ലൂക്കാ - 9

അപ്പസ്തോലൻമാരെ അയയ്ക്കുന്നു

1. അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും.

2. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു.

3. അവൻ പറഞ്ഞു:യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.

4. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക.

5. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുമ്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ.

6. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ

7. സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും,

8. ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകൻമാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു.

9. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരശ്ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു.

അപ്പം വർദ്ധിപ്പിക്കുന്നു

10. അപ്പസ്തോലൻമാർ മടങ്ങിവന്ന് തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവൻ ബേത്സയ്ദാ എന്ന പട്ടണത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി.

11. ഇതറിഞ്ഞ് ജനങ്ങൾ അവന്റെ പിന്നാലെ ചെന്നു. അവൻ അവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തു.

12. പകൽ അസ്തമിച്ചു തുടങ്ങിയപ്പോൾ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക.

13. അവൻ പ്രതിവചിച്ചു: നിങ്ങൾ അവർക്കു ഭക്ഷണം കൊടുക്കുവിൻ. അവർ പറഞ്ഞു: ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളു, ഈ ജനങ്ങൾക്കെല്ലാവർക്കും ഭക്ഷണം നൽകണമെങ്കിൽ ഞങ്ങൾ പോയി വാങ്ങിക്കൊണ്ടുവരണം.

14. അവിടെ ഏകദേശം അയ്യായിരം പുരുഷൻമാർ ഉണ്ടായിരുന്നു. അവൻ ശിഷ്യൻമാരോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിൻ.

15. അവർ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി.

16. അപ്പോൾ അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തി അവ ആശീർവദിച്ചു മുറിച്ച്, ജനങ്ങൾക്കു വിളമ്പാനായി ശിഷ്യൻമാരെ ഏൽപിച്ചു.

17. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ടനിറയെ അവർ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

18. ഒരിക്കൽ അവൻ തനിയെ പ്രാർഥിക്കുകയായിരുന്നു. ശിഷ്യൻമാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു ജനങ്ങൾ പറയുന്നത്? അവർ മറുപടി നൽകി.

19. ചിലർ സ്നാപകയോഹന്നാനെന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ പൂർവപ്രവാചകൻമാരിൽ ഒരാൾ ഉയിർത്തിരിക്കുന്നു എന്നുംപറയുന്നു.

20. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു നിങ്ങൾ പറയുന്നത്? പത്രോസ് ഉത്തരം നൽകി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്.

പീഡാനുഭവവും ഉത്ഥാനവും ഒന്നാം പ്രവചനം

21. ഇക്കാര്യം ആരോടും പറയരുതെന്നു കർശനമായി നിരോധിച്ചതിനുശേഷം

22. അവൻ അരുളിച്ചെയ്തു: മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

23. അവൻ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.

24. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും.

25. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?

26. ഒരുവൻ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതൻമാരുടെയും മഹത്വത്തിൽ വരുമ്പോൾ ലജ്ജിക്കും

27. എന്നാൽ, ദൈവരാജ്യം കാണുന്നതിനുമുമ്പു മരിക്കുകയില്ലാത്ത ചിലർ ഈ നിൽക്കുന്നവരുടെ ഇടയിലുണ്ട് എന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.

യേശു രൂപാന്തരപ്പെടുന്നു

28. അവൻ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങൾ കഴിഞ്ഞ് പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാർഥിക്കാൻമലയിലേക്കു കയറിപ്പോയി.

29. പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ അവന്റെ മുഖഭാവം മാറി; വസ്ത്രം വെൺമയോടെ ശോഭിച്ചു.

30. അപ്പോൾ രണ്ടുപേർ മോശയും ഏലിയായും അവനോടു സംസാരിച്ചുകൊണ്ടിരുന്നു.

31. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമിൽ പൂർത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവർ സംസാരിച്ചത്.

32. നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണർന്നിരുന്നു. അവർ അവന്റെ മഹത്വം ദർശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു.

