യോഹന്നാന്‍ 20

ശൂന്യമായ കല്ലറ
1. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു.
2. അവൾ ഉടനെ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.
3. പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവർ ഇരുവരും ഒരുമിച്ച് ഓടി.
4. എന്നാൽ, മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
5. കുനിഞ്ഞു നോക്കിയപ്പോൾ കച്ച കിടക്കുന്നത് അവൻ കണ്ടു. എങ്കിലും അവൻ അകത്തു പ്രവേശിച്ചില്ല.
6. അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു.
7. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു.
8. അപ്പോൾ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.
9. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല.
10. അനന്തരം ശിഷ്യൻമാർ മടങ്ങിപ്പോയി.

യേശു മഗ്ദലേനമറിയത്തിനുപ്രത്യക്ഷപ്പെടുന്നു
11. മറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാൽക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു.
13. അവർ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എന്റെ കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.
14. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.
15. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.
16. യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു വേഗുരു എന്നർഥം.
17. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
18. മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു.

ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നു
19. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യൻമാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!
20. ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യൻമാർ സന്തോഷിച്ചു.
21. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
22. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
23. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

തോമസിന്റെ സംശയം
24. പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25. അതുകൊണ്ടു മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.
26. എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!
27. അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
28. തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ!
29. യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.
30. ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു.
31. എന്നാൽ, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.