അപ്പ. പ്രവര്‍ത്തനങ്ങള്‍ 14

പൗലോസ് ഇക്കോണിയത്തിൽ
1. അവർ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗിൽ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.
2. വിശ്വസിക്കാതിരുന്ന യഹൂദർ സഹോദരർക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.
3. എങ്കിലും, അവർ വളരെനാൾ അവിടെ താമസിച്ച്, കർത്താവിനെപ്പറ്റി ധൈര്യപൂർവംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവർത്തിക്കാൻ അവർക്ക് അനുഗ്രഹം നൽകിക്കൊണ്ട് കർത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകി.
4. എന്നാൽ, നഗരത്തിലെ ജനങ്ങളുടെയിടയിൽ ഭിന്നതയുണ്ടായി. ചിലർ യഹൂദരുടെകൂടെയും ചിലർ അപ്പസ്തോലൻമാരുടെകൂടെയും ചേർന്നു.
5. അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.
6. ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.
7. അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.

ലിസ്ത്രായിൽ
8. കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല.
9. പൗലോസ് പ്രസംഗിക്കുന്നത് അവൻ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാൻ തക്കവിശ്വാസം അവനുണ്ടെന്നു കണ്ട് പൗലോസ്
10. ഉച്ചത്തിൽ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നിൽക്കുക. അവൻ ചാടിയെഴുന്നേറ്റു നടന്നു.
11. പൗലോസ് ചെയ്ത ഈപ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയൻ ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു: ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
12. അവർ ബാർണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാൽ അവനെ ഹെർമസ് എന്നും വിളിച്ചു.
13. നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകളും പൂമാലകളുമായി കവാടത്തിങ്കൽവന്ന് ജനങ്ങളോടു ചേർന്നു ബലിയർപ്പിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.
14. ഇതറിഞ്ഞ് അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു:
15. ഹേ, മനുഷ്യരേ, നിങ്ങൾ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യർഥ മായ ഈ രീതികളിൽനിന്ന്, ജീവിക്കുന്നദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.
16. കഴിഞ്ഞതലമുറകളിൽ എല്ലാ ജനതകളെയും സ്വന്തം മാർഗങ്ങളിൽ സ ഞ്ചരിക്കാൻ അവിടുന്ന് അനുവദിച്ചു.
17. എങ്കിലും, നൻമ പ്രവർത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങൾക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നൽകിക്കൊണ്ടിരുന്നു.
18. അവർ ഇപ്രകാരം പറഞ്ഞു തങ്ങൾക്കു ബലിയർപ്പിക്കുന്നതിൽനിന്നു ജനങ്ങളെ കഷ്ടിച്ചു പിൻതിരിപ്പിച്ചു.
19. അന്ത്യോക്യായിൽനിന്നും ഇക്കോണിയത്തിൽനിന്നും അവിടെയെത്തിയ യഹൂദൻമാർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.
20. എന്നാൽ, ശിഷ്യൻമാർ അവനു ചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റു പട്ടണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസം ബാർണബാസുമൊത്ത് അവൻ ദെർബേയിലേക്കു പോയി.

അന്ത്യോക്യായിൽ
21. ആ നഗരത്തിലും അവർ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവർ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.
22. വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവർ ശക്തിപ്പെടുത്തി.
23. അവർ സഭകൾതോറും ശ്രേഷ്ഠൻമാരെ നിയമിച്ച് പ്രാർഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങൾ വിശ്വസിച്ച കർത്താവിനു സമർപ്പിച്ചു.
24. പിന്നീട് അവർ പിസീദിയായിലൂടെ കടന്ന് പാംഫീലിയായിൽ എത്തി.
25. പെർഗായിൽ വചനം പ്രസംഗിച്ചതിനുശേഷം അവർ അത്താലിയായിലേക്കു പോയി.
26. അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പൽ കയറി. തങ്ങൾ നിർവഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവർ ഭരമേൽപിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.
27. അവർ അവിടെ എത്തിയപ്പോൾ സഭയെ വിളിച്ചുകൂട്ടി തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചുവെന്നും വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.
28. പിന്നീട്, കുറെക്കാലത്തേക്ക് അവർ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.