മഹോദരരോഗിയെ സുഖപ്പെടുത്തുന്നു
1. ഒരു സാബത്തിൽ അവൻ ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷ ണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
2. അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു.
3. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അ നുവദനീയമോ അല്ലയോ?
4. അവർ നിശ്ശ ബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു.
5. അനന്ത രം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തന്റെ പുത്രനോ കാളയോ കിണ റ്റിൽ വീണാൽ ഉടൻ പിടിച്ചു കയറ്റാത്ത വനായി നിങ്ങളിൽ ആരുണ്ട്?
6. മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല.
അതിഥിക്കും ആതിഥേയനും ഉപദേശം
7. ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു:
8. ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും.
9. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും.
10. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും.
11. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവൻ ഉയർത്തപ്പെടും.
12. തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവർ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും.
13. എന്നാൽ, നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക.
14. അപ്പോൾ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാൽ, പകരം നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും.
വിരുന്നിന്റെ ഉപമ
15. അവനോടുകൂടെ ഭക്ഷണത്തിനിരുന്ന വരിൽ ഒരുവൻ ഇതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ.
16. അപ്പോൾ യേശു അവനോടു പറഞ്ഞു: ഒരുവൻ ഒരിക്കൽ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു.
17. സദ്യയ്ക്കു സമയമായപ്പോൾ അവൻ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിൻ, എല്ലാം തയ്യാറായിരിക്കുന്നു.
18. എന്നാൽ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാൻ തുടങ്ങി, ഒന്നാമൻ പറഞ്ഞു: ഞാൻ ഒരു വയൽ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു.
19. മറ്റൊരുവൻ പറഞ്ഞു: ഞാൻ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചുനോക്കുവാൻ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്ഷിക്കുന്നു.
20. മൂന്നാമതൊരുവൻ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാൽ എനിക്കു വരാൻ നിവൃത്തിയില്ല.
21. ആദാസൻ തിരിച്ചുവന്ന്യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥൻ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക.
22. അനന്ത രം ആദാസൻ പറഞ്ഞു:യജമാനനേ, നീ കൽപിച്ചതുപോലെ ഞാൻ ചെയ്തു. ഇനിയും സ്ഥലമുണ്ട്.
23. യജമാനൻ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളി ലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകൾ അകത്തേക്കു വരുവാൻ നിർബന്ധിക്കുക.
24. എന്തെന്നാൽ, ക്ഷണിക്കപ്പെട്ടവരിൽ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ശിഷ്യത്വത്തിന്റെ വില
25. വലിയ ജനക്കൂട്ടങ്ങൾ അവന്റെ അ ടുത്തുവന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു:
26. സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല.
27. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.
28. ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻവേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്?
29. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ, കാണുന്ന വരെല്ലാം അവനെ ആക്ഷേപിക്കും.
30. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
31. അല്ലെങ്കിൽ, ഇരുപതിനായിരം ഭടൻമാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടുയുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്?
32. അതു സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുമ്പോൾ തന്നെ ദൂതൻമാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും.
33. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
34. ഉപ്പ് നല്ലതു തന്നെ; എന്നാൽ ഉറകെട്ടുപോയാൽ അതിന് എങ്ങനെ ഉറകൂട്ടും?
35. മണ്ണിനോ വളത്തിനോ അത് ഉപ കരിക്കുകയില്ല. ആളുകൾ അതു പുറത്തെ റിഞ്ഞു കളയുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.