33. അവർ പിരിഞ്ഞുപോകുമ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താൻ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ചയമില്ലായിരുന്നു.

34. അവൻ ഇതു പറയുമ്പോൾ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. അവർ മേഘത്തിനുള്ളിലായപ്പോൾ ശിഷ്യൻമാർ ഭയപ്പെട്ടു.

35. അപ്പോൾ മേഘത്തിൽനിന്ന് ഒരു സ്വരം കേട്ടു: ഇവൻ എന്റെ പുത്രൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഇവന്റെ വാക്കു ശ്രവിക്കുവിൻ.

36. സ്വരം നിലച്ചപ്പോൾ യേശു മാത്രം കാണപ്പെട്ടു. ശിഷ്യൻമാർ മൗനം അവലംബിച്ചു; തങ്ങൾ കണ്ടതൊന്നും ആദിവസങ്ങളിൽ അവർ ആരോടും പറഞ്ഞില്ല.

പിശാചുബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു

37. പിറ്റേദിവസം അവർ മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ഒരു ജനക്കൂട്ടം അവന്റെ അടുത്തുവന്നു.

38. ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്ന് നിന്നോടു ഞാൻ അപേക്ഷിക്കുന്നു. അവൻ എന്റെ ഏക മകനാണ്.

39. അവനെ ഒരു അശുദ്ധാത്മാവു പിടികൂടുന്നു. അപ്പോൾ അവൻ പെട്ടെന്ന് നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത് അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേൽപിക്കുകയും ചെയ്യുന്നു. അത് അവനെ വിട്ടുമാറുന്നുമില്ല.

40. അതിനെ പുറത്താക്കാൻ ഞാൻ നിന്റെ ശിഷ്യൻമാരോട് അപേക്ഷിച്ചു. എന്നാൽ, അവർക്കു സാധിച്ചില്ല.

41. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാൻ എത്രനാൾ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാൾ നിങ്ങളോടു ക്ഷമിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരുക.

42. യേശുവിന്റെ അടുത്തേക്കു വരുമ്പോൾത്തന്നെ പിശാച് അവനെ നിലത്തുവീഴ്ത്തി പീഡിപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏൽപിക്കുകയും ചെയ്തു.

43. ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അദ്ഭുതപ്പെട്ടു.

പീഡാനുഭവത്തെക്കുറിച്ചു രണ്ടാം പ്രവചനം

44. അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവൻ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ. മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപിക്കപ്പെടാൻ പോകുന്നു.

45. അവർക്ക് ഈ വചനം മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർക്കു മനസ്സിലാക്കാൻ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.

ആരാണു വലിയവൻ?

46. തങ്ങളിൽ വലിയവൻ ആരാണ് എന്ന് അവർ തർക്കിച്ചു.

47. അവരുടെ ഹൃദയവിചാരങ്ങൾ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി,

48. അവരോടു പറഞ്ഞു: എന്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയൻ.

നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്

49. യോഹന്നാൻ പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. അവൻ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അവനെ തടഞ്ഞു.

50. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാൽ, നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്കാരം

51. തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലെമിലേക്കു പോകാൻ ഉറച്ചു.

52. അവൻ തനിക്കു മുമ്പേ ഏതാനും ദൂതൻമാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു.

53. അവൻ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല.

54. ഇതു കണ്ടപ്പോൾ ശിഷ്യൻമാരായ യാക്കോബുംയോഹന്നാനും പറഞ്ഞു: കർത്താവേ, സ്വർഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ?

55. അവൻ തിരിഞ്ഞ് അവരെ ശാസിച്ചു.

56. അവർ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ

57. അവർ പോകുംവഴി ഒരുവൻ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും.

58. യേശു പറഞ്ഞു: കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല.

59. അവൻ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും.

60. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.

61. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം.

62. യേശു പറഞ്ഞു: കലപ്പയിൽ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിനു യോഗ്യനല്ല.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------