യോഹന്നാന്‍ 16

1. നിങ്ങൾക്ക് ഇടർച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.
2. അവർ നിങ്ങളെ സിനഗോഗുകളിൽനിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.
3. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും.
4. അവരുടെ സമയം വരുമ്പോൾ, ഇതു ഞാൻ പറഞ്ഞിരുന്നു എന്നു നിങ്ങൾ ഓർമിക്കാൻവേണ്ടി ഞാൻ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങൾ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
5. എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.
6. ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.
7. എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും.
8. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
9. അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ,
10. ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,
11. ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
12. ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല.
13. സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.
14. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.
15. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്.

ദുഃഖം സന്തോഷമായി മാറും
16. അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടും അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും.
17. അപ്പോൾ അവന്റെ ശിഷ്യൻമാരിൽ ചിലർ പരസ്പരം പറഞ്ഞു: അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നും, ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവൻ നമ്മോടു പറയുന്നതിന്റെ അർഥമെന്താണ്?
18. അവർ തുടർന്നു: അൽപസമയം എന്നതുകൊണ്ട് അവൻ എന്താണ് അർഥമാക്കുന്നത്? അവൻ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.
19. ഇക്കാര്യം അവർ തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നു മനസ്സി ലാക്കി യേശു പറഞ്ഞു: അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നു ഞാൻ പറഞ്ഞതിനെപ്പറ്റി നിങ്ങൾ പരസ്പരം ചോദിക്കുന്നുവോ?
20. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാൽ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിതരാകും; എന്നാൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.
21. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.
22. അതുപോലെ ഇപ്പോൾ നിങ്ങളും ദുഃഖിതരാണ്. എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തു കളയുകയുമില്ല.
23. അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.
24. ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും.

ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു
25. ഉപമകൾ വഴിയാണ് ഇതെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്. ഉപമകൾ വഴിയല്ലാതെ ഞാൻ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോൾ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാൻ നിങ്ങളെ അറിയിക്കും.
26. അന്ന് നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു പ്രാർഥിക്കാം എന്നു പറയുന്നില്ല.
27. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിൽനിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.
28. ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.
29. അവന്റെ ശിഷ്യൻമാർ പറഞ്ഞു: ഇപ്പോൾ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.
30. നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. നീ ദൈവത്തിൽനിന്നു വന്നുവെന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.
31. യേശു ചോദിച്ചു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
32. എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
33. നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.