അപ്പ. പ്രവര്‍ത്തനങ്ങള്‍ 1

പരിശുദ്ധാത്മാവിന്റെ വാഗ്ദാനം
1. അല്ലയോ തെയോഫിലോസ്, യേശു, താൻ തെരഞ്ഞെടുത്ത അപ്പസ്തോലൻമാർക്ക് പരിശുദ്ധാത്മാവുവഴി കൽപന നൽകിയതിനുശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.
2. കല്പന നൽകിയതിനുശേഷം സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.
3. പീഡാനുഭവത്തിനുശേഷം നാൽപതു ദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്കു വേണ്ടത്ര തെളിവുകൾ നൽകിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.
4. അവൻ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ കൽപിച്ചു: നിങ്ങൾ ജറുസലെം വിട്ടു പോകരുത്. എന്നിൽനിന്നു നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ.
5. എന്തെന്നാൽ, യോഹന്നാൻ വെള്ളം കൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.

യേശുവിന്റെ സ്വർഗാരോഹണം
6. ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ അവനോടു ചോദിച്ചു: കർത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നത് ഇപ്പോഴാണോ?
7. അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല.
8. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
9. ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവർ നോക്കി നിൽക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയിൽനിന്നു മറച്ചു.
10. അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്കുമ്പോൾ, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു
11. പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക്പോകുന്നതായി നിങ്ങൾ കണ്ട തുപോലെതന്നെതിരിച്ചുവരും.

മത്തിയാസ്
12. അവർ ഒലിവുമലയിൽ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെയാത്രാദൂരമാണു ള്ളത്.
13. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
14. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു.
15. അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരർ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:
16. സഹോദരരേ, യേശുവിനെ പിടിക്കാൻ വന്നവർക്കു നേതൃത്വം നൽകിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂർത്തിയാകേണ്ടിയിരുന്നു.
17. അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയിൽ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു.
18. എന്നാൽ, അവൻ തന്റെ ദുഷ്കർമത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവൻ തലകുത്തി വീണു; ഉദരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി.
19. ജറുസലെം നിവാസികൾക്കെല്ലാം ഈ വിവരം അറിയാം. ആ സ്ഥലം അവരുടെ ഭാഷയിൽ രക്തത്തിന്റെ വയൽ എന്നർഥമുള്ള ഹക്കൽദ്മാ എന്നു വിളിക്കപ്പെട്ടു.
20. അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവൻ ഏറ്റെടുക്കട്ടെ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
21. അതിനാൽ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാൾ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.
22. യോഹന്നാന്റെ സ്നാനം മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ .
23. അവർ ബാർസബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. ജോസഫിനുയുസ്തോസ് എന്നുംപേരുണ്ടായിരുന്നു.
24. അവർ പ്രാർത്ഥിച്ചു: കർത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങൾ അങ്ങ് അറിയുന്നുവല്ലോ.
25. യൂദാസ് താൻ അർഹിച്ചിരുന്നിടത്തേക്കു പോകാൻവേണ്ടി ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ.
26. പിന്നെ അവർ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു.