യോഹന്നാന്‍ 17

ശിഷ്യൻമാർക്കുവേണ്ടി പ്രാർഥിക്കുന്നു
1. ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
2. എന്തെന്നാൽ, അവിടുന്ന് അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ നൽകേണ്ടതിന്, എല്ലാവരുടെയുംമേൽ അവന് അവിടുന്ന് അധികാരം നൽകിയിരിക്കുന്നുവല്ലോ.
3. ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ.
4. അവിടുന്ന് എന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി.
5. ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.
6. ലോകത്തിൽനിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെനാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നൽകി. അവർ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.
7. അവിടുന്ന് എനിക്കു നൽകിയതെല്ലാം അങ്ങിൽനിന്നാണെന്ന് അവർ ഇപ്പോൾ അറിയുന്നു.
8. എന്തെന്നാൽ, അങ്ങ് എനിക്കു നൽകിയ വചനം ഞാൻ അവർക്കു നൽകി. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ അടുക്കൽനിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.
9. ഞാൻ അവർക്കുവേണ്ടിയാണുപ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്. എന്തെന്നാൽ, അവർ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.
10. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാൻ അവരിൽ മഹത്വപ്പെട്ടിരിക്കുന്നു.
11. ഇനിമേൽ ഞാൻ ലോകത്തിലല്ല; എന്നാൽ, അവർ ലോകത്തിലാണ്. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ!
12. ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു; ഞാൻ അവരെ കാത്തുസൂക്ഷിച്ചു. വിശുദ്ധലിഖിതം പൂർത്തിയാകാൻവേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല.
13. എന്നാൽ, ഇപ്പോൾ ഇതാ, ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തിൽവച്ചു ഞാൻ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂർണ തയിൽ അവർക്കുണ്ടാകേണ്ടതിനാണ്.
14. അവിടുത്തെ വചനം അവർക്കു ഞാൻ നൽകിയിരിക്കുന്നു. എന്നാൽ, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാൽ, ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.
15. ലോകത്തിൽനിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർഥിക്കുന്നത്.
16. ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.
17. അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.
18. അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.
19. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുഡ്ഢീകരിക്കുന്നു.
20. അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണു ഞാൻ പ്രാർഥിക്കുന്നത്.
21. അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു.
23. അവർ പൂർണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ.
24. പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്വം നൽകി. അങ്ങ് എനിക്കു നൽകിയവരും അതു കാണാൻ ഞാൻ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
25. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ, ഞാൻ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.
26. അങ്ങയുടെ നാമം അവരെ ഞാൻ അറിയിച്ചു. അവിടുന്ന് എനിക്കു നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമായി ഞാൻ ഇനിയും അത് അറിയിക്കും.