വചനം മനുഷ്യനായി
1. ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
2. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു.
3. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
4. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻമനുഷ്യരുടെ വെളിച്ചമായിരുന്നു.
5. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല.
6. ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാൻ എന്നാണ്.
7. അവൻ സാക്ഷ്യത്തിനായി വന്നു വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ.
8. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നൽകാൻ വന്നവനാണ്.
9. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാർഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
10. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.
11. അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.
12. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി.
13. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽനിന്നത്രേ.
14. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.
15. യോഹന്നാൻ അവനു സാക്ഷ്യം നൽകിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാൻ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
16. അവന്റെ പൂർണതയിൽനിന്നു നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു.
17. എന്തുകൊണ്ടെന്നാൽ, നിയമം മോശവഴി നൽകപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി.
18. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.
സ്നാപകയോഹന്നാന്റെ സാക്ഷ്യം
19. നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലെമിൽനിന്നു പുരോഹിതൻമാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു:
20. ഞാൻ ക്രിസ്തുവല്ല, അവൻ അസന്ഡിഗ്ധമായി പ്രഖ്യാപിച്ചു. അവർ ചോദിച്ചു: എങ്കിൽപ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു:
21. എങ്കിൽ, നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി.
22. അവർ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കിൽ നീ ആരാണ്, ഞങ്ങളെ അയച്ചവർക്കു ഞങ്ങൾ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു?
23. അവൻ പറഞ്ഞു: ഏശയ്യാ ദീർഘദർശി പ്രവചിച്ചതുപോലെ, കർത്താവിന്റെ വഴികൾ നേരേയാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ.
24. ഫരിസേയരാണ് അവരെ അയച്ചത്.
25. അവർ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനം നൽകാൻ കാരണമെന്ത്?
26. യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നൽകുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മധ്യേ നിൽപുണ്ട്.
27. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.
28. യോഹന്നാൻ സ്നാനം നൽകിക്കൊണ്ടിരുന്ന ജോർദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.
ദൈവത്തിന്റെ കുഞ്ഞാട്
29. അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവൻ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്നു ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.
31. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താൻവേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നൽകുന്നത്.
32. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെ മേൽ ആവസിക്കുന്നത് താൻ കണ്ടു എന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തി.
33. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലംകൊണ്ടു സ്നാനം നൽകാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നൽകുന്നവൻ.
34. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ആദ്യശിഷ്യൻമാർ
35. അടുത്തദിവസം യോഹന്നാൻ തന്റെ ശിഷ്യൻമാരിൽ രണ്ടുപേരോടുകൂടെ നിൽക്കുമ്പോൾ
36. യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!
37. അവൻ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യൻമാർ യേശുവിനെ അനുഗമിച്ചു.
38. യേശു തിരിഞ്ഞ്, അവർ തന്റെ പിന്നാലെ വരുന്നതുകണ്ട്, ചോദിച്ചു: നിങ്ങൾ എന്തന്വേഷിക്കുന്നു? അവർ ചോദിച്ചു: റബ്ബീ വേഗുരു എന്നാണ് ഇതിനർഥം അങ്ങ് എവിടെയാണു വസിക്കുന്നത്?
39. അവൻ പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു.
40. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻ പത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു.
41. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങൾ മിശിഹായെ ക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞു.
42. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ പാറ എന്നു നീ വിളിക്കപ്പെടും.
പീലിപ്പോസും നഥാനയേലും
43. പിറ്റേദിവസം അവൻ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോൾ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക.
44. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായിൽനിന്നുള്ളവനായിരുന്നു.
45. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ വ ജോസഫിന്റെ മകൻ , നസറത്തിൽനിന്നുള്ള യേശുവിനെ ഞങ്ങൾ കണ്ടു.
46. നഥാനയേൽ ചോദിച്ചു: നസ്രത്തിൽനിന്ന് എന്തെങ്കിലും നൻമ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക!
47. നഥാനയേൽ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരുയഥാർഥ ഇസ്രായേൽക്കാരൻ!
48. അപ്പോൾ നഥാനയേൽ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെക്കണ്ടു.
49. നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.
50. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിക്കുന്നു, അല്ലേ? എന്നാൽ ഇതിനെക്കാൾ വലിയ കാര്യങ്ങൾ നീ കാണും.
51. അവൻ തുടർന്നു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, സ്വർഗം തുറക്കപ്പെടുന്നതും ദൈവദൂതൻമാർ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും.