷയിലുണ്ടായിരുന്ന ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളൂ. ഗ്രീക്ക്‌ - അരമായഭാഷകളിലുള്ളതും പല യഹൂദസമൂഹങ്ങളും ബൈബിളിന്‍റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റു ഗ്രന്ഥങ്ങള്‍ അവര്‍ അപ്രാണികമായി തള്ളി. കത്തോലിക്കര്‍ ഒഴികെയുള്ള ക്രൈസ്‌തവസമൂഹങ്ങള്‍ യഹൂദനിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങള്‍ക്കു പുറമേ "ഉത്തര കാനോനികഗ്രന്ഥങ്ങള്‍‘ എന്ന്‌ അറിയപ്പെടുന്ന തോബിത്‌, യൂദിത്ത്‌, ജ്‌ഞാനം, പ്രഭാഷകര്‍, ബാറൂക്ക്‌, 1, 2 മക്കബായര്‍, ദാനിയേലിന്‍റെ ചില ഭാഗങ്ങള്‍ (3, 24-90; 13-14), എസ്‌തേര്‍ (11-16) എന്നിവകൂടി പ്രാമാണികമായി ത്രെന്തോസ്‌ സൂനഹദോസ്‌ തീര്‍പ്പുകല്‍പ്പിച്ചു (1546). അങ്ങനെ പഴയ നിയമത്തില്‍ നാല്‍പ്പത്തിയഞ്ചും പുതിയനിയമത്തില്‍ ഇരുപത്തിയേഴും ഗ്രന്ഥങ്ങള്‍ കാനോനികമായി കത്തോലിക്കാസഭ അംഗീകരിച്ചു. ജെറെമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ പില്‍ക്കാലത്ത്‌ ഒരു വ്യത്യസ്‌തഗ്രന്ഥമായി എണ്ണപ്പെട്ടു. അങ്ങനെ ബൈബിളില്‍ മൊത്തെ എഴുപത്തിമൂന്നു ഗ്രന്ഥങ്ങള്‍ ഉണ്ട്‌.

പാരമ്പര്യങ്ങള്‍ - രചനാരൂപങ്ങള്‍

ബൃഹത്തായ ഈ ഗ്രന്ഥസമാഹാരം ആയിരത്തിലേറെ വര്‍ഷംകൊണ്ടാണ്‌ (ക്രി. മു. 1200 - ക്രി.വ. 100) വിരചിതമായത്‌. ഇവയില്‍ ഏറിയപങ്കും ആദ്യം വാചികപാരമ്പര്യങ്ങളായി സമൂഹത്തില്‍ പരിരക്ഷിക്കപ്പെട്ടുപോന്നു. ഈ പാരമ്പര്യങ്ങള്‍ കൂട്ടിയിണക്കിയാണ്‌ പിന്നീട്‌ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌. ഉദാഹരണത്തിന്‌ പഞ്ചഗ്രന്ഥിയില്‍ യാഹ്‌വിസ്റ്റ്‌ (ഖ) എലോഹിസ്റ്റ്‌ (ഋ) പ്രീസ്റ്റ്‌ലി (ജ) ഡെവുട്രോണമിസ്റ്റ്‌ (ഉ) എന്നിങ്ങനെ പ്രധാനമായും നാലു പാരമ്പര്യങ്ങളുടെ സമന്വയം നടന്നതായി സൂചനകളുണ്ട്‌. ഒരേ സംഭവത്തെക്കുറിച്ച്‌ വ്യത്യസ്‌ത വിവരങ്ങള്‍ കാണുന്നത്‌ വിവിധ പാരമ്പര്യങ്ങള്‍ മൂലമാണ്‌. വിവിധ കാലഘട്ടങ്ങളില്‍ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളില്‍ പല രചനാരൂപങ്ങള്‍ ദൃശ്യമാണ്‌ - വിശ്വാസത്തിന്‍റെ വെളിച്ചത്തിലുള്ള ചരിത്രാഖ്യാനം, ഇതിഹാസരൂപമായ വിവരണങ്ങള്‍, കഥകള്‍, ഉപമകള്‍, ഗീതങ്ങള്‍, പഴഞ്ചൊല്ലുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ. ഗ്രന്ഥകാരന്‍റെ ഉദ്ദേശ്യവും അതിലൂടെ ബൈബിളിന്‍റെ സന്ദേശവും ഗ്രഹിക്കുന്നതിന്‌ വൈവിധ്യമാര്‍ന്ന ഈ രചനാരൂപങ്ങള്‍ വേര്‍തിരിച്ചറിയുക ആവശ്യമാണ്‌. മാനുഷികമാധ്യമങ്ങളിലൂടെയാണ്‌ ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്‌. മാധ്യമങ്ങളുടെ അപര്യാപ്‌തത ദൈവവചനത്തിന്‍റെ അവ്യക്തതായി കരുതരുത്‌. ദൈവാവിഷ്‌കരണത്തിന്‍റെ ചരിത്രത്തിലും വളര്‍ച്ച ദൃശ്യമാണ്‌.

