ലൂക്കാ 17

ശിഷ്യർക്ക് ഉപദേശങ്ങൾ
1. അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ് പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാൽ, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!
2. ഈ ചെറിയവ രിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനെക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.
3. നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കു വിൻ. നിന്റെ സഹോദരൻ തെറ്റു ചെയ് താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക.
4. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം.
5. അപ്പോൾ അപ്പസ്തോലൻമാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ!
6. കർത്താവു പറഞ്ഞു: നിങ്ങൾക്കു ഒരു കടുകുമണിയോളം വിശ്വാസ മുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.
7. നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലിൽ നിന്നു തിരിച്ചുവരുമ്പോൾ അവനോട്, നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ?
8. എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക.
9. കൽപിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോടു നിങ്ങൾ നന്ദി പറയുമോ?
10. ഇതുപോലെ തന്നെ നിങ്ങളും കൽപിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസൻമാരാണ്; കടമ നിർവഹിച്ചതേയുള്ളു എന്നു പറയുവിൻ.

പത്തു കുഷ്ഠരോഗികൾ
11. ജറൂസലെമിലേക്കുള്ളയാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു.
12. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു.
13. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു.
14. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതൻമാർക്കു കാണിച്ചു കൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു.
15. അവരിൽ ഒരുവൻ , താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു.
16. അവൻ യേശുവിന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു.
17. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒൻപതു പേർ എവിടെ?
18. ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
19. അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം
20. ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയർ ചോദിച്ചതിന്, അവൻ മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്.
21. ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.
22. അവൻ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയം വരും. എന്നാൽ, നിങ്ങൾ കാണുകയില്ല.
23. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവർ നിങ്ങളോടു പറയും. നിങ്ങൾ പോകരുത്. അവരെ നിങ്ങൾ അനുഗമിക്കുകയുമരുത്.
24. ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽപ്പിണർ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ ദിവസത്തിൽ മനുഷ്യപുത്രനും.
25. എന്നാൽ, ആദ്യമേ അവൻ വളരെ കഷ്ടത കൾ സഹിക്കുകയും ഈ തലമുറയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
26. നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും.
27. നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.
28. ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു അവർ തിന്നുകയും കുടിക്കുകയും വാങ്ങുകയും വിൽക്കുകയും നടുകയും വീടു പണിയുകയും ചെയ്തു കൊണ്ടിരുന്നു.
29. പക്ഷേ, ലോത്ത് സോദോമിൽനിന്ന് ഓടിപ്പോയ ദിവസം സ്വർഗത്തിൽ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു.
30. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും.
31. ആദിവസം പുരമുകളിൽ ആയിരിക്കുന്നവൻ വീട്ടിനകത്തുള്ള തന്റെ സാധനങ്ങൾ എടുക്കാൻ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ വയലിൽ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്.
32. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓർമിക്കുക.
33. തന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ, തന്റെ ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു നിലനിർത്തും.
34. ഞാൻ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലിൽ രണ്ടു പേർ ഉണ്ടായിരിക്കും. ഒരാൾ എടുക്കപ്പെടും; മറ്റേയാൾ അവശേഷിക്കും.
35. രണ്ടു സ്ത്രീകൾ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും; മറ്റവൾ അവശേഷിക്കും.
36. കർത്താവേ, എവിടേക്ക് എന്ന് അവർ ചോദിച്ചു.
37. അവൻ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകൻമാർ വന്നു കൂടും.