അപ്പ. പ്രവര്‍ത്തനങ്ങള്‍ 8

സാവൂൾ സഭയെ പീഡിപ്പിക്കുന്നു
1. സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.
2. വിശ്വാസികൾ സ്തേഫാനോസിനെ സംസ്കരിച്ചു. അവനെച്ചൊല്ലി അവർ വലിയ വിലാപം ആചരിച്ചു.
3. എന്നാൽ, സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷൻമാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.

സുവിശേഷം സമരിയായിൽ
4. ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.
5. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.
6. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്ര ദ്ധിച്ചു.
7. എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖം പ്രാപിച്ചു.
8. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി.
9. മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരുവൻ ആ നഗരത്തിലുണ്ടായിരുന്നു. അവൻ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.
10. ചെറിയവർ മുതൽ വലിയവർ വരെ എല്ലാവരും അവൻ പറയുന്നത് കേട്ടിരുന്നു. അവർ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യൻ.
11. ദീർഘകാലമായി മാന്ത്രികവിദ്യകൾകൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.
12. എന്നാൽ, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോൾ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു.
13. ശിമയോൻപോലും വിശ്വസിച്ചു. അവൻ ജ്ഞാനസ്നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേർന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവൻ ആ ശ്ചര്യഭരിതനായി.
14. സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.
15. അവർ ചെന്ന് അവിടെയുള്ളവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവർക്കുവേണ്ടി പ്രാർഥിച്ചു.
16. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്ഞാന സ്നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.
17. പിന്നീട്, അവരുടെമേൽ അവർകൈകൾ വച്ചു; അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.
18. അപ്പസ്തോലൻമാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നൽകപ്പെട്ടതു കണ്ടപ്പോൾ ശിമയോൻ അവർക്കു പണം നൽകിക്കൊണ്ടു
19. പറഞ്ഞു. ഞാൻ ആരുടെമേൽ കൈകൾവച്ചാലും അവർക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.
20. പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകൾ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാൽ, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.
21. നിനക്ക് ഈ കാര്യത്തിൽ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമല്ല.
22. അതിനാൽ, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കർത്താവിനോടു പ്രാർഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.
23. നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാൻ മനസ്സിലാക്കുന്നു.
24. ശിമയോൻമറുപടി പറഞ്ഞു: നിങ്ങൾ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി നിങ്ങൾ കർത്താവിനോടു പ്രാർഥിക്കുക.
25. അവർ കർത്താവിന്റെ വചനത്തിനു സാക്ഷ്യം നൽകുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവർ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.

പീലിപ്പോസും എത്യോപ്യാക്കാരനും
26. കർത്താവിന്റെ ഒരു ദൂതൻ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമിൽനിന്നു ഗാസായിലേക്കുള്ള പാതയിൽ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു.
27. അവൻ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോൾ എത്യോപ്യാക്കാരനായ ഒരു ഷൺഡൻ, എത്യോപ്യാരാജ്ഞിയായ കൻദാക്കെയുടെ ഭൺഡാരവിചാരിപ്പുകാരൻ, ജറുസലെമിൽ ആരാധിക്കാൻ പോയിട്ടു തിരിച്ചുവരുകയായിരുന്നു.
28. രഥത്തിലിരുന്ന് അവൻ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു.
29. ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേർന്നു നടക്കുക.
30. പീലിപ്പോസ് അവന്റെ യടുക്കൽ ഓടിയെത്തി; അവൻ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ?
31. അവൻ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാൻ മന സ്സിലാക്കുക? രഥത്തിൽക്കയറി തന്നോടുകൂടെയിരിക്കാൻ പീലിപ്പോസിനോട് അവൻ അപേക്ഷിച്ചു.
32. അവൻ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ മൂകനായി നിൽക്കുന്ന ആട്ടിൻകുട്ടിയെപോലെയും അവൻ തന്റെ വായ് തുറന്നില്ല.
33. അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിൻതലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാൽ, ഭൂമിയിൽനിന്ന് അവന്റെ ജീവൻ അപഹരിക്കപ്പെട്ടു.
34. ഷൺഡൻ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകൻ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?
35. അപ്പോൾ പീലിപ്പോസ് സംസാരിക്കാൻ തുടങ്ങി. ഷൺഡൻ വായിച്ചവിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷംപ്രസംഗിച്ചു.
36. അവർ പോകുമ്പോൾ ഒരു ജലാശയത്തിങ്കലെത്തി. അപ്പോൾ ഷൺഡൻ പറഞ്ഞു:
37. ഇതാ വെള്ളം; എന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
38. രഥം നിർത്താൻ അവൻ ആജ്ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷൺഡന് സ്നാനം നൽകി.
39. അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷൺഡൻ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവൻ യാത്ര തുടർന്നു.
40. താൻ അസോത്തൂസിൽ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവൻ കേസറിയായിൽ എത്തി.