പഴയ നിയമഗ്രന്ഥങ്ങള്‍

യഹൂദ പാരമ്പര്യമനുസരിച്ച്‌ പഴയനിയമഗ്രന്ഥങ്ങളെ നിയമം (തോറ) പ്രവാചകന്മാര്‍ (നബിയിം) ലിഖിതങ്ങള്‍ (ക്‌ത്തൂബിം) എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്. ഉത്‌പത്തി മുതല്‍ നിയമാവര്‍ത്തനം വരെയുള്ള അഞ്ചു ഗ്രന്ഥങ്ങളാണ്‌ നിയമം. ജോഷ്വാ, ന്യായാധിപന്‍മാര്‍, സാമുവലിന്‍റെയും രാജാക്കന്മാരുടെയും പുസ്‌തകങ്ങള്‍ എന്നിവ മുന്‍കാലപ്രവാചകന്മാര്‍ എന്നപേരിലും പ്രവാചകവിഭാഗത്തില്‍പ്പെടുന്നു. ഹെബ്രായ കാനന്‍ അനുസരിച്ച്‌ ശേഷിക്കുന്ന പതിനൊന്നു ഗ്രന്ഥങ്ങളാണ്‌ "ലിഖിതങ്ങള്‍‘ എന്ന പേരിലറിയപ്പെടുന്നത്‌. ഇതിലുള്‍പ്പെടാത്ത കാനോനികഗ്രന്ഥങ്ങള്‍കൂടി കണക്കിലെടുത്ത്‌ ക്രൈസ്‌തവര്‍ പഴയനിയമഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നു പൊതുവേ മൂന്നായി തിരിക്കുന്നു. ഗ്രന്ഥങ്ങളുടെ പൊതുവായ സ്വഭാവവും പഠനത്തിനുള്ള സൗകര്യവും കണക്കിലെടുത്തുള്ള ഒരു വിഭജനം മാത്രമാണിത്‌. ചരിത്രവും പ്രവചനവും പ്രബോധനവും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും, മിക്ക ഗ്രന്ഥങ്ങളിലും ദൃശ്യമാണെന്നു പറഞ്ഞുകൊള്ളട്ടെ.

ചരിത്രപരം

പഞ്ചഗ്രന്ഥിയെന്നറിയപ്പെടുന്ന ഉത്‌പത്തി, പുറപ്പാട്‌, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നിവയും ജോഷ്വ, ന്യായാധിപന്‍, റൂത്ത്‌, 1,2 സാമുവല്‍, 1,2 രാജാക്കന്മാര്‍, 1,2 ദിനവൃത്താന്തങ്ങള്‍, എസ്രാ, നെഹെമിയ, തോബിത്‌, യൂദിത്ത്‌, എസ്‌തേര്‍, 1,2 മക്കബായര്‍ എന്നിവയുമാണ്‌ ചരിത്രപരമായ ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്‌. പഞ്ചഗ്രന്ഥിക്ക്‌ അതില്‍ത്തന്നെ ഒരു പൂര്‍ണതയുണ്ട്‌. ഉത്‌പത്തിയുടെ ആദ്യത്തെ പതിനൊന്ന്‌ അധ്യായങ്ങള്‍ ബൈബിളിലെ രക്ഷാകരചരിത്രത്തിന്‌ ഒരു ആമുഖമായി കണക്കാക്കാവുന്നതാണ്‌. ലോകസൃഷ്‌ടി, മനുഷ്യന്‍റെ ഉദ്‌ഭവം, രക്ഷാകരപദ്ധതി ആവശ്യകമാക്കിത്തീര്‍ത്ത തിന്‍മയുടെ ആവിര്‍ഭാവം തുടങ്ങിയവയുടെ വിവരണമടങ്ങുന്ന പഞ്ചഗ്രന്ഥി ചരിത്രപൂര്‍വഘട്ടത്തെ പ്രതിപാദിക്കുന്നു. രക്ഷാകരപദ്ധതിയുടെ വ്യക്തമായ ആരംഭംകുറിക്കുന്ന അബ്രാഹത്തിന്‍റെ തിരഞ്ഞെടുപ്പുമുതല്‍ ഇസ്രായേല്‍മക്കള്‍ ഈജിപ്‌തിലെത്തുന്നതുവരെയുള്ള പൂര്‍വപിതാക്കന്മാരുടെ ചരിത്രമാണ്‌ പന്ത്രണ്ടുമുതല്‍ അമ്പതുവരെയുള്ള അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നത്‌. ഇസ്രായേല്‍ജനത്തെ ഈജിപ്‌തില്‍നിന്ന്‌ അത്‌ഭുതാവഹമായി മോചിപ്പിച്ച്‌ അബ്രാഹത്തോടു വാഗ്‌ദാനംചെയ്‌തിരുന്ന ദേശത്തിന്‍റെ കവാടത്തിലെത്തിക്കുന്നതുവരെയുള്ള സംഭവപരമ്പരകളാണ്‌ മറ്റു നാലു ഗ്രന്ഥങ്ങളില്‍ കാണുന്നത്‌. ജോഷ്വായുടെ നേതൃത്വത്തില്‍ വാഗ്‌ദത്തഭൂമിയില്‍ പ്രവേശിച്ചതുമുതല്‍ ഇസ്രയേല്‍ജനം ബാബിലോണ്‍ പ്രവാസത്തിലാകുന്നതുവരെയുള്ള ചരിത്രത്തിന്‍റെ ആഖ്യാനമാണ്‌ ജോഷ്വമുതല്‍ ദിനവൃത്താന്തങ്ങള്‍വരെയുള്ള ഗ്രന്ഥങ്ങള്‍. പ്രവാസത്തില്‍ നിന്നു തിരിച്ചുവന്നതുമുതല്‍ മക്കബായ വിപ്ലവം വരെയുള്ള വൃത്താന്തങ്ങളാണ്‌ ശേഷിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

ചരിത്രപരമായ ഗ്രന്ഥങ്ങളിലെ "ചരിത്ര"ത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്‌ചപ്പാട്‌ ആവശ്യമാണ്‌. സംഭവങ്ങളുടെ കാലാനുഗതവും യഥാതഥവുമായ വിവരണമെന്നതിനെക്കാള്‍ ഇസ്രായേലിന്‍റെ ദൈവാനുഭവത്തിന്‍റെയും രക്ഷാകര പദ്ധതിയെക്കുറിച്ചുള്ള വീക്ഷണത്തിന്‍റെയും വെളിച്ചത്തിലുള്ള ചരിത്രാപഗ്രഥനമാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌. ദൈവം ഇസ്രയേലിനെ തിരഞ്ഞെടുത്ത്‌ അവരുമായി ഉടമ്പടിചെയ്‌ത്‌ അവരെ തന്‍റെ സ്വന്തം ജനമാക്കി. അവര്‍ അവിടുത്തെ പരിത്യജിച്ച്‌ അന്യദേവന്‍മാരുടെ പിറകെപോയി തിന്‍മയില്‍ മുഴുകി. ശിക്ഷയായി അവിടുന്ന്‌ അവരെ ശത്രുകരങ്ങളിലേല്‍പിച്ചു. അവര്‍ അനുതപിച്ചപ്പോള്‍ അവിടുന്ന്‌ അവരെ രക്ഷിച്ച്‌ പൂര്‍വസ്ഥിതിയിലാക്കി. അവിശ്വസ്‌തത - ശിക്ഷ - രക്ഷ - ഈ ക്രമത്തിലാണ്‌ ഇസ്രായേലിന്‍റെ ചരിത്രം മുഴുവന്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. മറ്റു ജനതകളുടെ സാമീപ്യം, വിഗ്രഹാരാധനയും മറ്റു ദുരാചാരങ്ങളും വിളിച്ചുവരുത്തി ജനത്തെ സത്യദൈവത്തില്‍നിന്നു വ്യതിചലിപ്പിക്കും. രക്ഷ തങ്ങളുടെ സ്വന്തമെന്ന ഇസ്രായേലിന്‍റെ അവകാശവാദവും മറ്റു ജനതകളോടുള്ള ശത്രുതാമനോഭാവവും ഈ പശ്ചാത്തലത്തില്‍ വേണം മനസ്‌സിലാക്കാന്‍. ചുരുക്കത്തില്‍ ചരിത്രം രക്ഷാചരിത്രമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌

