അപ്പ. പ്രവര്‍ത്തനങ്ങള്‍ 6

ഏഴു ഡീക്കന്മാർ
1. ശിഷ്യരുടെ സംഖ്യ വർധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു.
2. അതുകൊണ്ട്, പന്ത്രണ്ടു പേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല.
3. അതിനാൽ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽനിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏൽപിക്കാം.
4. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.
5. അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവർ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞസ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരൻ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.
6. അവരെ അപ്പസ്തോലൻമാരുടെ മുമ്പിൽ നിറുത്തി. അവർ പ്രാർഥിച്ചിട്ട് അവരുടെമേൽകൈകൾ വച്ചു.
7. ദൈവവചനം പ്രചരിക്കുകയും ജറുസലെമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു. പുരോഹിതൻമാരിൽ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

സ്തേഫാനോസിനെബന്ധിക്കുന്നു
8. സ്തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു.
9. കിറേനേക്കാരും അലക്സാൺ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും, സ്വതന്ത്ര ൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു.
10. എന്നാൽ, അവന്റെ സംസാരത്തിൽവെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.
11. അതുകൊണ്ട്, അവർ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളിൽ ചിലർ പറഞ്ഞു: അവൻ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു.
12. അവർ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു.
13. കള്ളസാക്ഷികൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവൻ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതിൽനിന്ന് ഒരിക്കലും വിരമിക്കുന്നില്ല.
14. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നൽകിയിട്ടുള്ള ആചാരങ്ങൾ മാറ്റുകയും ചെയ്യുമെന്ന് ഇവൻപ്രസ്താവിക്കുന്നതു ഞങ്ങൾ കേട്ടു.
15. സംഘത്തിലുണ്ടായിരുന്നവർ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.