ലാസറിന്റെ മരണം
1. ലാസർ എന്നു പേരായ ഒരുവൻ രോഗബാധിതനായി. ഇവൻമറിയത്തിന്റെയും അവളുടെ സഹോദരിയായ മർത്തായുടെയും ഗ്രാമമായ ബഥാനിയായിൽനിന്നുള്ളവനായിരുന്നു.
2. ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കർത്താവിനെ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ സഹോദരൻ ലാസറാണു രോഗബാധിതനായത്.
3. കർത്താവേ, ഇതാ, അങ്ങു സ്നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു എന്നു പ റയാൻ ആ സഹോദരിമാർ അവന്റെ അടുക്കലേക്ക് ആളയച്ചു.
4. അതു കേട്ടപ്പോൾ യേശു പറഞ്ഞു: ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.
5. യേശു മർത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6. എങ്കിലും, അവൻ രോഗിയായി എന്നു കേട്ടിട്ടും യേശു താൻ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു.
7. അനന്തരം, അവൻ ശിഷ്യൻമാരോടു പറഞ്ഞു: നമുക്ക് വീണ്ടുംയൂദയായിലേക്കു പോകാം.
8. ശിഷ്യൻമാർ ചോദിച്ചു: ഗുരോ, യഹൂദർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിയാൻ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?
9. യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകൽ നടക്കുന്നവൻ കാൽതട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവൻ കാണുന്നു.
10. രാത്രി നടക്കുന്നവൻ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.
11. അവൻ തുടർന്നു: നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്. അവനെ ഉണർത്താൻ ഞാൻ പോകുന്നു.
12. ശിഷ്യൻമാർ പറഞ്ഞു: കർത്താവേ, ഉറങ്ങുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും.
13. യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാൽ, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവൻ പറഞ്ഞതെന്ന് അവർ വിചാരിച്ചു.
14. അപ്പോൾ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസർ മരിച്ചുപോയി.
15. നിങ്ങൾ വിശ്വസിക്കേണ്ടതിന്, ഞാൻ അവിടെ ഇല്ലാഞ്ഞതിൽ നിങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.
16. ദീദിമോസ് എന്ന തോമസ് അപ്പോൾ മറ്റു ശിഷ്യൻമാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം.
യേശു പുനരുത്ഥാനവും ജീവനും
17. ലാസർ സംസ്കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് യേശു അവിടെയെത്തിയപ്പോൾ അറിഞ്ഞു.
18. ബഥാനിയാ ജറുസലെ മിന് അടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോൺ ദൂരത്തായിരുന്നു.
19. അനേകംയഹൂദർ മർത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാൻ വന്നിരുന്നു.
20. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാൽ, മറിയം വീട്ടിൽത്തന്നെ ഇരുന്നു.
21. മർത്താ യേശുവിനോടു പറഞ്ഞു: കർത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻമരിക്കുകയില്ലായിരുന്നു.
22. എന്നാൽ, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം.
23. യേശു പറഞ്ഞു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.
24. മർത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം.
25. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻമരിച്ചാലും ജീവിക്കും.
26. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
27. അവൾ പറഞ്ഞു: ഉവ്വ്, കർത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാൻ വിശ്വസിക്കുന്നു.
യേശു കരയുന്നു
28. ഇതു പറഞ്ഞിട്ട് അവൾ പോയി തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു.
29. ഇതു കേട്ടയുടനെ അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്കു ചെന്നു.
30. യേശു അപ്പോഴും ഗ്രാമത്തിൽ പ്രവേശിച്ചിട്ടില്ലായിരുന്നു. മർത്താ കണ്ട സ്ഥലത്തുതന്നെ അവൻ നിൽക്കുകയായിരുന്നു.
31. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദർ അവളെ അനുഗമിച്ചു. അവൾ ശവകുടീരത്തിങ്കൽ കരയാൻ പോവുകയാണെന്ന് അവർ വിചാരിച്ചു.
32. മറിയം യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോൾ കാൽക്കൽ വീണു പറഞ്ഞു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻമരിക്കുമായിരുന്നില്ല.
33. അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ നെടുവീർപ്പിട്ടുകൊണ്ട്് അസ്വസ്ഥനായി ചോദിച്ചു:
34. അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവർ അവനോടു പറഞ്ഞു: കർത്താവേ, വന്നു കാണുക.
35. യേശു കണ്ണീർ പൊഴിച്ചു.
36. അപ്പോൾ യഹൂദർ പറഞ്ഞു: നോക്കൂ, അവൻ എത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു!
37. എന്നാൽ അവരിൽ ചിലർ പറഞ്ഞു: അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
ലാസറിനെ ഉയിർപ്പിക്കുന്നു
38. യേശു വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കൽ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിൻമേൽ ഒരു കല്ലും വച്ചിരുന്നു.
39. യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിൻ. മരിച്ചയാളുടെ സഹോദരിയായ മർത്താ പറഞ്ഞു: കർത്താവേ, ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്.
40. യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലേ?
41. അവർ കല്ലെടുത്തു മാറ്റി. യേശു കണ്ണുയർത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാർഥന ശ്രവിച്ചതിനാൽ ഞാൻ അങ്ങേക്കു നന്ഡി പറയുന്നു.
42. അങ്ങ് എന്റെ പ്രാർഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാൽ, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നിൽക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്.
43. ഇതു പറഞ്ഞിട്ട് അവൻ ഉച്ചത്തിൽ പറഞ്ഞു: ലാസറേ, പുറത്തു വരുക.
44. അപ്പോൾ മരിച്ചവൻ പുറത്തു വന്നു. അവന്റെ കൈകാലുകൾ നാടകൾകൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിൻ. അവൻ പോകട്ടെ.
യേശുവിനെ വധിക്കാൻആലോചന
45. മറിയത്തിന്റെ അടുക്കൽ വന്നിരുന്ന യഹൂദരിൽ വളരെപ്പേർ അവൻ പ്രവർത്തിച്ചതു കണ്ട് അവനിൽ വിശ്വസിച്ചു.
46. എന്നാൽ, അവരിൽ ചിലർ ചെന്ന് യേശു പ്രവർത്തിച്ച കാര്യങ്ങൾ ഫരിസേയരോടു പറഞ്ഞു.
47. അപ്പോൾ, പുരോഹിതപ്രമുഖൻമാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യൻ വളരെയധികം അടയാളങ്ങൾ പ്രവർത്തിക്കുന്നല്ലോ.
48. അവനെ നാം ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. അപ്പോൾ റോമാക്കാർ വന്ന് നമ്മുടെ വിശുദ്ധസ്ഥലത്തെയും ജനത്തെയും നശിപ്പിക്കും.
49. അവരിൽ ഒരുവനും ആ വർഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.
50. ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതുയുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നുമില്ല.
51. അവൻ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വർഷത്തെ പ്രധാന പുരോഹിതൻ എന്ന നിലയിൽ, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു
52. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.
53. അന്നുമുതൽ അവനെ വധിക്കാൻ അവർ ആലോചിച്ചുകൊണ്ടിരുന്നു.
54. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയിൽ പരസ്യമായി സഞ്ചരിച്ചില്ല. അവൻ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തിൽ, ശിഷ്യരോടൊത്തു വസിച്ചു.
55. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു. ഗ്രാമങ്ങളിൽനിന്നു വളരെപ്പേർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി.
56. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തിൽവച്ചു പരസ്പരം ചോദിച്ചു: നിങ്ങൾ എന്തു വിചാരിക്കുന്നു? അവൻ തിരുനാളിനു വരികയില്ലെന്നോ?
57. അവൻ എവിടെയാണെന്ന് ആർക്കെങ്കിലും വിവരം ലഭിച്ചാൽ, അവനെ ബന്ധിക്കേണ്ടതിന് തങ്ങളെ അറിയിക്കണമെന്നു പുരോഹിതപ്രമുഖൻമാരും ഫരിസേയരും കൽപന കൊടുത്തിരുന്നു.