ലൂക്കാ - 2

യേശുവിന്റെ ജനനം

1. അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കൽപന പുറപ്പെട്ടു.

2. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.

3. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി.

4. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാൽ ,

5. പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്നു യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത്'ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.

6. അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു.

7. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല.

ആട്ടിടയൻമാർക്കു ലഭിച്ച സന്ദേശം

8. ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയൻമാർ ഉണ്ടായിരുന്നു.

9. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു.

10. ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.

11. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.

12. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.

13. പെട്ടെന്ന്, സ്വർഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

14. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!

15. ദൂതൻമാർ അവരെവിട്ട്, സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയൻമാർ പരസ്പരം പറഞ്ഞു: നമുക്ക് ബേത്'ലെഹെംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.

16. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.

17. അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരെ അവർ അറിയിച്ചു.

18. അതു കേട്ടവരെല്ലാം ഇടയൻമാർ തങ്ങളോടു പറഞ്ഞസംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു.

19. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.

20. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേൾക്കുകയുംചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയുംചെയ്തുകൊണ്ട് ആ ഇടയൻമാർ തിരിച്ചുപോയി.

പരിച്ഛേദനം, സമർപ്പണം

21. ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ്, ദൂതൻ നിർദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നൽകി.

22. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലെമിലേക്കു കൊണ്ടുപോയി.

23. കടിഞ്ഞൂൽപുത്രൻമാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നുവിളിക്കപ്പെടണം എന്നും,

24. ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ബലി അർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്.

ശിമയോനും അന്നായും

25. ജറുസലെമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു.

26. കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു.

27. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൻമാർ ദേവാലയത്തിൽ കൊണ്ടുചെന്നു.

28. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

29. കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമേ!

30. എന്തെന്നാൽ,

31. സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു.

32. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

33. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു.

34. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും.

35. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.

36. ഫനുവേലിന്റെ പുത്രിയും ആഷേർ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവൾ കന്യകാപ്രായം മുതൽ ഏഴു വർഷം ഭർത്താവിനോടൊത്തു ജീവിച്ചു.

37. എൺപത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർഥനയിലും കഴിയുകയായിരുന്നു.

38. അവൾ അപ്പോൾത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമിൽ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

39. കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.

40. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നു.

ബാലനായ യേശു ദേവാലയത്തിൽ

41. യേശുവിന്റെ മാതാപിതാക്കൻമാർ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമിൽ പോയിരുന്നു.

42. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുനാളിനു പോയി.

43. തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല.

44. അവൻ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ

45. അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്കു തിരിച്ചുപോയി.

46. മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.

47. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.

48. അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു:

49. നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?

50. അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല.

51. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.

52. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു.

 ---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------