ഉത്‌പത്തി - 46

യാക്കോബ്‌ ഈജിപ്‌തില്‍

1 തന്‍െറ സ്വത്തുക്കളെല്ലാം ശേഖരിച്ച്‌ ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്‍െറ പിതാവായ ഇസഹാക്കിന്‍െറ ദൈവത്തിനു ബലികളര്‍പ്പിച്ചു.

2 രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.

3 അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്‌, നിന്‍െറ പിതാവിന്‍െറ ദൈവം. ഈജിപ്‌തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.

4 ഞാന്‍ നിന്‍െറ കൂടെ ഈജിപ്‌തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ്‌ നിന്നെ ശുശ്രൂഷിക്കും.

5 യാക്കോബ്‌ ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്‍െറ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.

6 തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്‌തുവകകളും അവര്‍ കൂടെ കൊണ്ടുപോയി.

7 യാക്കോബും സന്തതികളും ഈജിപ്‌തിലെത്തി പുത്രന്‍മാരെയും, അവരുടെ പുത്രന്‍മാരെയും, പുത്രിമാരെയും, പുത്രന്‍മാരുടെ പുത്രിമാരെയും, തന്‍െറ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്‌തിലേക്കുകൊണ്ടുപോയി.

8 ഈജിപ്‌തിലേക്കുവന്ന ഇസ്രായേലിന്‍െറ മക്കളുടെ പേരുവിവരം: യാക്കോബും അവന്‍െറ പുത്രന്‍മാരും: യാക്കോബിന്‍െറ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍.

9 റൂബന്‍െറ പുത്രന്‍മാര്‍: ഹനോക്ക്‌, പല്ലു, ഹെസ്രോന്‍, കര്‍മി.

10 ശിമയോന്‍െറ പുത്രന്‍മാര്‍: യെമൂവേല്‍, യാമീന്‍, ഓഹദ്‌, യാക്കിന്‍, സോഹാര്‍, കാനാന്യ സ്‌ത്രീയില്‍ അവനുജനിച്ച സാവൂള്‍.

11 ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോന്‍, കൊഹാത്ത്‌, മെറാറി.

12 യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലാഹ്‌, പേരെസ്‌, സോഹ്‌. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചു മരിച്ചു. പേരെസിന്‍െറ പുത്രന്‍മാര്‍: ഹെസ്രോന്‍, ഹാമൂല്‍.

13 ഇസാക്കറിന്‍െറ പുത്രന്‍മാര്‍: തോലാ, ഫൂവ്വാ, യോബ്‌, ഷിമ്‌റോന്‍.

14 സെബുലൂണിന്‍െറ പുത്രന്‍മാര്‍: സേരെദ്‌, ഏലോന്‍, യഹ്‌ലേല്‍.

15 പാദാന്‍ആരാമില്‍ വച്ചു യാക്കോബിനുലെയായില്‍ ജനിച്ച പുത്രന്‍മാരാണ്‌ ഇവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്‍െറ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു.

16 ഗാദിന്‍െറ പുത്രന്‍മാര്‍: സിഫിയോന്‍, ഹഗ്‌ഗി, ഷൂനി, എസ്‌ബോന്‍, ഏരി, അരോദി, അരേലി.

17 ആഷേറിന്‍െറ പുത്രന്‍മാര്‍: ഇമ്‌നാ, ഇഷ്‌വാ, ഇഷ്‌വി, ബറിയാ, അവരുടെ സഹോദരി സേറഹ്‌. ബറിയായുടെ പുത്രന്‍മാര്‍:ഹേബര്‍, മല്‍ക്കിയേല്‍.

18 ലാബാന്‍ തന്‍െറ മകളായ ലെയായ്‌ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.

19 യാക്കോബിന്‍െറ ഭാര്യയായ റാഹേലിന്‍െറ മക്കള്‍: ജോസഫ്‌, ബഞ്ചമിന്‍.

20 ജോസഫിന്‌ ഈജിപ്‌തില്‍വെച്ച്‌ ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്‌നത്തില്‍ മനാസ്‌സെയും എഫ്രായിമും ജനിച്ചു.

21 ബഞ്ചമിന്‍െറ പുത്രന്‍മാര്‍ ബേലാ, ബേക്കെര്‍, അഷ്‌ബേല്‍, ഗേരാ, നാമാന്‍, ഏഹിറോഷ്‌, മുപ്പീം, ഹുപ്പീം, ആരെദ്‌.

22 യാക്കോബിന്‌ റാഹേലില്‍ ജനിച്ച മക്കളാണ്‌ ഈ പതിനാലുപേരും.

23 ദാനിന്‍െറ പുത്രന്‍: ഹുഷിം.

24 നഫ്‌ത്താലിയുടെ പുത്രന്‍മാര്‍:യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലെം.

25 ലാബാന്‍ തന്‍െറ മകളായ റാഹേലിനുകൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുസ്റായ പുത്രന്‍മാരാണ്‌ ഈ ഏഴു പേര്‍.

26 പുത്രന്‍മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്‍െറ കൂടെ ഈജിപ്‌തിലേക്കു വന്ന അവന്‍െറ സന്താനങ്ങള്‍ അറുപത്താറുപേരാണ്‌.

27 ഈജിപ്‌തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ ഈജിപ്‌തിലേക്കു വന്ന യാക്കോബിന്‍െറ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്‌.

28 ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബ്‌ ജോസഫിന്‍െറ യടുത്തേക്കു യൂദായെ മുന്‍കൂട്ടി അയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു.

29 ജോസഫ്‌ തന്‍െറ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥമൊരുക്കി ഗോഷെ നിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.

30 ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്‍െറ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന്‌ അറിയുകയും ചെയ്‌തിരിക്കുന്നു.

31 ജോസഫ്‌ തന്‍െറ സഹോദരന്‍മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്‍െറ സഹോദരന്‍മാരും പിതൃകുടുംബം മുഴുവനും എന്‍െറയടുത്ത്‌ എത്തിച്ചേര്‍ന്നിരിക്കുന്നു.

32 ഇവര്‍ ഇടയന്‍മാരാണ്‌; കാലിമേയ്‌ക്കലാണ്‌ ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെ കൊണ്ടുവന്നിട്ടുണ്ടു‌.

33 ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴില്‍ എന്താണെന്നു ചോദിക്കുമ്പോള്‍,

34 അങ്ങയുടെ ദാസന്‍മാര്‍ ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്‌ക്കുന്നവരാണ്‌. ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്‍മാരോട്‌ ഈജിപ്‌തുകാര്‍ക്ക്‌ അവജ്‌ഞയാണ്‌.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------