അപ്പ. പ്രവര്‍ത്തനങ്ങള്‍ 5

അനനിയാസും സഫീറായും
1. അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.
2. വിലയുടെ ഒരു ഭാഗം അവൻ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്തോലൻമാരുടെ കാൽക്കൽ സമർപ്പിച്ചു.
3. പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താൻ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?
4. പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്.
5. ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മരിച്ചു. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി.
6. ചെറുപ്പക്കാർ അവനെ വസ്ത്രത്തിൽപൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു.
7. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.
8. പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങൾ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവൾ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.
9. അപ്പോൾ പത്രോസ് പറഞ്ഞു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ഒത്തുചേർന്നതെന്ത്? ഇതാ, നിന്റെ ഭർത്താവിനെ സംസ് കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേൾക്കാം. അവർ നിന്നെയും കൊണ്ടുപോ കും.
10. തത്ക്ഷണം അവൾ അവന്റെ കാൽക്കൽ മരിച്ചുവീണു. ചെറുപ്പക്കാർ അകത്തു പ്രവേശിച്ചപ്പോൾ അവൾ മരിച്ചുകിടക്കുന്നതു കണ്ടു. അവർ അവളെ എടുത്തുകൊണ്ടുപോയി ഭർത്താവിനു സമീപം സംസ്കരിച്ചു.
11. സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.

അദ്ഭുതങ്ങളും അടയാളങ്ങളും
12. അപ്പസ്തോലൻമാരുടെ കരങ്ങൾവഴി ജനമധ്യത്തിൽ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവർ ഏകമനസ്സോടെ സോളമന്റെ മൺഡ പത്തിൽ ഒന്നിച്ചുകൂടുക പതിവായിരുന്നു.
13. മറ്റുള്ളവരിൽ ആരുംതന്നെ അവരോടുചേരാൻ ധൈര്യപ്പെട്ടില്ല. എന്നാൽ, ജനം അവരെ ബഹുമാനിച്ചുപോന്നു.
14. കർത്താവിൽ വിശ്വസിച്ച പുരുഷൻമാരുടെയും സ്ത്രീകളുടെയും സംഖ്യ വർധിച്ചുകൊണ്ടേയിരുന്നു.
15. അവർ രോഗികളെ തെരുവീഥികളിൽകൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോൾ അവന്റെ നിഴലെങ്കിലും അവരിൽ ഏതാനും പേരുടെമേൽ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
16. അശുദ്ധാത്മാക്കൾ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളിൽ നിന്നു വന്നിരുന്നു. എല്ലാവർക്കും രോഗശാന്തി ലഭിച്ചു.

കാരാഗൃഹത്തിൽനിന്നു മോചനം
17. എന്നാൽ, പ്രധാനപുരോഹിതനും അവനോടു ചേർന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്
18. അപ്പസ്തോലൻമാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.
19. രാത്രി കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
20. നിങ്ങൾ ദേവാലയത്തിൽ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിൻ.

സംഘത്തിന്റെ മുമ്പിൽ
21. അവർ ഇതുകേട്ട് പ്രഭാതമായപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരൻമാരും ഒന്നിച്ചുകൂടിന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖൻമാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാൻ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.
22. ആ സേവകർ കാരാഗൃഹത്തിൽ ചെന്നപ്പോൾ അവരെ അവിടെ കണ്ടില്ല. അവർ തിരിച്ചുചെന്നു വിവരമറിയിച്ചു:
23. കാരാഗൃഹത്തിന്റെ വാതിലുകൾ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികൾ കാവൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു. എന്നാൽ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.
24. ഇതു കേട്ടപ്പോൾ ദേവാലയസേനാധിപനും പുരോഹിതപ്രമുഖൻമാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
25. അപ്പോൾ ഒരാൾ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽനിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.
26. അപ്പോൾ സേനാധിപൻ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങൾ തങ്ങളെ കല്ലെറിയുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.
27. അവർ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പിൽ നിർത്തി. പ്രധാന പുരോഹിതൻ അവരോടു പറഞ്ഞു:
28. ഈ നാമത്തിൽ പഠിപ്പിക്കരുതെന്നു ഞങ്ങൾ കർശനമായി കൽപിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ ആരോപിക്കാൻ നിങ്ങൾ ഉദ്യമിക്കുകയും ചെയ്യുന്നു.
29. പത്രോസും അപ്പസ്തോലൻമാരും പ്രതിവചിച്ചു: മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്.
30. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കൻമാരുടെദൈവം ഉയിർപ്പിച്ചു.
31. ഇസ്രായേലിന് അനുതാപവും പാപമോചനവും നൽകാൻ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തി.
32. ഈ സംഭവങ്ങൾക്കു ഞങ്ങൾ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവർക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.

ഗമാലിയേൽ ഇടപെടുന്നു
33. ഇതുകേട്ടപ്പോൾ അവർ ക്ഷുഭിതരാവുകയും അപ്പസ്തോലൻമാരെ വധിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
34. എന്നാൽ, നിയമോപദേഷ്ടാവും സകലർക്കും ആദരണീയനുമായ ഗമാലിയേൽ എന്ന ഫരിസേയൻ സംഘത്തിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താൻ ആവശ്യപ്പെട്ടു.
35. അനന്തരം അവൻ പറഞ്ഞു: ഇസ്രായേൽ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്ഷിച്ചുവേണം.
36. കുറെനാളുകൾക്കു മുമ്പ്, താൻ ഒരു വലിയവനാണെന്ന ഭാവത്തിൽതെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേർ അവന്റെ കൂടെച്ചേർന്നു. എന്നാൽ, അവൻ വധിക്കപ്പെടുകയും അവന്റെ അനുയായികൾ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.
37. അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആ കർഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികൾ തൂത്തെറിയപ്പെടുകയും ചെയ്തു.
38. അതുകൊണ്ട്, ഞാൻ നിങ്ങളോടു പറയുന്നു, ഈ ആളുകളിൽനിന്ന് അകന്നുനിൽക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽനിന്നാണെങ്കിൽ പരാജയപ്പെടും.
39. മറിച്ച്, ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയുംചെയ്യും. അവർ അവന്റെ ഉപദേശം സ്വീകരിച്ചു.
40. അവർ അപ്പസ്തോലൻമാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തിൽ സംസാരിച്ചു പോകരുതെന്നു കൽപിച്ച്, അവരെ വിട്ടയച്ചു.
41. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പിൽ നിന്നു പുറത്തുപോയി.
42. എല്ലാ ദിവസവും ദേവാലയത്തിൽവച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവർ വിരമിച്ചില്ല.