യോഹന്നാന്‍ 8

പിടിക്കപ്പെട്ട വ്യഭിചാരിണി
1. യേശു ഒലിവുമലയിലേക്കു പോയി.
2. അതിരാവിലെ അവൻ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവൻ ഇരുന്ന് അവരെ പഠിപ്പിച്ചു.
3. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി.
4. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്.
5. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?
6. ഇത്, അവനിൽ കുറ്റമാരോപിക്കാൻവേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.
7. അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ.
8. അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.
9. എന്നാൽ, ഇതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.
10. യേശു നിവർന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?
11. അവൾ പറഞ്ഞു: ഇല്ല, കർത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്.

യേശു ലോകത്തിന്റെ പ്രകാശം
12. യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
13. അപ്പോൾ ഫരിസേയർ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നൽകുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.
14. യേശു പ്രതിവചിച്ചു: ഞാൻ തന്നെ എനിക്കു സാക്ഷ്യം നൽകിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങൾ അറിയുന്നില്ല.
15. നിങ്ങളുടെ വിധി മാനുഷികമാണ്. ഞാൻ ആരെയും വിധിക്കുന്നില്ല.
16. ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.
17. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
18. എന്നെക്കുറിച്ചു ഞാൻ തന്നെ സാക്ഷ്യം നൽകുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നു.
19. അപ്പോൾ അവർ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങൾ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.
20. ദേവാലയത്തിൽ ഭൺഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവൻ ഇതെല്ലാം പറഞ്ഞത്. എന്നാൽ, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നുചേർന്നിട്ടില്ലായിരുന്നു.

യഹൂദർക്കു മുന്നറിയിപ്പ്
21. യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ, നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല.
22. അപ്പോൾ യഹൂദർ പറഞ്ഞു: ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല എന്ന് അവൻ പറയുന്നല്ലോ. അവൻ ആത്മഹത്യ ചെയ്തേക്കുമോ?
23. അവൻ പറഞ്ഞു: നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ മുകളിൽനിന്നുള്ളവനും. നിങ്ങൾ ഈലോകത്തിന്റേതാണ്; ഞാൻ ഈ ലോകത്തിന്റേതല്ല.
24. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു. എന്തെന്നാൽ, ഞാൻ ഞാൻ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.
25. അപ്പോൾ അവർ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭം മുതലേ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ.
26. എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാനാണ്. അവിടുത്തെ അധരത്തിൽനിന്നു കേട്ടതു ഞാൻ ലോകത്തോടു പറയുന്നു.
27. പിതാവിനെക്കുറിച്ചാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അവർ മനസ്സിലാക്കിയില്ല.
28. അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, ഞാൻ ഞാൻ തന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും. എന്നെ അയച്ചവൻ എന്നോടുകൂടെയുണ്ട്.
29. അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുന്നു.
30. ഇതു പറഞ്ഞപ്പോൾ വളരെപ്പേർ അവനിൽ വിശ്വസിച്ചു.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31. തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾയഥാർഥത്തിൽ എന്റെ ശിഷ്യരാണ്.
32. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
33. അവർ അവനോടു പറഞ്ഞു: ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്?
34. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്.
35. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
36. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾയഥാർഥത്തിൽ സ്വതന്ത്രരാകും.
37. നിങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ആലോചിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളിൽ വസിക്കുന്നില്ല.
38. എന്റെ പിതാവിന്റെ സന്നിധിയിൽ കണ്ടവയെപ്പറ്റി ഞാൻ സംസാരിക്കുന്നു. നിങ്ങളുടെ പിതാവിൽനിന്നു കേട്ടതു നിങ്ങൾ പ്രവർത്തിക്കുന്നു.

പിശാച് നിങ്ങളുടെ പിതാവ്
39. അവർ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങൾ അബ്രാഹത്തിന്റെ മക്കളാണെങ്കിൽ അബ്രാഹത്തിന്റെ പ്രവൃത്തികൾ ചെയ്യുമായിരുന്നു.
40. എന്നാൽ, ദൈവത്തിൽ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാൻ നിങ്ങൾ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല.
41. നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു. അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്കു പിതാവ് ഒന്നേ ഉള്ളൂ ദൈവം.
42. യേശു അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാൻ ദൈവത്തിൽനിന്നാണു വന്നിരിക്കുന്നത്. ഞാൻ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്.
43. ഞാൻ പറയുന്നത് എന്തുകൊണ്ടു നിങ്ങൾ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
44. നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതൽ കൊലപാതകിയാണ്. അവൻ ഒരിക്കലും സത്യത്തിൽ നിലനിന്നിട്ടില്ല. എന്തെന്നാൽ, അവനിൽ സത്യമില്ല. കള്ളം പറയുമ്പോൾ, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവൻ സംസാരിക്കുന്നത്. കാരണം, അവൻ നുണയനും നുണയുടെ പിതാവുമാണ്.
45. ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
46. നിങ്ങളിൽ ആർക്ക് എന്നിൽ പാപം തെളിയിക്കാൻ കഴിയും? ഞാൻ സത്യമാണ് പറയുന്നതെങ്കിൽ, എന്തുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല?
47. ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ള വരല്ല. അതുകൊണ്ട് നിങ്ങൾ അവ ശ്രവിക്കുന്നില്ല.

അബ്രാഹത്തിനുമുമ്പു ഞാനുണ്ട്
48. യഹൂദർ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നിൽ പിശാചുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?
49. യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു.
50. ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും വിധികർത്താവുമായ ഒരുവനുണ്ട്.
51. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല.
52. യഹൂദർ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകൻമാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു.
53. ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാൾ വലിയവനാണോ നീ? പ്രവാചകൻമാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?
54. യേശു പറഞ്ഞു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വത്തിനു വിലയില്ല.
55. എന്നാൽ, നിങ്ങളുടെ ദൈവമെന്നു നിങ്ങൾ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാൽ, നിങ്ങൾ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കിൽ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാൽ, ഞാൻ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.
56. എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ഡിച്ചു. അവൻ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.
57. അപ്പോൾ യഹൂദർ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?
58. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ഉണ്ട്.
59. അപ്പോൾ അവർ അവനെ എറിയാൻ കല്ലുകളെടുത്തു. എന്നാൽ യേശു അവരിൽനിന്നു മറഞ്ഞ് ദേവാലയത്തിൽനിന്നു പുറത്തു പോയി.