ലൂക്കാ 19

സക്കേവൂസിന്റെ ഭവനത്തിൽ
1. യേശു ജറീക്കോയിൽ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു.
2. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവൻ ചുങ്കക്കാരിൽ പ്രധാനനും ധനികനുമായിരുന്നു.
3. യേശു ആരെന്നു കാണാൻ അവൻ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാൽ ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല.
4. യേശുവിനെ കാണാൻവേണ്ടി അവൻ മുമ്പേ ഓടി, ഒരു സിക്കമൂർ മരത്തിൽ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്.
5. അവിടെയെത്തിയപ്പോൾ അവൻ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു.
6. അവൻ തിടുക്കത്തിൽ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു.
7. ഇതു കണ്ടപ്പോൾ അവരെല്ലാവരും പിറുപിറുത്തു: ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ.
8. സക്കേ വൂസ് എഴുന്നേറ്റു പറഞ്ഞു: കർത്താവേ, ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
9. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്.
10. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.

പത്തു നാണയത്തിന്റെ ഉപമ
11. അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ, അവൻ തുടർന്ന് ഒരു ഉപമ പറഞ്ഞു. കാരണം, അവൻ ജറുസലെമിനു സ മീപത്തായിരുന്നു. ദൈവരാജ്യം ഉടൻ വന്നുചേരുമെന്ന് അവർ വിചാരിക്കുകയും ചെയ്തിരുന്നു.
12. അവൻ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചു വരാൻ വേണ്ടി ദൂരദേശത്തേക്കു പോയി.
13. അവൻ ഭൃത്യൻമാരിൽ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏൽപിച്ചുകൊണ്ടു പറഞ്ഞു: ഞാൻ തിരിച്ചുവരുന്നതുവരെ നിങ്ങൾ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിൻ.
14. അവന്റെ പൗരൻമാർ അവനെ വെറുത്തിരുന്നു. ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുവാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവർ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു.
15. എന്നാൽ, അവൻ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താൻ പണം ഏൽപിച്ചിരുന്ന ഭൃത്യൻമാർ വ്യാപാരം ചെയ്ത് എന്തു സ മ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാൻ അവൻ കൽപിച്ചു.
16. ഒന്നാമൻ വന്നുപറഞ്ഞു:യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു.
17. അവൻ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെമേൽ നീ അധികാരിയായിരിക്കും.
18. രണ്ടാമൻ വന്നു പറഞ്ഞു:യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു.
19. യ ജമാനൻ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേൽ നീ അധികാരിയായിരിക്കും.
20. വേറൊരുവൻ വന്നു പറഞ്ഞു:യജമാനനേ, ഞാൻ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ.
21. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കർക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്.
22. അവൻ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാൻ വിധിക്കും. ഞാൻ കർക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്ത തു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ.
23. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏൽപിച്ചില്ല? എങ്കിൽ, ഞാൻ മടങ്ങിവന്നപ്പോൾ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ?
24. അവൻ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനിൽ നിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവനു കൊടുക്കുക.
25. അവർ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നു പറഞ്ഞു.
26. ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ള തുപോലും എടുക്കപ്പെടും.
27. ഞാൻ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മു മ്പിൽവച്ചു കൊന്നുകളയുവിൻ.

ജറുസലെമിലേക്കു രാജകീയപ്രവേശം
28. അവൻ ഇതു പറഞ്ഞതിനുശേഷം ജറുസലെമിലേക്കുള്ളയാത്ര തുടർന്നു.
29. ഒലിവുമലയ്ക്കരികെയുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങളെ സമീപിച്ചപ്പോൾ, അവൻ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദേശിച്ചയച്ചു:
30. എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ചെല്ലുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
31. നിങ്ങൾ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട് എന്നുപറയുക.
32. അയയ്ക്കപ്പെട്ട വർ പോയി യേശു പറഞ്ഞതുപോലെ കണ്ടു.
33. അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്, നിങ്ങൾ എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത് എന്നു ചോദിച്ചു.
34. കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട് എന്ന് അവർ പറഞ്ഞു.
35. അവർ അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രങ്ങൾ കഴുതക്കുട്ടിയുടെ പുറത്തു വിരിച്ച് അവർ യേശുവിനെ ഇരുത്തി.
36. അവൻ കടന്നുപോകുമ്പോൾ അവർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു.
37. അവൻ പട്ടണത്തോടടുത്ത് ഒലിവു മലയുടെ ചരിവിനു സമീപത്തെത്തിയപ്പോൾ ശിഷ്യഗണം മുഴുവൻ സന്തോഷിച്ച് തങ്ങൾ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികളെയുംപറ്റി ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
38. കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗൃഹീതൻ, സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം എന്ന് അവർ ആർത്തുവിളിച്ചു.
39. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില ഫരിസേയർ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യൻമാരെ ശാസിക്കുക.
40. അവൻ പ്രതിവചിച്ചു: ഇവർ മൗനം ഭജിച്ചാൽ ഈ കല്ലുകൾ ആർത്തുവിളിക്കുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു.
41. അവൻ അടുത്തുവന്ന് പട്ടണം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു:
42. സമാധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ, അവ ഇപ്പോൾ നിന്റെ ദൃഷ്ടിയിൽനിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
43. ശത്രുക്കൾ നിനക്കു ചു റ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരും.
44. നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നിൽ കല്ലിൻമേൽ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാൽ, നിന്റെ സന്ദർശനദിനം നീ അറിഞ്ഞില്ല.

ദേവാലയ ശുദ്ധീകരണം
45. അനന്തരം അവൻ ദേവാലയത്തിൽ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി.
46. അവൻ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാർഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
47. അവൻ ദിവസവും ദേവാലയത്തിൽ പ ഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖൻമാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാൻമാർഗം അന്വേഷിച്ചുകൊണ്ടിരുന്നു.
48. എന്നാൽ, അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളിൽ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.