അപ്പ. പ്രവര്‍ത്തനങ്ങള്‍ 3

മുടന്തനു സൗഖ്യം
1. ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാർഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.
2. ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതിൽക്കൽ അവനെ കിടത്തുക പതിവായിരുന്നു.
3. പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവൻ അവരോടു ഭിക്ഷയാചിച്ചു.
4. പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.
5. അവരുടെ പക്കൽനിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവൻ അവരെ നോക്കി.
6. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വർണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.
7. പത്രോസ് വലത്തുകൈയ്ക്കു പിടിച്ച് അവനെ എഴുന്നേൽപിച്ചു. ഉടൻതന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
8. അവൻ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അവൻ അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ചു.
9. അവൻ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
10. ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മന സ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവർ അദ്ഭുതസ്തബ്ധരായി.

പത്രോസിന്റെ പ്രസംഗം
11. അവൻ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നിൽക്കുന്നതു കണ്ടപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ട് സോളമന്റെ മൺഡപത്തിൽ അവരുടെ അടുത്ത് ഓടിക്കൂടി.
12. ഇതുകണ്ട് പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേൽജനമേ, നിങ്ങളെന്തിന് ഇതിൽ അദ്ഭുതപ്പെടുന്നു? ഞങ്ങൾ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാൻ കഴിവുകൊടുത്തു എന്ന മട്ടിൽ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്?
13. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കൻമാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അവനെ ഏൽപിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അവന്റെ മുമ്പിൽവച്ച് നിങ്ങൾ അവനെ തള്ളിപ്പറഞ്ഞു.
14. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങൾ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ അപേക്ഷിച്ചു.
15. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അതിനു ഞങ്ങൾ സാക്ഷികളാണ്.
16. അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പിൽവച്ച് ഈ മനുഷ്യനു പൂർണ്ണാരോഗ്യം പ്രദാനം ചെയ്തത്.
17. സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം.
18. എന്നാൽ, തന്റെ അഭിഷിക്തൻ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകൻമാർവഴി ദൈവം മുൻകൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂർത്തിയാക്കി.
19. അതിനാൽ, നിങ്ങളുടെപാപങ്ങൾ മായിച്ചുകളയാൻ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ.
20. നിങ്ങൾക്കു കർത്താവിന്റെ സന്നിധിയിൽനിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങൾക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.
21. ആദിമുതൽ തന്റെ വിശുദ്ധ പ്രവാചകൻമാർവഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വർഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
22. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കർത്താവ് നിങ്ങൾക്കായി, നിങ്ങളുടെ സഹോദരൻമാരുടെയിടയിൽനിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയർത്തും. അവൻ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം.
23. ആ പ്രവാചകന്റെ വാക്കു കേൾക്കാത്തവരെല്ലാം ജനത്തിന്റെ ഇടയിൽനിന്നു പൂർണമായി വിച്ഛേദിക്കപ്പെടും.
24. സാമുവലും തുടർന്നുവന്ന പ്രവാചകൻമാ രെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
25. നിങ്ങൾ പ്രവാചകൻമാരുടെയും നമ്മുടെ പിതാക്കൻമാരോടു ദൈവം ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും.
26. ദൈവം തന്റെ ദാസനെ ഉയിർപ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങൾ ഓരോരുത്തരെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണ് അത്.