പ്രവചനപരമായ ഗ്രന്ഥങ്ങള്‍

ഏശയ്യാ, ജെറെമിയ, എസെക്കിയേല്‍, ദാനിയേല്‍ എന്നീ വലിയ പ്രവാചകന്‍മാരും പന്ത്രസ്റു ചെറിയ പ്രവാചകന്‍മാരും, വിലാപങ്ങള്‍, ബാറൂക്ക്‌ എന്നിവയും ആണ്‌ പ്രവചനപരമായ ഗ്രന്ഥങ്ങള്‍. എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധംമുതല്‍ അഞ്ചാംനൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധംവരെയാണ്‌ പ്രവാചകന്മാരുടെ കാലമായി പൊതുവേ പരിഗണിക്കപ്പെടുന്നത്‌. ആമോസും ഹോസിയായും ഉത്തരരാജ്യമായ ഇസ്രായേലില്‍ പ്രസംഗിച്ചു. മറ്റുള്ളവരെല്ലാം യൂദായിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സ്വന്തംപേരില്‍ പുസ്‌തകങ്ങളില്ലാത്ത ധാരാളം പ്രവാചകന്‍മാരും ഇസ്രായേലില്‍ ഉണ്ടായിരുന്നു. പ്രവാചകന്‍മാര്‍ പൊതുവേ എഴുത്തുകാരായിരുന്നില്ല. പല അവസരങ്ങളിലായി അവര്‍ പ്രഘോഷിച്ച വസ്‌തുതകള്‍ ശിഷ്യന്‍മാരാണ്‌ ശേഖരിച്ച്‌ ഗ്രന്ഥരൂപത്തിലാക്കിയത്‌. പ്രവാചകന്‍മാരെ വലിയവരെന്നും ചെറിയവരെന്നും തിരിച്ചിരിക്കുന്നത്‌ അവരുടെ പേരിലുള്ള ഗ്രന്ഥങ്ങളുടെ വലിപ്പച്ചെറുപ്പത്തെ ആസ്‌പദമാക്കി മാത്രമാണ്‌.

രാജാക്കന്‍മാരുടെ കാലത്ത്‌ ഇസ്രായേലിന്‌ ബാഹ്യശത്രുക്കളില്‍നിന്നുള്ള ഭീഷണികള്‍ക്ക്‌ അറുതിയുണ്ടായി; രാജ്യത്ത്‌ സമ്പദ്‌സമൃദ്ധിയുമുണ്ടായി; കേന്ദ്രീകൃതമായ ആരാധനയും സംസ്ഥാപിതമായി. എന്നാല്‍ ഇത്‌ ദൈവത്തോടുള്ള വിശ്വസ്‌തത വളര്‍ത്തുന്നതിനുപകരം അതിനെ കെടുത്തുകയാണ്‌ ചെയ്‌തത്‌. രാജാവും രാജാവിന്‍റെ തണലില്‍ വളര്‍ന്നുവന്ന ഒരു സമ്പന്നവിഭാഗവും മറ്റ്‌ ഇസ്രായേല്‍ സഹോദരങ്ങളെ ചൂഷണം ചെയ്യാന്‍ തുടങ്ങി. അന്യജനതകളുടെ ദേവന്‍മാരും ആചാരങ്ങളും സാവധാനം ഇസ്രായേല്‍ക്കാരെയും സ്വാധീനിച്ചു. അവര്‍ വിഗ്രഹാരാധനയിലും അധാര്‍മികതയിലും മുഴുകി. ഇസ്രായേലിലെ ആരാധനാവിധികളും കാപട്യത്തിന്‍റെയും ചൂഷണത്തിന്‍റെയും മാധ്യമങ്ങളായി മാറി. ഇങ്ങനെ കര്‍ത്താവിനെ മറന്നു പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നവരെ അവിടുത്തെ സന്ദേശം അറിയിക്കാനും തിരിച്ചുകൊണ്ടുവരാനും നിയുക്തരായവരാണ്‌ പ്രവാചകന്‍മാര്‍. ഇസ്രായേലിലെ ഭൗതികനേതൃത്വത്തിനു സമാന്തരമായ ഒരു ആധ്യാത്മിക നേതൃത്വമാണ്‌ പ്രവാചകന്‍മാര്‍ നല്‍കിയിരുന്നത്‌.

കര്‍ത്താവിന്‍റെ വക്താക്കളാണ്‌ പ്രവാചകന്‍മാര്‍. അവിടുത്തെ ദൃഷ്‌ടിയിലൂടെ ചരിത്രത്തെ വീക്ഷിച്ച അവര്‍ ജനത്തെ സമഗ്രമായ പരിവര്‍ത്തനത്തിന്‌ ആഹ്വാനം ചെയ്‌തു. സമൂഹത്തില്‍ നടമാടിയ വിഗ്രഹാരാധനയും കപടഭക്തിയും അനീതിയും അവരുടെ നിശിത വിമര്‍ശനത്തിനിരയായി. പശ്ചാത്തപച്ചില്ലെങ്കില്‍ ശിക്ഷയുണ്ടാകുമെന്നു ദൈവം ശക്തമായ താക്കീതു നല്‍കി. പശ്ചാത്താപത്തിലേക്കു നയിക്കാനായി ശിക്ഷിക്കുന്ന ദൈവം മാനവകുലത്തിന്‍റെ രക്ഷകനുമാണ്‌. അവിടുന്ന്‌ നല്‍കാന്‍പോകുന്ന രക്ഷയെക്കുറിച്ചും അയയ്‌ക്കാന്‍പോകുന്ന രക്ഷകനെക്കുറിച്ചുമുള്ള വാഗ്‌ദാനങ്ങള്‍ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും കാണാം. ഇസ്രായേലിന്‍റെ ഈശ്വരാവബോധത്തെ സ്‌ഫുടം ചെയ്‌തത്‌ പ്രവാചകന്‍മാരാണ്‌. നീതിമാനും കാരുണ്യമൂര്‍ത്തിയുമായ കര്‍ത്താവിന്‍റെ യഥാര്‍ഥചിത്രം വരച്ചുകാട്ടി ദൈവഹിതത്തിനനുസൃതമായ ജീവിതം നയിക്കാന്‍ ജനത്തെ ആഹ്വാനം ചെയ്യുകയായിരുന്നു പ്രവാചകന്‍മാര്‍.

നിശ്ചിതാര്‍ത്ഥത്തില്‍ പ്രവചനഗ്രന്ഥങ്ങളല്ലെങ്കിലും വിലാപങ്ങളും ബാറൂക്കും പ്രവചനപരമായാണ്‌ പരമ്പരാഗതമായി കണക്കാക്കുന്നത്‌. വിലാപങ്ങള്‍ ജറെമിയായുടെ ഭാഗമായി ആദ്യം കരുതിപ്പോന്നു. ജറെമിയ പ്രവചിച്ചിരുന്നതുപോലെ രാജ്യവും വിശുദ്ധ നഗരവും നിലംപതിച്ചു. നഗരത്തിന്‍റെയും ദേവാലയത്തിന്‍റെയും നഷ്‌ടശിഷ്‌ടങ്ങളും ജനത്തിന്‍റെ ദുഃസ്ഥിതിയും കണ്ട് ഹൃദയംനൊന്ത്‌ ഉദ്‌ഗമിച്ച വിലാപങ്ങളാണ്‌ അവ. ഇന്ന്‌ അതിനെ ഒരു വ്യത്യസ്‌തഗ്രന്ഥമായി കണക്കാക്കുന്നു. ബാറൂക്ക്‌ ജറെമിയായുടെ ശിഷ്യനായിരുന്നു. പ്രവാസികളുടെ ഒരു ഏറ്റുപറച്ചില്‍, വിജ്‌ഞാനത്തെക്കുറിച്ച്‌ ഒരു സ്‌തുതിഗീതം, ജറുസലെമിനെ ആശ്വസിപ്പിച്ചുകൊണ്ടുളള ഗീതങ്ങള്‍, വിഗ്രഹാരാധനയുടെ മൗഢ്യം തുറന്നുകാട്ടിക്കൊണ്ടുള്ള ജറെമിയായുടെ ഒരു കത്ത്‌ എന്നിവയുടെ ഒരു സമാഹാരമാണ്‌ ബാറൂക്ക്‌.

