യോഹന്നാന്‍ 18

യേശുവിനെ ബന്ധിക്കുന്നു
1. ഇതു പറഞ്ഞശേഷം യേശു ശിഷ്യൻമാരോടുകൂടെ കെദ്രോൺ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യൻമാരും അതിൽ പ്രവേശിച്ചു.
2. അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യൻമാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.
3. യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖൻമാരുടെയും ഫരിസേയരുടെയും അടുക്കൽനിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി.
4. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?
5. അവർ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.
6. ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലംപതിക്കുകയും ചെയ്തു.
7. അവൻ വീണ്ടും ചോദിച്ചു: നിങ്ങൾ ആരെ അന്വേഷിക്കുന്നു? അവർ പറഞ്ഞു: നസറായനായ യേശുവിനെ.
8. യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ.
9. നീ എനിക്കു തന്നവ രിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് അവൻ പറഞ്ഞവചനം പൂർത്തിയാകാൻവേണ്ടിയായിരുന്നു ഇത്.
10. ശിമയോൻ പത്രോസ് വാൾ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മൽക്കോസ് എന്നായിരുന്നു.
11. യേശു പത്രോസിനോടു പറഞ്ഞു: വാൾ ഉറയിലിടുക. പിതാവ് എനിക്കു നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടയോ?

പ്രധാനപുരോഹിതന്റെ മുമ്പിൽ
12. അപ്പോൾ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു.
13. അവർ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവൻ ആ വർഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു.
14. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നതുയുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

പത്രോസ് തള്ളിപ്പറയുന്നു
15. ശിമയോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാൽ അവൻ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.
16. പത്രോസാകട്ടെ പുറത്തു വാതിൽക്കൽ നിന്നു. അതിനാൽ പ്രധാനപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യൻ പുറത്തുചെന്നു വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അ കത്തു പ്രവേശിപ്പിച്ചു.
17. അപ്പോൾ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യൻമാരിലൊരുവനല്ലേ? അല്ല എന്ന് അവൻ പറഞ്ഞു.
18. തണുപ്പായിരുന്നതിനാൽ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.

പ്രധാനപുരോഹിതൻ ചോദ്യം ചെയ്യുന്നു
19. പ്രധാനപുരോഹിതൻ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു.
20. യേശു മറുപടി പറഞ്ഞു: ഞാൻ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാൻ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല.
21. എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണു പറഞ്ഞതെന്ന് അവർക്കറിയാം.
22. അവൻ ഇതു പറഞ്ഞപ്പോൾ അടുത്തു നിന്നിരുന്ന സേവകൻമാരിലൊരുവൻ, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.
23. യേശു അവനോടു പറഞ്ഞു: ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?
24. അപ്പോൾ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.

പത്രോസ് വീണ്ടും തള്ളിപ്പറയുന്നു
25. ശിമയോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ അവർ അവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യൻമാരിൽ ഒരുവനല്ലേ? അല്ല എന്ന് അവൻ തള്ളിപ്പറഞ്ഞു.
26. പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാർച്ചക്കാരനുമായ ഒരുവൻ അവനോടു ചോദിച്ചു: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടതല്ലേ?
27. പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.

പീലാത്തോസിന്റെ മുമ്പിൽ
28. യേശുവിനെ അവർ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോൾ പുലർച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ അവർ പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല.
29. അതിനാൽ പീലാത്തോസ് പുറത്ത് അവരുടെ അടുക്കൽ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങൾ കൊണ്ടുവരുന്നത്?
30. അവർ പറഞ്ഞു: ഇവൻ തിൻമ പ്രവർത്തിക്കുന്നവനല്ലെങ്കിൽ ഞങ്ങൾ ഇവനെ നിനക്ക് ഏൽപിച്ചു തരുകയില്ലായിരുന്നു.
31. പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
32. ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.
33. പീലാത്തോസ് വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
34. യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവർ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
35. പീലാത്തോസ് പറഞ്ഞു: ഞാൻ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖൻമാരുമാണ് നിന്നെ എനിക്കേൽപിച്ചു തന്നത്. നീ എന്താണു ചെയ്തത്?
36. യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കിൽ ഞാൻ യഹൂദർക്ക് ഏൽപിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ, എന്റെ രാജ്യം ഐഹികമല്ല.
37. പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു.
38. പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?

മരണത്തിനു വിധിക്കപ്പെടുന്നു
39. ഇതു ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല. എന്നാൽ പെസഹാദിവസം ഞാൻ നിങ്ങൾക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാൽ യഹൂദരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടെയോ?
40. ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.