ലൂക്കാ 18

ന്യായാധിപനും വിധവയും
1. ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണം എന്നു കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു:
2. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
3. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.
4. കുറേ നാളത്തേക്ക് അവൻ അതു ഗൗനിച്ചില്ല. പിന്നീട്, അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.
5. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വൾക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കിൽ, അവൾ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും.
6. കർത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപൻ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിൻ.
7. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വർക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?
8. അവർക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

ഫരിസേയനും ചുങ്കക്കാരനും
9. തങ്ങൾ നീതിമാൻമാരാണ് എന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവൻ ഈ ഉപമ പറഞ്ഞു:
10. രണ്ടു പേർ പ്രാർഥിക്കാൻ ദേവാലയത്തിലേക്കുപോയി ഒരാൾ ഫരിസേയനും മറ്റേയാൾ ചുങ്കക്കാരനും.
11. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ പ്രാർഥിച്ചു: ദൈവമേ, ഞാൻ നിനക്കു നന്ദി പറയുന്നു. എന്തെന്നാൽ, ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.
12. ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു.
13. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർഥിച്ചു.
14. ഞാൻ നിങ്ങളോടു പറയുന്നു, ഇവൻ ആ ഫരിസേയനെക്കാൾ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും.

ശിശുക്കളെ ആശീർവദിക്കുന്നു
15. അവൻ കൈകൾവച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ അവന്റെ അടുത്ത് അവർ കൊണ്ടുവന്നു. അവന്റെ ശിഷ്യൻമാർ ഇതു കണ്ടപ്പോൾ അവരെ ശകാരിച്ചു.
16. എന്നാൽ, യേശു അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
17. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.

ധനികനായ മനുഷ്യൻ
18. ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?
19. യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല.
20. പ്രമാണങ്ങൾ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം നൽകരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
21. അവൻ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്.
22. അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക, അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.
23. ഇതു കേട്ടപ്പോൾ അവൻ വളരെ വ്യസനിച്ചു. കാരണം, അവൻ വലിയ ധനികനായിരുന്നു.
24. യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം!
25. ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
26. ഇതുകേട്ടവർ ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപ്രാപിക്കാൻ ആർക്കു കഴിയും?
27. അവൻ പറഞ്ഞു: മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
28. പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങൾ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.
29. യേശു പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരൻമാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവ രിലാർക്കും,
30. ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.

പീഡാനുഭവവും ഉത്ഥാനവും മൂന്നാം പ്രവചനം
31. അവൻ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പറഞ്ഞു: ഇതാ, നമ്മൾ ജറുസലെ മിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകൻമാർ വഴി എഴുതപ്പെട്ടതെല്ലാം പൂർത്തിയാകും. അവൻ വിജാതീയർക്ക് ഏൽപിക്കപ്പെടും.
32. അവർ അവനെ പരിഹ സിക്കുകയും അപമാനിക്കുകയും അവന്റെ മേൽ തുപ്പുകയും ചെയ്യും.
33. അവർ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.
34. ഇക്കാര്യങ്ങൾ ഒന്നും അവർ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്റെ പൊരുൾ അവരിൽനിന്നു മറയ്ക്കപ്പെട്ടിരുന്നു; അവൻ സംസാരിച്ചവ അവർ മനസ്സിലാക്കിയതുമില്ല.

അന്ധനു കാഴ്ച നൽകുന്നു
35. അവൻ ജറീക്കോയെ സമീപിച്ച പ്പോൾ ഒരു കുരുടൻ വഴിയരുകിൽ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു.
36. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവൻ അന്വേഷിച്ചു.
37. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവർ പറഞ്ഞു.
38. അപ്പോൾ അവൻ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ!
39. മുമ്പേ പൊയ്ക്കൊണ്ടിരുന്നവർ, നിശ്ശ ബ്ദനായിരിക്കാൻ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതൽ ഉച്ചത്തിൽ ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
40. യേശു അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാൻ കൽപിച്ചു.
41. അവൻ അടുത്തു വന്നപ്പോൾ യേശു ചോദിച്ചു:ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: കർത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.
42. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
43. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.