യേശുവും നിക്കൊദേമോസും
1. ഫരിസേയരിൽ നിക്കൊദേമോസ് എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
2. അവൻ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.
3. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനു ദൈവരാജ്യം കാണാൻ കഴിയുകയില്ല.
4. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാൻ കഴിയുമോ?
5. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല.
6. മാംസത്തിൽനിന്നു ജനിക്കുന്നതു മാംസമാണ്്; ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവും.
7. നിങ്ങൾ വീണ്ടും ജനിക്കണം എന്നു ഞാൻ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.
8. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു. എന്നാൽ, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവിൽനിന്നു ജനിക്കുന്ന ഏവനും.
9. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു.
10. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?
11. സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല.
12. ഭൗമിക കാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13. സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല.
14. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.
15. തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.
16. എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
17. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
18. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
19. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികൾ തിൻമ നിറഞ്ഞതായിരുന്നു.
20. തിൻമ പ്രവർത്തിക്കുന്നവൻ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികൾ വെളിപ്പെടാതിരിക്കുന്നതിന് അവൻ വെളിച്ചത്തു വരുന്നുമില്ല.
21. സത്യം പ്രവർത്തിക്കുന്നവൻ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികൾ ദൈവൈക്യത്തിൽ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
സ്നാപകന്റെ ദൗത്യം
22. ഇതിനുശേഷം യേശുവും ശിഷ്യൻമാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവൻ അവരോടൊത്തു താമസിച്ച് സ്നാനം നൽകി.
23. സാലിമിനടുത്തുള്ള ഏനോനിൽ വെള്ളം ധാരാളമുണ്ടായിരുന്നതിനാൽ അവിടെ യോഹന്നാനും സ്നാനം നൽകിയിരുന്നു. ആളുകൾ അവന്റെ അടുത്തു വന്ന് സ്നാനം സ്വീകരിച്ചിരുന്നു.
24. യോഹന്നാൻ ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.
25. അവന്റെ ശിഷ്യൻമാരും ഒരു യഹൂദനും തമ്മിൽ ശുദ്ധീകരണത്തെപ്പറ്റി തർക്കമുണ്ടായി.
26. അവർ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോർദാന്റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവൻ, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവൻ , ഇതാ, ഇവിടെ സ്നാനം നൽകുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്.
27. യോഹന്നാൻ പ്രതിവചിച്ചു: സ്വർഗത്തിൽനിന്നു നൽകപ്പെടുന്നില്ലെങ്കിൽ ആർക്കും ഒന്നും സ്വീകരിക്കാൻ സാധിക്കുകയില്ല.
28. ഞാൻ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികളാണ്.
29. മണവാട്ടിയുള്ളവനാണ് മണവാളൻ. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്നേഹിതൻ അവന്റെ സ്വരത്തിൽ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണമായിരിക്കുന്നു.
30. അവൻ വളരുകയും ഞാൻ കുറയുകയും വേണം.
31. ഉന്നതത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും ഉപരിയാണ്. ഭൂമിയിൽനിന്നുള്ളവൻ ഭൂമിയുടേതാണ്. അവൻ ഭൗമികകാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും ഉപരിയാണ്.
32. അവൻ കാണുകയും കേൾക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33. അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു.
34. ദൈവം അയച്ചവൻ ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.
35. പിതാവ് പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈകളിൽ ഏൽപിക്കുകയും ചെയ്തിരിക്കുന്നു.
36. പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ലഭിക്കുന്നു. എന്നാൽ, പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെ മേൽ ഉണ്ട്.