യോഹന്നാന്‍ 19

1. പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികൾ ഒരു മുൾക്കിരീടമുണ്ടാക്കി അവന്റെ തലയിൽ വച്ചു;
2. ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.
3. അവർ അവന്റെ അടുക്കൽ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.
4. പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.
5. മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച്് യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യൻ!
6. അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ; എന്തെന്നാൽ, ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
7. യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻമരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
8. ഇതു കേട്ടപ്പോൾ പീലാത്തോസ് കൂടുതൽ ഭയപ്പെട്ടു.
9. അവൻ വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.
10. പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
11. യേശു പ്രതിവചിച്ചു: ഉന്നതത്തിൽനിന്നു നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാൽ, എന്നെ നിനക്കേൽപിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.
12. അപ്പോൾ മുതൽ പീലാത്തോസ് അവനെ വിട്ടയ്ക്കാൻ ശ്രമമായി. എന്നാൽ, യഹൂദർ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.
13. ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കൽത്തളം ഹെബ്രായ ഭാഷയിൽ ഗബ്ബാത്ത എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്ന്യായാസനത്തിൽ ഇരുന്നു.
14. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവൻ യഹൂദരോടു പറഞ്ഞു:
15. ഇതാ, നിങ്ങളുടെ രാജാവ്! അവർ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശിൽ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖൻമാർ പറഞ്ഞു: സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല.
16. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.

യേശുവിനെ ക്രൂശിക്കുന്നു
17. അവർ യേശുവിനെ ഏറ്റുവാങ്ങി. അവൻ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം ഹെബ്രായ ഭാഷയിൽ ഗൊൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.
18. അവിടെ അവർ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.
19. പീലാത്തോസ് ഒരു ശീർഷകം എഴുതി കുരിശിനു മുകളിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.
20. യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യഹൂദരിൽ പലരും ആ ശീർഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.
21. യഹൂദരുടെ പുരോഹിതപ്രമുഖൻമാർ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.
22. പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.
23. പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.
24. ആകയാൽ, അവർ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ്
25. പടയാളികൾ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നിൽക്കുന്നുണ്ടായിരുന്നു.
26. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ .
27. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.

യേശുവിന്റെ മരണം
28. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
29. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.
30. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.

പാർശ്വം പിളർക്കപ്പെടുന്നു
31. അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കാതിരിക്കാൻവേണ്ടി അവരുടെ കാലുകൾ തകർക്കാനും അവരെ നീക്കംചെയ്യാനും യഹൂദർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
32. അതിനാൽ പടയാളികൾ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകൾ തകർത്തു.
33. അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവന്റെ കാലുകൾ തകർത്തില്ല.
34. എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.
35. അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു.
36. അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ് ഇതു സംഭവിച്ചത്.
37. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങൾ കുത്തി മുറിവേൽപിച്ചവനെ അവർ നോക്കിനിൽക്കും.

യേശുവിനെ സംസ്കരിക്കുന്നു
38. യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട്് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി.
39. യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേർന്ന ഏകദേശം നൂറു റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
40. അവർ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു.
41. അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
42. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.