യോഹന്നാന്‍ 21

യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു
1. ഇതിനുശേഷം യേശു തിബേരിയാസ് കടൽത്തീരത്തുവച്ച് ശിഷ്യൻമാർക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:
2. ശിമയോൻ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായിൽനിന്നുള്ള നഥാനയേൽ, സെബദിയുടെ പുത്രൻമാർ എന്നിവരും വേറെ രണ്ടു ശിഷ്യൻമാരും ഒരുമിച്ചിരിക്കുകയായിരുന്നു.
3. ശിമയോൻ പത്രോസ് പറഞ്ഞു: ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.
4. ഉഷസ്സായപ്പോൾ യേശു ക ടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അതു യേശുവാണെന്നു ശിഷ്യൻമാർ അറിഞ്ഞില്ല.
5. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ? ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു.
6. അവൻ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോൾ നിങ്ങൾക്കു കിട്ടും. അവർ വലയിട്ടു. അപ്പോൾ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാൻ അവർക്കു കഴിഞ്ഞില്ല.
7. യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നുകേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.
8. എന്നാൽ, മറ്റു ശിഷ്യൻമാർ മീൻ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു. അവർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.
9. കരയ്ക്കിറങ്ങിയപ്പോൾ തീകൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു.
10. യേശു പറഞ്ഞു: നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ.
11. ഉടനെ ശിമയോൻപത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതിൽ നൂറ്റിയ മ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12. യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ. ശിഷ്യൻമാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാൻമുതിർന്നില്ല; അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു.
13. യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.
14. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

പത്രോസ് അജപാലകൻ
15. അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻപത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
16. രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
17. അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
18. സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.
19. ഇത് അവൻ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

യേശുവും വത്സലശിഷ്യനും
20. പത്രോസ് തിരിഞ്ഞു നോക്കിയപ്പോൾ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സിൽ ചാരിക്കിടന്നുകൊണ്ട്, കർത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാൻ പോകുന്നത് എന്നു ചോദിച്ചത്.
21. അവനെ കണ്ടപ്പോൾ പത്രോസ് യേശുവിനോടു ചോദിച്ചു: കർത്താവേ, ഇവന്റെ കാര്യം എന്ത്?
22. യേശു പറഞ്ഞു: ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.
23. ആ ശിഷ്യൻമരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയിൽ പരന്നു. എന്നാൽ, അവൻ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാൻ വരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത് എന്നാണ്.
24. ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം.
25. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.