അപ്പ. പ്രവര്‍ത്തനങ്ങള്‍ 2

പരിശുഡ്ഢാത്മാവിന്റെ ആഗമനം
1. പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
2. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു.
3. അഗ്നിജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.
4. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
5. ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു.
6. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.
7. അവർ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
8. നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ?
9. പാർത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയൻ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും
10. ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായിൽനിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും
11. ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ.
12. ഇതിന്റെ യെല്ലാം അർഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
13. എന്നാൽ, മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവർക്കു ലഹരിപിടിച്ചിരിക്കുകയാണ്.

പത്രോസിന്റെ പ്രസംഗം
14. എന്നാൽ, പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമിൽ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിൻ; എന്റെ വാക്കുകൾശ്രദ്ധിക്കുവിൻ.
15. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോൾ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?
16. മറിച്ച്, ജോയേൽ പ്രവാചകൻ പറഞ്ഞതാണിത് :
17. ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധൻമാർ സ്വപ്നങ്ങൾ കാണും.
18. എന്റെ ദാസൻമാരുടെയും ദാസികളുടെയുംമേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും; അവർ പ്രവചിക്കുകയും ചെയ്യും.
19. ആകാശത്തിൽ അദ്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും ഞാൻ കാണിക്കും രക്തവും അ ഗ്നിയും ധൂമപടലവും.
20. കർത്താവിന്റെ മഹനീയവും പ്രകാശപൂർണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറും.
21. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷപ്രാപിക്കും.
22. ഇസ്രായേൽ ജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താൻ അവൻ വഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുത കൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു.
23. അവൻ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂർവജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളിൽ ഏൽപിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു.
24. എന്നാൽ, ദൈവം അവനെ മൃത്യുപാശത്തിൽനിന്നു വിമുക്തനാക്കി ഉയിർപ്പിച്ചു. കാരണം, അവൻ മരണത്തിന്റെ പിടിയിൽ കഴിയുക അസാധ്യമായിരുന്നു.
25. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.
26. എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയിൽ നിവസിക്കും.
27. എന്തെന്നാൽ, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തിൽ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയുമില്ല.
28. ജീവന്റെ വഴികൾ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താൽ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.
29. സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാൻ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവൻ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിൽ ഉണ്ടല്ലോ.
30. അവൻ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളിൽ ഒരാളെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവൻ അറിയുകയും ചെയ്തിരുന്നു.
31. അതുകൊണ്ടാണ്, അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീർണിക്കാൻ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടി ദർശിച്ചുകൊണ്ട് അവൻ പറഞ്ഞത്.
32. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.
33. ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെടുകയും പിതാവിൽനിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവൻ ഈ ആത്മാവിനെ വർഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്.
34. ദാവീദ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവൻ പറയുന്നു:
35. കർത്താവ് എന്റെ കർത്താവിനോടു പറഞ്ഞു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
36. അതിനാൽ, നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.

ആദ്യ ക്രൈസ്തവസമൂഹം
37. ഇതു കേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്?
38. പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും.
39. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്.
40. അവൻ മറ്റു പല വചനങ്ങളാലും അവർക്കു സാക്ഷ്യം നൽകുകയും ഈ ദുഷിച്ച തലമുറയിൽനിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയുംചെയ്തു.
41. അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.
42. അവർ അപ്പസ്തോലൻമാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു.
43. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലൻമാർ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.
44. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.
45. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു.
46. അവർ ഏക മനസ്സോടെ താത്പര്യപൂർവ്വം അനുദിനംദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.
47. അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടിരുന്നു.