ലൂക്കാ - 8

യേശുവിനെ അനുഗമിച്ച സ്ത്രീകൾ

1. അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.

2. അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും

3. ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

വിതക്കാരന്റെ ഉപമ

4. പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു:

5. വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികിൽ വീണു. ആളുകൾ അതു ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു.

6. ചിലതു പാറമേൽ വീണു. അതു മുളച്ചു വളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി.

7. ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ അതിനോടൊപ്പം വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.

8. ചിലതു നല്ല നിലത്തു വീണു. അതു വളർന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തിപ്പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ഉപമയുടെ വിശദീകരണം

9. ഈ ഉപമയുടെ അർഥമെന്ത് എന്നു ശിഷ്യൻമാർ അവനോടു ചോദിച്ചു.

10. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്. മറ്റുള്ളവർക്കാകട്ടെ അവ ഉപമകളിലൂടെ നൽകപ്പെടുന്നു. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.

11. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്.

12. ചിലർ വചനം ശ്രവിച്ചെങ്കിലും അവർ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാൻവേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളിൽ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികിൽ വീണ വിത്ത്.

13. പാറയിൽ വീണത്, വചനം കേൾക്കുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവർക്കു വേരുകളില്ല. അവർ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങളുടെ സമയത്ത് അവർ വീണുപോകുന്നു.

14. മുള്ളുകളുടെ ഇടയിൽ വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിത ക്ലേശങ്ങൾ, സമ്പത്ത്, സുഖഭോഗങ്ങൾ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്.

15. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

ദീപം മറച്ചുവയ്ക്കരുത്

16. ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിൻമേൽ വയ്ക്കുന്നു.

17. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല.

18. ആകയാൽ, നിങ്ങൾ എപ്രകാരമാണു കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നൽകപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

യേശുവിന്റെ അമ്മയും സഹോദരരും

19. അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല.

20. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു.

21. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയുംചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

22. ഒരു ദിവസം യേശുവും ശിഷ്യൻമാരും വഞ്ചിയിൽ കയറി. നമുക്ക് തടാകത്തിന്റെ മറുകരയ്ക്കു പോകാം എന്ന് അവൻ പറഞ്ഞു. അവർ പുറപ്പെട്ടു.

23. അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ ഉറങ്ങുകയായിരുന്നു. അപ്പോൾ തടാകത്തിൽ കൊടുങ്കാറ്റുണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അവർ അപകടത്തിലായി.

24. അവർ അടുത്തുവന്ന് ഗുരോ, ഗുരോ, ഞങ്ങൾ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണർത്തി. അവൻ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി.

25. അവൻ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവർ ഭയന്ന് അദ്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവൻ ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇവൻ കൽപിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു

26. അതിനുശേഷം അവർ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടിൽ എത്തിച്ചേർന്നു.

27. അവൻ കരയ്ക്കിറങ്ങിയപ്പോൾ പിശാചുബാധയുള്ള ഒരുവൻ ആ പട്ടണത്തിൽനിന്ന് അവനെ സമീപിച്ചു. വളരെ കാലമായി അവൻ വസ്ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ് അവൻ കഴിഞ്ഞുകൂടിയിരുന്നത്.

28. യേശുവിനെ കണ്ടപ്പോൾ അവൻ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പിൽ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തിൽ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു.

29. എന്തെന്നാൽ, അവനിൽനിന്നു പുറത്തുപോകാൻ അശുദ്ധാത്മാവിനോട് യേശു കൽപിച്ചു. പലപ്പോഴും അശുദ്ധാത്മാവ് അവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാൽവിലങ്ങുകളും കൊണ്ടു ബന്ധിച്ചാണ് അവനെ സൂക്ഷിച്ചിരുന്നത്. എന്നാൽ, അവൻ അതെല്ലാം തകർക്കുകയും വിജനസ്ഥലത്തേക്കു പിശാച് അവനെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.

30. യേശു അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോൺ എന്ന് അവൻ പറഞ്ഞു. എന്തെന്നാൽ, അനേകം പിശാചുക്കൾ അവനിൽ പ്രവേശിച്ചിരുന്നു.

31. പാതാളത്തിലേക്കു പോകാൻ തങ്ങളോടു കൽപിക്കരുതെന്ന് ആ പിശാചുക്കൾ അവനോടു യാചിച്ചു.

32. വലിയ ഒരു പന്നിക്കൂട്ടം കുന്നിൻപുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാൻ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കൾ അപേക്ഷിച്ചു. അവൻ അനുവദിച്ചു.