പ്രബോധനപരം

ജോബ്‌, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാപ്രസംഗകന്‍, ഉത്തമഗീതം, ജ്ഞാനം, പ്രഭാഷകന്‍ എന്നീ ഗ്രന്ഥങ്ങളാണ്‌ പ്രബോധനപരം എന്നു കണക്കാക്കുന്നത്‌. . ഇവയെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. മനുഷ്യന്‍റെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളുടെ ചുരുളഴിവ്‌, അവയ്‌ക്ക്‌ ഉത്തരം കാണാനുള്ള തീവ്രയത്‌നം ഇവയാണ്‌ ജോബ്‌, സഭാപ്രസംഗകന്‍ എന്നീ ഗ്രന്ഥങ്ങളിലുള്ളത്‌. സങ്കീര്‍ത്തനങ്ങള്‍ ആരാധനാതലത്തില്‍ രൂപംകൊണ്ട ഗീതങ്ങളാണ്‌. സര്‍വാധിപനായ ദൈവത്തിന്‍റെ മുമ്പില്‍ സ്‌തുതിയും കൃതജ്ഞതയും അര്‍പ്പിക്കുകയും പാപങ്ങള്‍ക്കു മോചനവും വിപദ്‌ഘട്ടങ്ങളില്‍ സഹായവും യാചിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ മതാത്‌മകവികാരങ്ങളാണ്‌ സങ്കീര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത്‌. പരിശുദ്ധമായ പ്രണയബന്ധത്തിന്‍റെ ഭാഷയില്‍ ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിന്‌ ഉണര്‍വു നല്‍കാനുള്ള ശ്രമമാണ്‌ ഉത്തമഗീതം. സുഭാഷിതങ്ങള്‍, ജ്‌ഞാനം, പ്രഭാഷകന്‍ എന്നിവ മനുഷ്യജീവിതത്തിന്‍റെ വിവിധാംശങ്ങളില്‍ ധാര്‍മികചിന്തയോടും പക്വതയോടുംകൂടെ വ്യാപരിക്കാനാവശ്യമായ ഉള്‍ക്കാഴ്‌ച നല്‍കുന്ന ചിന്താശകലങ്ങളുടെ സമാഹാരങ്ങളാണ്‌. പരസ്‌പരബന്ധമില്ലെന്നു തോന്നിയേക്കാമെങ്കിലും ഈ ചിന്താശകലങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ ഒരു ജീവിതദര്‍ശനവും ആഴമേറിയ അനുഭവസമ്പത്തും ദൃശ്യമാണ്‌.

സങ്കീര്‍ത്തനങ്ങളിലും ജ്‌ഞാനം, പ്രഭാഷകന്‍ എന്നിവയുടെ ചില ഭാഗങ്ങളിലുമൊഴികെ, പ്രബോധനഗ്രന്ഥങ്ങളില്‍ ഇസ്രായേല്‍ചരിത്രത്തിന്‍റെയോ സാമൂഹികജീവിതത്തിന്‍റെയോ സ്‌പന്ദനങ്ങള്‍ അധികം അനുഭവപ്പെടുന്നില്ല. സമൂഹത്തേക്കാള്‍ വ്യക്തികള്‍ക്കാണ്‌ ഇവയില്‍ ഊന്നല്‍കൊടുക്കുന്നത്‌. സമഗ്രമായ വ്യക്തിത്വത്തിന്‍റെ വികാസത്തിനും പൂര്‍ണതയ്‌ക്കും ഉതകുന്ന മാര്‍ഗനിര്‍ദേശങ്ങളാണ്‌ ഈ ഗ്രന്ഥങ്ങളില്‍ മുഖ്യമായി പ്രതിപാദിക്കുന്നത്‌. ഇതുകൊണ്ടുതന്നെയാണ്‌ "പ്രബോധനപരം‘ എന്ന വിശേഷണം ഇവയ്‌ക്കെല്ലാം ചേരുന്നത്‌. ഈ പ്രബോധനപാരമ്പര്യം ഇസ്രായേലില്‍ മാത്രമല്ല നിലവിലിരുന്നത്‌. ഈജിപ്‌തിലും മെസപ്പൊട്ടാമിയായിലും മറ്റു പല സംസ്‌കാരങ്ങളിലും ഇത്തരം സമാഹാരങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായ തെളിവുകള്‍ ഇന്നു ലഭ്യമാണ്‌. ഇവയുടെ സ്വാധീനം കുറെയെങ്കിലും ഇസ്രായേലിന്‍റെ പ്രബോധനപാരമ്പര്യങ്ങളില്‍ നിഴലിക്കുന്നുണ്ട്‌.

