യോഹന്നാന്‍ 10

ആട്ടിൻകൂട്ടത്തിന്റെ ഉപമ
1. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണ്.
2. എന്നാൽ, വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്.
3. കാവൽക്കാരൻ അവനു വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ സ്വരം കേൾക്കുന്നു. അവൻ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു.
4. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവൻ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകൾ അവനെ അനുഗമിക്കുന്നു.
5. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാൽ അവ അവരിൽനിന്ന് ഓടിയകലും
6. യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാൽ, അവൻ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവർ മനസ്സിലാക്കിയില്ല.

നല്ല ഇടയൻ
7. അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതിൽ.
8. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളൻമാരും കവർച്ചക്കാരുമായിരുന്നു. ആടുകൾ അവരെ ശ്രവിച്ചില്ല.
9. ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും. അവൻ അകത്തു വരുകയും പുറത്തു പോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
10. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
11. ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു.
12. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
13. അവൻ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.
14. ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
15. ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു.
16. ഈ തൊഴുത്തിൽപ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും.
17. തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു.
18. ആരും എന്നിൽനിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാൻ അതു സ്വമനസ്സാ സമർപ്പിക്കുകയാണ്. അതു സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കൽപന എന്റെ പിതാവിൽനിന്നാണ് എനിക്കു ലഭിച്ചത്.
19. ഈ വാക്കുകൾമൂലം യഹൂദരുടെ ഇടയിൽ വീണ്ടും ഭിന്നതയുണ്ടായി.
20. അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന് അവൻ പറയുന്നതു കേൾക്കണം എന്നിങ്ങനെ അവരിൽ വളരെപ്പേർ പറഞ്ഞു.
21. എന്നാൽ, മറ്റുള്ളവർ പറഞ്ഞു: ഈ വാക്കുകൾ പിശാചുബാധിതന്റേതല്ല; പിശാചിന് അന്ധരുടെ കണ്ണുകൾ തുറക്കുവാൻ കഴിയുമോ?

യേശു ദൈവപുത്രൻ
22. ജറുസലെമിൽ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു.
23. യേശു ദേവാലയത്തിൽ സോളമന്റെ മണ്ഡപത്തിൽ നടക്കുമ്പോൾ
24. യഹൂദർ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാൾ ഇങ്ങനെ സന്ഡിഗ്ധാവസ്ഥയിൽ നിർത്തും? നീ ക്രിസ്തുവാണെങ്കിൽ വ്യക്തമായി ഞങ്ങളോടു പറയുക.
25. യേശു പ്രതിവചിച്ചു: ഞാൻ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം നൽകുന്നു.
26. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങൾ എന്റെ ആടുകളിൽപ്പെടുന്നവരല്ല.
27. എന്റെ ആടുകൾഎന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
28. ഞാൻ അവയ്ക്കു നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കൽനിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
29. അവയെ എനിക്കു നൽകിയ എന്റെ പിതാവ് എല്ലാവരെയുംകാൾ വലിയവനാണ്. പിതാവിന്റെ കൈയിൽനിന്ന് അവയെ പിടിച്ചെടുക്കാൻ ആർക്കും സാധിക്കുകയില്ല.
30. ഞാനും പിതാവും ഒന്നാണ്.
31. യഹൂദർ അവനെ എറിയാൻ വീണ്ടും കല്ലെടുത്തു.
32. യേശു അവരോടു ചോദിച്ചു: പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചു. ഇവയിൽ ഏതു പ്രവൃത്തിമൂലമാണ് നിങ്ങൾ എന്നെ കല്ലെറിയുന്നത്?
33. യഹൂദർ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികൾമൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങൾ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.
34. യേശു അവരോടു ചോദിച്ചു: നിങ്ങൾ ദൈവങ്ങളാണെന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തിൽ എഴുതപ്പെട്ടിട്ടില്ലേ?
35. വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ വിളിച്ചു.
36. അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാൻ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങൾ കുറ്റപ്പെടുത്തുന്നുവോ?
37. ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ.
38. എന്നാൽ, ഞാൻ അവ ചെയ്യുന്നെങ്കിൽ, നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളിൽ വിശ്വസിക്കുവിൻ. അപ്പോൾ, പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്നു നിങ്ങൾ അറിയുകയും ആ അറിവിൽ നിലനിൽക്കുകയും ചെയ്യും.
39. വീണ്ടും അവർ അവനെ ബന്ധിക്കാൻ ശ്രമിച്ചു; എന്നാൽ അവൻ അവരുടെ കൈയിൽനിന്ന് രക്ഷപെട്ടു.
40. ജോർദാന്റെ മറുകരയിൽ യോഹന്നാൻ ആദ്യം സ്നാനം നൽകിയിരുന്ന സ്ഥലത്തേക്ക് അവൻ വീണ്ടും പോയി അവിടെ താമസിച്ചു.
41. വളരെപ്പേർ അവന്റെ അടുത്തു വന്നു. അവർ പറഞ്ഞു: യോഹന്നാൻ ഒരടയാളവും പ്രവർത്തിച്ചില്ല. എന്നാൽ, ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.
42. അവിടെവച്ച് വളരെപ്പേർ അവനിൽ വിശ്വ സിച്ചു.