ലൂക്കാ 12

ഭയംകൂടാതെ സാക്ഷ്യം നൽകുക
1. പരസ്പരം ചവിട്ടേൽക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ അവൻ ശിഷ്യരോടു പറയുവാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ.
2. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
3. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽ വച്ചു ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്രഘോഷിക്കപ്പെടും.
4. എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽക്കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ.
5. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ.
6. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വിൽക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല.
7. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ്.
8. ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിൽ മനുഷ്യപുത്രനും ഏറ്റുപറയും.
9. മനുഷ്യരുടെമുമ്പിൽ എന്നെതള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും.
10. മനുഷ്യപുത്രനെ തിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല.
11. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപൻമാരുടെയും മുമ്പിലും അവർ നിങ്ങളെ കൊണ്ടുപോകുമ്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ.
12. എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.

ഭോഷനായ ധനികൻ
13. ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോടു കൽപിക്കണമേ!
14. യേശു അവനോ ടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെന്യായാധിപനോ സ്വത്തു ഭാഗിക്കുന്ന വനോ ആയി ആരു നിയമിച്ചു?
15. അനന്ത രം അവൻ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്.
16. ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നൽകി.
17. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്കു സ്ഥലമില്ലല്ലോ.
18. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അ റപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും.
19. അനന്തരം ഞാൻ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവർഷത്തേക്കു വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക.
20. എന്നാൽ, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
21. ഇതുപോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.

ദൈവപരിപാലനയിൽ ആശ്രയം
22. വീണ്ടും അവൻ ശിഷ്യരോട് അരുളിച്ചെയ്തു: അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ടാ.
23. എന്തെന്നാൽ, ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്.
24. കാക്കകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണു നിങ്ങൾ!
25. ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴംകൂടി നീട്ടാൻ നിങ്ങളിൽ ആർക്കു സാധിക്കും?
26. ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്?
27. ലില്ലികളെ നോക്കുവിൻ: അവനൂൽ നൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാൻ നിങ്ങളോടു പറയുന്നു: സോളമൻപോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.
28. ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കിൽ, അൽപവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
29. എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.
30. ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.
31. നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ. ഇവയെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിക്കും.
32. ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാൽ, നിങ്ങൾക്കു രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
33. നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിൻ. പഴകിപ്പോകാത്ത പണസഞ്ചികൾ കരുതിവയ്ക്കുവിൻ. ഒടുങ്ങാത്തനിക്ഷേ പം സ്വർഗത്തിൽ സംഭരിച്ചുവയ്ക്കുവിൻ. അവിടെ കള്ളൻമാർ കടന്നുവരുകയോ ചിതൽ നശിപ്പിക്കുകയോ ഇല്ല.
34. നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.

സദാ ജാഗരൂകരായ ഭൃത്യൻമാർ
35. നിങ്ങൾ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ.
36. തങ്ങളുടെയജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാൻ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ.
37. യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യൻമാർ ഭാഗ്യവാൻമാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും.
38. അവൻ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭ്യത്യൻമാർ ഭാഗ്യവാൻമാർ.
39. ഇത് അറിഞ്ഞു കൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായ കൻ അറിഞ്ഞിരുന്നുവെങ്കിൽ തന്റെ വീടു കുത്തിത്തുറക്കാൻ അനുവദിക്കുമായിരുന്നില്ല.
40. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.
41. പത്രോസ് ചോദിച്ചു: കർത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങൾക്കുവേണ്ടിയോ എല്ലാവർക്കും വേണ്ടിയോ?
42. അപ്പോൾ കർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ ആരാണ്?
43. യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ.
44. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തന്റെ സകല സ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും
45. എന്നാൽ, ആ ഭൃത്യൻ തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽ കരുതി, യജമാനന്റെ ദാസൻമാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉൻമത്തനാകാനും തുടങ്ങിയാൽ,
46. പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനൻ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
47. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും.
48. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹ മായ തെറ്റു ചെയ്തതെങ്കിൽ, അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏൽപിക്കപ്പെട്ടവനോട് അധികംചോദിക്കും.

സമാധാനമല്ല, ഭിന്നതകൾ
49. ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ!
50. എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു!
51. ഭൂമിയിൽ സമാധാനം നൽകാനാണു ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടു പേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും.
53. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമ കൾക്കും മരുമകൾ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.

കാലത്തിന്റെ അടയാളങ്ങൾ വിവേചിക്കുവിൻ
54. അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.
55. തെക്കൻ കാറ്റടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു.
56. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്?
57. എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല?
58. നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപിക്കുകയും അവൻ നിന്നെതടവിലാക്കുകയും ചെയ്യും.
59. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.