33. അപ്പോൾ അവ ആ മനുഷ്യനെവിട്ട് പന്നികളിൽ പ്രവേശിച്ചു. പന്നികൾ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.

34. പന്നികളെ മേയിച്ചുകൊണ്ടിരുന്നവർ ഈ സംഭവം കണ്ട് ഓടിച്ചെന്ന് പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരം അറിയിച്ചു.

35. സംഭവിച്ചതെന്തെന്നു കാണാൻ ജനങ്ങൾ പുറപ്പെട്ട് യേശുവിന്റെ അടുത്തുവന്നു. പിശാചുബാധയിൽനിന്നു വിമോചിതനായ ആ മനുഷ്യൻ വസ്ത്രം ധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് അവർക്കു ഭയമായി.

36. പിശാചുബാധിതൻ എങ്ങനെ സുഖപ്പെട്ടു എന്ന് അതുകണ്ട ആളുകൾ അവരെ അറിയിച്ചു.

37. തങ്ങളെ വിട്ടുപോകണമെന്ന് ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട് അപേക്ഷിച്ചു. കാരണം, അവർ വളരെയേറെ ഭയന്നിരുന്നു. അവൻ വഞ്ചിയിൽ കയറി മടങ്ങിപ്പോന്നു.

38. പിശാചുബാധയൊഴിഞ്ഞ ആ മനുഷ്യൻ അവന്റെ കൂടെയായിരിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ, അവനെ തിരിച്ചയച്ചുകൊണ്ടു യേശു പറഞ്ഞു:

39. നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്കു ചെയ്തതെന്തെന്ന് അറിയിക്കുക. അവൻ പോയി യേശു തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ പട്ടണം മുഴുവൻ പ്രസിദ്ധമാക്കി.

രക്തസ്രാവക്കാരി സുഖംപ്രാപിക്കുന്നു; ജായ്റോസിന്റെ മകളെ പുനർജീവിപ്പിക്കുന്നു

40. യേശു തിരിച്ചുവന്നപ്പോൾ ജനക്കൂട്ടം അവനെ സ്വാഗതം ചെയ്തു.

41. എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. അപ്പോൾ, സിനഗോഗിലെ ഒരധികാരിയായ ജായ്റോസ് യേശുവിന്റെ കാൽക്കൽ വീണ്, തന്റെ വീട്ടിലേക്കു ചെല്ലണമെന്ന് അപേക്ഷിച്ചു.

42. പന്ത്രണ്ടു വയസ്സോളം പ്രായമുള്ള അവന്റെ ഏക പുത്രി ആസന്ന മരണയായിരുന്നു. അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരുന്നു.

43. അപ്പോൾ, പന്ത്രണ്ടു വർഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ

44. പിന്നിലൂടെവന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു.

45. യേശു ചോദിച്ചു: ആരാണ് എന്നെ സ്പർശിച്ചത്? ആരും മിണ്ടിയില്ല. അപ്പോൾ പത്രോസ് പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെതിക്കുകയാണല്ലോ.

46. യേശു പറഞ്ഞു: ആരോ എന്നെ സ്പർശിച്ചു. എന്നിൽനിന്നു ശക്തി നിർഗമിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.

47. മറയ്ക്കാൻ സാധിക്കില്ലെന്നു കണ്ടപ്പോൾ അവൾ വിറയലോടെ വന്ന് അവന്റെ കാൽക്കൽവീണ്, താൻ അവനെ എന്തിനു സ്പർശിച്ചു എന്നും എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്താവിച്ചു.

48. അവൻ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

49. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, സിനഗോഗധികാരിയുടെ വീട്ടിൽ നിന്ന് ഒരാൾ വന്നു പറഞ്ഞു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടാ.

50. യേശു ഇതുകേട്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക, അവൾ സുഖം പ്രാപിക്കും.

51. അവൻ വീട്ടിലെത്തിയപ്പോൾ തന്നോടുകൂടി അകത്തു പ്രവേശിക്കാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെൺകുട്ടിയുടെ പിതാവിനെയും മാതാവിനെയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല.

52. എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവൻ പറഞ്ഞു: കരയേണ്ടാ, അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.

53. എന്നാൽ, അവൾ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞിരുന്നതു കൊണ്ട് അവർ അവനെ പരിഹസിച്ചു.

54. അവൻ അവളുടെ കൈയ്ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേൽക്കുക.

55. അപ്പോൾ അവളുടെ ജീവൻ തിരിച്ചുവന്നു. ഉടനെ അവൾ എഴുന്നേറ്റിരുന്നു. അവൾക്ക് ആഹാരം കൊടുക്കാൻ അവൻ നിർദേശിച്ചു.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------