ദൈവം തന്‍റെ അനന്തമായ ജ്‌ഞാനത്താല്‍ പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സൃഷ്‌ടവസ്‌തുക്കളില്‍ ഒളിഞ്ഞുകിടക്കുന്ന ദൈവികജ്‌ഞാനത്തെയും ദൈവിക പദ്ധതിയെയും അറിഞ്ഞ്‌ അവയ്‌ക്കനുസരിച്ച്‌ സ്വജീവിതം കരുപ്പിടിപ്പിക്കുന്നവനാണ്‌ ജ്‌ഞാനി. ഇതൊന്നും ഗണ്യമാക്കാതെ അധമതാത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവന്‍ ഭോഷനാണ്‌. ജ്‌ഞാനിയുടെ മാര്‍ഗം രക്ഷയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുമ്പോള്‍ ഭോഷന്‍ ശിക്ഷയും ദുരിതവും വരുത്തിവയ്‌ക്കും. ജ്‌ഞാനിയെ നീതിമാനെന്നും ദൈവഭക്‌തനെന്നും വിളിക്കാം. ഭോഷന്‍ ദുഷ്‌ടന്‍റെയും അധര്‍മിയുടെയും പര്യായമാണ്‌. ദൈവവിശ്വാസവും ധാര്‍മികബോധവുമാണ്‌ മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനഘടകം സ്വന്തം വ്യാപാരങ്ങളെയും ഇതര വ്യക്തികളുമായുള്ള ബന്ധങ്ങളെയും നിയന്ത്രിക്കുന്ന മൂല്യബോധം ഇവയില്‍നിന്നാണ്‌ മുളയെടുക്കുന്നത്‌.

ജീവദായകമായ വചനം

യേശു ദൈവപുത്രനായ ക്രിസ്‌തു ആണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുകനിമിത്തം അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉസ്റാകുന്നതിനുംവേണ്ടിയാണ്‌ താന്‍ സുവിശേഷം രചിച്ചതെന്ന യോഹന്നാന്‍റെ വാക്കുകള്‍ (20, 31) ബൈബിളിനെക്കുറിച്ചു പൊതുവേയും ഉപയോഗിക്കാവുന്നതാണ്‌. ദൈവവചനം ജീവിദായകമാണ്‌. അതു മനുഷ്യന്‍റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്‌ (സങ്കീ.119,105). ദൈവം കാണിച്ചുതരുന്ന പാതയില്‍ ചരിക്കുന്നവന്‍, അവിടുത്തെ ഹിതമനുസരിച്ചു വ്യാപരിക്കുന്നവന്‍, ജീവന്‍റെ മാര്‍ഗത്തിലാണ്‌. "ഇതാ ഇന്നു ഞാന്‍ നിന്‍റെ മുന്നില്‍ ജീവനും നന്‍മയും മരണവും തിന്‍മയും വച്ചിരിക്കുന്നു." (നിയ 30, 15). തിരഞ്ഞെടുപ്പു നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവും ആണ്‌. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്‌മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ ( ഹെബ്രാ 4, 12).

വിശുദ്ധലിഖിതങ്ങള്‍ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു ( 2 തിമോ 3, 16-17). മഹത്തായ ഈ പൂര്‍ണതയിലേക്കും നന്‍മയിലേക്കുമുള്ള ആഹ്വാനമാണ്‌ ബൈബിളില്‍ മന്‌ദ്രമായി ധ്വനിക്കുന്നത്‌. അത്‌ ജീവന്‍റെ, സമൃദ്ധമായ ജീവന്‍റെ, വാഗ്‌ദാനമാണ്‌. മനുഷ്യരാശിയുടെ മുമ്പില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അതു വിടര്‍ത്തുന്നു