അപ്പ. പ്രവര്‍ത്തനങ്ങള്‍ 9

സാവൂളിന്റെ മാനസാന്തരം
1. സാവൂൾ അപ്പോഴും കർത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.
2. അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാർഗം സ്വീകരിച്ച സ്ത്രീപുരുഷൻമാരിൽ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാൻ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു.
3. അവൻ യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവന്റെ മേൽ പതിച്ചു.
4. അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?
5. അവൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ.
6. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.
7. അവനോടൊപ്പംയാത്ര ചെയ്തിരുന്നവർ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ സ്തബ്ധരായി നിന്നുപോയി.
8. സാവൂൾ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തൻമൂലം, അവർ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.
9. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.

സാവൂളിന്റെ ജ്ഞാനസ്നാനം
10. അനനിയാസ് എന്നു പേരായ ഒരു ശിഷ്യൻ ദമാസ്ക്കസിലുണ്ടായിരുന്നു. ദർശനത്തിൽ കർത്താവ് അവനെ വിളിച്ചു: അനനിയാസ്; അവൻ വിളികേട്ടു: കർത്താവേ, ഇതാ ഞാൻ !
11. കർത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവിൽച്ചെന്ന് യൂദാസിന്റെ ഭവനത്തിൽ താർസോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവൻ ഇതാ, പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്.
12. അനനിയാസ് എന്നൊരുവൻ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെ മേൽ കൈകൾ വയ്ക്കുന്നതായി അവന് ഒരു ദർശനം ഉണ്ടായിരിക്കുന്നു.
13. അനനിയാസ് പറഞ്ഞു: കർത്താവേ, അവിടുത്തെ വിശുദ്ധർക്കെതിരായി അവൻ ജറുസലെമിൽ എത്രമാത്രം തിൻമ കൾ പ്രവർത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്.
14. ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖൻമാരിൽനിന്ന് അവൻ സമ്പാദിച്ചിരിക്കുന്നു.
15. കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എന്റെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ .
16. എന്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചു കൊടുക്കും.
17. അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവന്റെ മേൽ കൈകൾവച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂൾ, മാർഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.
18. ഉടൻതന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽനിന്ന് അടർന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.
19. അനന്തരം, അവൻ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യൻമാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.
20. അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ പ്രഘോഷിക്കാൻ തുടങ്ങി.
21. അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥ രാക്കി പുരോഹിതപ്രമുഖൻമാരുടെ മുമ്പിൽ കൊണ്ടുപോകാൻ വേണ്ടിയല്ലേ ഇ വൻ വന്നിരിക്കുന്നത്?
22. സാവൂളാകട്ടെ കൂടുതൽ ശക്തി ആർജ്ജിച്ച് യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്ക്കസിൽ താമസിച്ചിരുന്ന യഹൂദൻമാരെ ഉത്തരം മുട്ടിച്ചിരുന്നു.
23. കുറെനാൾ കഴിഞ്ഞപ്പോൾ അവനെ വധിക്കാൻ യഹൂദൻമാർ ഗൂഢാലോചന നടത്തി.
24. അതു സാവൂളിന്റെ ശ്രദ്ധയിൽപ്പെട്ടു. അവനെ വധിക്കാൻ രാവും പകലും അവർ കവാടങ്ങളിൽ ശ്രദ്ധാപൂർവം കാത്തുനിന്നു.
25. എന്നാൽ, അവന്റെ ശിഷ്യൻമാർ രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.

സാവൂൾ ജറുസലെമിൽ
26. ജറുസലെമിലെത്തിയപ്പോൾ ശിഷ്യരുടെ സംഘത്തിൽ ചേരാൻ അവൻ പരിശ്രമിച്ചു. എന്നാൽ, അവർക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവൻ ഒരു ശിഷ്യനാണെന്ന് അവർ വിശ്വസിച്ചില്ല.
27. ബാർണ ബാസ് അവനെ അപ്പസ്തോലൻമാരുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. സാവൂൾ വഴിയിൽ വച്ചു കർത്താവിനെ ദർശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്ക്കസിൽ വച്ച് യേശുവിന്റെ നാമത്തിൽ അവൻ ധൈര്യപൂർവം പ്രസംഗിച്ചതും ബാർണബാസ് അവരെ വിവരിച്ചുകേൾപ്പിച്ചു.
28. അനന്തരം, സാവൂൾ അവരോടൊപ്പം ജറുസലെ മിൽ ചുറ്റിസഞ്ചരിച്ചുകൊണ്ട് കർത്താവിന്റെ നാമത്തിൽ ധൈര്യത്തോടെ പ്രസംഗിച്ചു.
29. ഗ്രീക്കുകാരോടും അവൻ പ്രസംഗിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
30. എന്നാൽ, ഈ വിവരമറിഞ്ഞസഹോദരൻമാർ അവനെ കേ സറിയായിൽ കൊണ്ടുവന്ന് താർസോസിലേക്ക് അയച്ചു.
31. അങ്ങനെയൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയിൽ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നൽകിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു.

പത്രോസിന്റെ സഭാസന്ദർശനം
32. പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയിൽ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി.
33. അവിടെ ഐനെയാസ് എന്നൊരുവനെ അവൻ കണ്ടുമുട്ടി. അവൻ എട്ടു വർഷമായി തളർവാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു.
34. പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടൻതന്നെ അവൻ എഴുന്നേറ്റു.
35. ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കർത്താവിലേക്കു തിരിഞ്ഞു.
36. യോപ്പായിൽ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാൻപേട എന്നാണ് അർഥം. സത്കൃത്യങ്ങളിലും ദാനധർമങ്ങളിലും അവൾ സമ്പന്നയായിരുന്നു.
37. ആയിടെ അവൾ രോഗം പിടിപെട്ടു മരിച്ചു. അവർ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയിൽ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്.
38. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യൻമാർ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യർഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു.
39. സ്ഥലത്തെത്തിയപ്പോൾ അവനെ മുകളിലത്തെനിലയിലേക്ക് അവർ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവൾ ജീവിച്ചിരുന്നപ്പോൾ നിർമിച്ചവസ്ത്രങ്ങളും മേലങ്കികളും അവർ അവനെ കാണിച്ചു.
40. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാർഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേൽക്കൂ. അവൾ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു.
41. അവൻ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേൽപിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏൽപിച്ചു.
42. ഇതു യോപ്പാ മുഴുവൻ പരസ്യമായി. വളരെപ്പേർ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു.
43. അവൻ തുകൽപണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായിൽ കുറേനാൾ താമസിച്ചു.