യോഹന്നാന്‍ 2

കാനായിലെ വിവാഹവിരുന്ന്
1. മൂന്നാം ദിവസം, ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.
2. യേശുവും ശിഷ്യൻമാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.
3. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവർക്കു വീഞ്ഞില്ല.
4. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല.
5. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ.
6. യഹൂദരുടെ ശുദ്ധീകരണകർമത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കൽഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
7. ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോടു കൽപിച്ചു. അവർ അവയെല്ലാം വക്കോളം നിറച്ചു.
8. ഇനി പകർന്നു
9. കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിൻ എന്ന് അവൻ പറഞ്ഞു. അവർ അപ്രകാരം ചെയ്തു. കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവൻ അറിഞ്ഞില്ല. എന്നാൽ, വെള്ളം കോരിയ പരിചാരകർ അറിഞ്ഞിരുന്നു.
10. അവൻ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരിപിടിച്ചുകഴിയുമ്പോൾ താഴ്ന്നതരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.
11. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിൽ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യൻമാർ അവനിൽ വിശ്വസിച്ചു.
12. ഇതിനുശേഷം അവൻ തന്റെ അമ്മയോടും സഹോദരൻമാരോടും ശിഷ്യൻമാരോടുംകൂടി കഫർണാമിലേക്കു പോയി. അവർ അവിടെ ഏതാനും ദിവസം താമസിച്ചു.

യേശു ദേവാലയം ശുദ്ധീകരിക്കുന്നു
13. യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാൽ യേശു ജറൂസലെമിലേക്കു പോയി.
14. കാള, ആട്, പ്രാവ് എന്നിവ വിൽക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തിൽ അവൻ കണ്ടു.
15. അവൻ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തിൽനിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിക്കുകയും മേശകൾ തട്ടിമറിക്കുകയും ചെയ്തു.
16. പ്രാവുകളെ വിൽക്കുന്നവരോട് അവൻ കൽപിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിൻ. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്.
17. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോൾ അവന്റെ ശിഷ്യൻമാർ അനുസ്മരിച്ചു.
18. യഹൂദർ അവനോടുചോദിച്ചു: ഇതു ചെയ്യുവാൻ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക?
19. യേശു മറുപടി പറഞ്ഞു: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാൻ അതു പുനരുദ്ധരിക്കും.
20. യഹൂദർ ചോദിച്ചു: ഈ ദേവാലയം പണിയുവാൻ നാൽപത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?
21. എന്നാൽ, അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
22. അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ, അവന്റെ ശിഷ്യൻമാർ അവൻ ഇതു പറഞ്ഞിരുന്നുവെന്ന് ഓർമിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ചവച നവും വിശ്വസിക്കുകയും ചെയ്തു.
23. പെസ ഹാത്തിരുനാളിന് അവൻ ജറുസലെമിലായിരിക്കുമ്പോൾ പ്രവർത്തിച്ച അടയാളങ്ങൾ കണ്ട് വളരെപ്പേർ അവന്റെ നാമത്തിൽ വിശ്വസിച്ചു.
24. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവൻ അവരെയെല്ലാം അറിഞ്ഞിരുന്നു.
25. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവൻ വ്യക്തമായി അറിഞ്ഞിരുന്നു.