യോഹന്നാന്‍ 4

യേശുവും സമരിയാക്കാരിയും
1. യോഹന്നാനെക്കാൾ അധികം ആളുകളെ താൻ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയർ കേട്ടതായി കർത്താവ് അറിഞ്ഞു.
2. വാസ്തവത്തിൽ, ശിഷ്യൻമാരല്ലാതെ യേശു നേരിട്ട് ആരെയും സ്നാനപ്പെടുത്തിയില്ല.
3. അവൻ യൂദയാ വിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4. അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5. സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ അവൻ എത്തി. യാക്കോബ് തന്റെ മകൻ ജോസഫിനു നൽകിയ വയലിനടുത്താണ് ഈ പട്ടണം.
6. യാക്കോബിന്റെ കിണർ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയിൽ ഇരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറായിരുന്നു.
7. ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാൻ വന്നു. യേശു അവളോട് എനിക്കു കുടിക്കാൻ തരുക എന്നു പറഞ്ഞു.
8. അവന്റെ ശിഷ്യൻമാരാകട്ടെ, ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരുന്നു.
9. ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാൻ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ.
10. യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാൻ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ, നീ അവനോടു ചോദിക്കുകയും അവൻ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
11. അവൾ പറഞ്ഞു: പ്രഭോ, വെള്ളം കോരാൻ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും?
12. ഈ കിണർ ഞങ്ങൾക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റിൽനിന്നാണു കുടിച്ചിരുന്നത്.
13. യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.
14. എന്നാൽ, ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്കു നിർഗളിക്കുന്ന അരുവിയാകും.
15. അപ്പോൾ അവൾ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലിൽ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഞാൻ ഇവിടെ വരുകയും വേണ്ടല്ലോ.
16. അവൻ പറഞ്ഞു: നീ ചെന്ന് നിന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വരുക.
17. എനിക്കു ഭർത്താവില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭർത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്.
18. നിനക്ക് അഞ്ചു ഭർത്താക്കൻമാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്.
19. അവൾ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു.
20. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധന നടത്തി; എന്നാൽ, യഥാർഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങൾ പറയുന്നു.
21. യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.
22. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാൽ, രക്ഷ യഹൂദരിൽ നിന്നാണ്.
23. എന്നാൽ, യഥാർഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.
24. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവർ ആഃ്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.
25. ആ സ്ത്രീ പറഞ്ഞു: മിശിഹാ ക്രിസ്തു വരുമെന്ന് എനിക്ക് അറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.
26. യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ .
27. അവന്റെ ശിഷ്യൻമാർ തിരിച്ചെത്തി. അവൻ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവർ അദ്ഭുതപ്പെട്ടു. എന്നാൽ, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.
28. ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29. ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങൾ വന്നു കാണുവിൻ. ഇവൻതന്നെയായിരിക്കുമോ ക്രിസ്തു?
30. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുത്തു വന്നു.
31. തത്സമയം ശിഷ്യൻമാർ അവനോട് അപേക്ഷിച്ചു: റബ്ബി, ഭക്ഷണം കഴിച്ചാലും.
32. അവൻ പറഞ്ഞു: നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.
33. ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യൻമാർ പരസ്പരം പറഞ്ഞു.
34. യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
35. നാലു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പായി എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ ഞാൻ പറയുന്നു, നിങ്ങൾ കണ്ണുകളുയർത്തി വയലുകളിലേക്കു നോക്കുവിൻ. അവ ഇപ്പോൾത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു.
36. കൊയ്യുന്നവനു കൂലി കിട്ടുകയും അവൻ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു.
37. വിതയ്ക്കുന്നത് ഒരുവൻ , കൊയ്യുന്നതു മറ്റൊരുവൻ എന്ന ചൊല്ല് ഇവിടെ സാർഥകമായിരിക്കുന്നു.
38. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാൻ ഞാൻ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിന്റെ ഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39. ഞാൻ ചെയ്തതെല്ലാം അവൻ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരിൽ അനേകർ അവനിൽ വിശ്വസിച്ചു.
40. ആ സമരിയാക്കാർ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവൻ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു.
41. അവന്റെ വചനം ശ്രവിച്ച മറ്റു പലരും അവനിൽ വിശ്വസിച്ചു.
42. അവർ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേൽ ഞങ്ങൾ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങൾതന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാർഥത്തിൽ ലോക രക്ഷകൻ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു
43. രണ്ടു ദിവസം കഴിഞ്ഞ് അവൻ അവിടെനിന്നു ഗലീലിയിലേക്കു പോയി.
44. പ്രവാചകൻ സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
45. അവൻ ഗലീലിയിൽ വന്നപ്പോൾ ഗലീലിയാക്കാർ അവനെ സ്വാഗതം ചെയ്തു. എന്തെന്നാൽ, തിരുനാളിൽ അവൻ ജറുസലെമിൽ ചെയ്ത കാര്യങ്ങൾ അവർ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46. അവൻ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവൻ വെള്ളം വീഞ്ഞാക്കിയത്. കഫർണാമിൽ ഒരു രാജസേവകൻ ഉണ്ടായിരുന്നു. അവന്റെ മകൻ രോഗബാധിതനായിരുന്നു.
47. യേശുയൂദയായിൽ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോൾ അവൻ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു.
48. അപ്പോൾ യേശു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49. അപ്പോൾ, ആ രാജസേവകൻ അവനോട് അപേക്ഷിച്ചു: കർത്താവേ, എന്റെ മകൻ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു:പൊയ്ക്കൊള്ളുക. നിന്റെ മകൻ ജീവിക്കും.
50. യേശു പറഞ്ഞവചനം വിശ്വസിച്ച് അവൻ പോയി.
51. പോകുംവഴി മകൻ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാർത്തയുമായി ഭൃത്യൻമാർ എതിരേ വന്നു.
52. ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവൻ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറിൽ പനി വിട്ടുമാറി എന്ന് അവർ പറഞ്ഞു.
53. നിന്റെ മകൻ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറിൽത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു.
54. ഇത്യൂദയായിൽനിന്നു ഗലീലിയിലേക്കു വന്നപ്പോൾ യേശു പ്രവർത്തിച്ച രണ്ടാമത്തെ അടയാളമാണ്.