ലൂക്കാ 23

പീലാത്തോസിന്റെ മുമ്പിൽ
1. അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.
2. അവർ അവന്റെ മേൽ കുറ്റംചുമത്താൻ തുടങ്ങി: ഈ മനുഷ്യൻ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താൻ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു.
3. പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവൻ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.
4. പീലാത്തോസ് പുരോഹിത പ്രമുഖൻമാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റ വും കാണുന്നില്ല.
5. അവരാകട്ടെ, നിർബന്ധപൂർവം പറഞ്ഞു: ഇവൻ ഗലീലി മുതൽ ഇവിടംവരെയുംയൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പിൽ
6. ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യൻ ഗലീലിയക്കാരനാണോ എന്നുചോദിച്ചു.
7. അവൻ ഹേറോദേസിന്റെ അധികാരത്തിൽപ്പെട്ടവനാണെന്നറിഞ്ഞപ്പോൾ പീലാത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആദിവസങ്ങളിൽ ഹേറോദേസ് ജറുസലെമിൽ ഉണ്ടായിരുന്നു.
8. ഹേറോദേസ് യേശുവിനെക്കണ്ടപ്പോൾ അത്യധികം സന്തോഷിച്ചു. എന്തെന്നാൽ, അവൻ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട് അവനെ കാണാൻ ആഗ്രഹിച്ചിരുന്നു; അവൻ ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
9. അതിനാൽ, അവൻ പലതും അവനോടു ചോദിച്ചു. പക്ഷേ, അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല.
10. പ്രധാനപുരോഹിതൻമാരും നിയമജ്ഞരും അവന്റെ മേൽ ആവേശപൂർവം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റുംനിന്നിരുന്നു.
11. ഹേറോദേസ് പടയാളികളോടു ചേർന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു. അവൻ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു.
12. അന്നുമുതൽ ഹേറോദേസും പീലാത്തോസും പരസ്പരം സ്നേഹിതൻമാരായി. മുമ്പ് അവർ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.

യേശുവിനെ വിധിക്കുന്നു
13. പീലാത്തോസ് പുരോഹിതപ്രമുഖൻമാരെയും നേതാക്കൻമാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു:
14. ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇവനെ എന്റെ മുമ്പിൽകൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പിൽവച്ചുതന്നെ ഇവനെ ഞാൻ വിസ്തരിച്ചു. നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളിൽ ഒന്നുപോലും ഇവനിൽ ഞാൻ കണ്ടില്ല.
15. ഹേറോദേസും കണ്ടില്ല. അവൻ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഇവൻ ചെയ്തിട്ടില്ല.
16. അതിനാൽ ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
17. അപ്പോൾ, അവർ ഏകസ്വരത്തിൽ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക.
18. ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക.
19. പട്ടണത്തിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്.
20. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കൽകൂടി അവരോടു സംസാരിച്ചു.
21. അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22. പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവൻ എന്തു തിൻമ പ്രവർത്തിച്ചു? വധശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഞാൻ അവനിൽ കണ്ടില്ല. അതുകൊണ്ട് ഞാൻ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
23. അവനെ ക്രൂശിക്കണമെന്ന് അവർ നിർബന്ധപൂർവം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിർബന്ധംതന്നെ വിജയിച്ചു.
24. അവർ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാൻ പീലാത്തോസ് തീരുമാനിച്ചു.
25. അവർ ആവശ്യപ്പെട്ട മനുഷ്യനെ വ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നവനെ വ അവൻ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏൽപിച്ചു കൊടുക്കുകയും ചെയ്തു.

യേശുവിനെ കുരിശിൽ തറയ്ക്കുന്നു
26. അവർ അവനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്ന് ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽവച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാൻ നിർബന്ധിച്ചു.
27. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.
28. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങൾ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിൻ.
29. എന്തെന്നാൽ, വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങൾ വരും.
30. അന്ന് അവർ പർവതങ്ങളോടു ഞങ്ങളുടെമേൽ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാൻ തുടങ്ങും.
31. പച്ചത്തടിയോട് അവർ ഇങ്ങനെയാണ്് ചെയ്യുന്നതെങ്കിൽ ഉണങ്ങിയതിന് എന്തു സംഭവിക്കും?
32. കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാൻ അവർ കൂട്ടിക്കൊണ്ടുപോയി.
33. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു; ആ കുറ്റവാളികളെയും ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും ക്രൂശിച്ചു.
34. യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കാൻ അവർ കുറിയിട്ടു.
35. ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവൻമറ്റുള്ളവരെ രക്ഷിച്ചു. ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ, തന്നെത്തന്നെ രക്ഷിക്കട്ടെ.
36. പടയാളികൾ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:
37. നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.
38. ഇവൻ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.
39. കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40. അപരൻ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ.
41. നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല.
42. അവൻ തുടർന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!
43. യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും.

യേശുവിന്റെ മരണം
44. അപ്പോൾ ഏകദേശം ആറാംമണിക്കൂർ ആയിരുന്നു. ഒൻപതാംമണിക്കൂർവരെ ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു.
45. സൂര്യൻ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്ശീല നടുവേ കീറി.
46. യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതു പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞു.
47. ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു.
48. കാഴ്ച കാണാൻ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49. അവന്റെ പരിചയക്കാരും ഗലീലിയിൽനിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
50. യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായിൽനിന്നുള്ള ജോസഫ് എന്നൊരുവൻ അവിടെ ഉണ്ടായിരുന്നു. ആലോച നാസംഘത്തിലെ അംഗമായ അവൻ നല്ല വനും നീതിമാനുമായിരുന്നു.
51. അവൻ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേർന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.
52. അവൻ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.
53. അവൻ അതു താഴെയിറക്കി ഒരു തുണിയിൽപൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു.
54. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.
55. ഗലീലിയിൽനിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകൾ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു.
56. അവർ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തിൽ അവർ നിയമാനുസൃതം വിശ്രമിച്ചു.