അപ്പ. പ്രവര്‍ത്തനങ്ങള്‍ 13

ബാർണബാസും സാവൂളും അയയ്ക്കപ്പെടുന്നു.
1. അന്ത്യോക്യായിലെ സഭയിൽപ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു ബാർണബാസ്, നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ.
2. അവർ കർത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാർണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.
3. ഉപവാസത്തിനും പ്രാർഥ നയ്ക്കും ശേഷം അവർ അവരുടെമേൽ കൈ വയ്പു നടത്തി പറഞ്ഞയച്ചു.

പാഫോസിലെ മാന്ത്രികൻ
4. പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെട്ട അവർ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പൽ കയറുകയും ചെയ്തു.
5. സലാമീസിൽ എത്തിയപ്പോൾ അവർ യഹൂദരുടെ സിനഗോഗുകളിൽ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാൻ യോഹന്നാനും ഉണ്ടായിരുന്നു.
6. അവർ ദ്വീപുമുഴുവൻ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോൾ ഒരു മന്ത്ര വാദിയെ കണ്ടുമുട്ടി. അവൻ ബർവ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.
7. ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേർജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവൻ . ഈ ഉപസ്ഥാനപതി ദൈവവചനം ശ്രവിക്കാൻ താത്പര്യപ്പെട്ട് ബാർണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.
8. എന്നാൽ, മാന്ത്രികനായ എലിമാസ് മാന്ത്രികൻ എന്നാണ് ഈ പേരിന്റെ അർഥം വിശ്വാസത്തിൽനിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു.
9. പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി
10. പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്റെ നേർവഴികൾ ദുഷിപ്പിക്കുന്നതിൽ നിന്നു വിരമിക്കയില്ലേ?
11. ഇതാ കർത്താവിന്റെ കരം ഇപ്പോൾ നിന്റെ മേൽ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദർശിക്കാൻ നിനക്കു സാധിക്കുകയില്ല. ഉടൻതന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാൻ അവൻ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.
12. ഈ സംഭവം കണ്ടപ്പോൾ ഉപസ്ഥാനപതി കർത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.

പൗലോസ് അന്ത്യോക്യായിൽ
13. പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽയാത്ര ചെയ്ത് പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി.
14. എന്നാൽ, അവർ പെർഗാ കടന്ന് പിസീദിയായിലെ അന്ത്യോകായിൽ വന്നെത്തി. സാബത്തുദിവസം അവർ സിനഗോഗിൽ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.
15. നിയമവുംപ്രവചനങ്ങളും വായിച്ചുക ഴിഞ്ഞപ്പോൾ സിനഗോഗിലെ അധികാരി കൾ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നൽകാനുണ്ടെങ്കിൽ പറയാം.
16. അപ്പോൾ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേൽ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിൻ.
17. ഈ ഇസ്രായേൽ ജനതയുടെ ദൈവം നമ്മുടെ പിതാക്കൻമാരെ തെരഞ്ഞെടുത്തു. ഈജിപ്തിൽ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.
18. അവിടുന്നു നാൽപതു വർഷത്തോളം മരുഭൂമിയിൽ അവരോടു ക്ഷമാപൂർവം പെരുമാറി.
19. കാനാൻദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി
20. നാനൂറ്റിയമ്പതു വർഷത്തോളം ഇസ്രായേൽക്കാർക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവർക്കുന്യായാധിപൻമാരെ നൽകി.
21. പിന്നീട് അവർ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിൻ ഗോത്രത്തിൽപ്പെട്ട കിഷിന്റെ പുത്രൻ സാവൂളിനെ നാൽപതു വർഷത്തേക്ക് ദൈവം അവർക്കു നൽകി.
22. അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയർത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു.
23. അവൻ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തിൽ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു.
24. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചു.
25. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാൻ ഞാൻ യോഗ്യനല്ല.
26. സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.
27. ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങൾ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങൾ പൂർത്തിയാക്കി.
28. മരണശിക്ഷയർഹിക്കുന്ന ഒരു കുറ്റവും അവനിൽ കാണാതിരുന്നിട്ടും അവനെ വധിക്കാൻ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
29. അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂർത്തിയായപ്പോൾ അവർ അവനെ കുരിശിൽനിന്നു താഴെയിറക്കി കല്ലറയിൽ സംസ്കരിച്ചു.
30. എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.
31. അവനോടൊപ്പം ഗലീലിയിൽനിന്ന് ജറുസലെമിലേക്കു വന്നവർക്ക് അവൻ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവന്റെ സാക്ഷികളാണ്.
32. ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്;
33. പിതാക്കൻമാർക്കു നൽകിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീർത്തനത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജൻമം നൽകി.
34. നാശത്തിന്റെ അവ സ്ഥയിലേക്കു തിരിച്ചുചെല്ലാനാവാത്തവി ധം മരിച്ചവരിൽനിന്ന് അവനെ ഉയിർപ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്ര ഹങ്ങൾ നിങ്ങൾക്കു ഞാൻ തരും.
35. മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയില്ല.
36. ദാവീദ് തന്റെ തലമുറയിൽ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണം പ്രാപിച്ചു. അവൻ പിതാക്കൻമാരോടു ചേരുകയും ജീർണത പ്രാപിക്കുകയും ചെയ്തു.
37. എന്നാൽ, ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണത പ്രാപിച്ചില്ല.
38. സഹോദരരേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവൻ വഴിയത്രേ. മോശയുടെ നിയമം വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.
39. വിശ്വസിക്കുന്നവർക്ക് അവൻ വഴി അവയിൽ നീതീകരണം ലഭിക്കും.
40. അതുകൊണ്ട്, പ്രവചനങ്ങളിൽ പറഞ്ഞിട്ടുള്ളത് നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ;
41. നിന്ദകരേ, കാണുവിൻ, ആശ്ചര്യപ്പെടുവിൻ; അപ്രത്യക്ഷരാകുവിൻ. എന്തെന്നാൽ, നിങ്ങളുടെ ദിവസങ്ങളിൽ ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു ആരുപറഞ്ഞാലും നിങ്ങൾ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.
42. ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവർ പുറത്തുവന്നപ്പോൾ ആളുകൾ അവരോടപേക്ഷിച്ചു.
43. സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോൾ പല യഹൂദരും യഹൂദമതത്തിൽ പുതുതായി ചേർന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാർണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
44. അടുത്ത സാബത്തിൽ ദൈവവചനം ശ്രവിക്കാൻ നഗരവാസികൾ എല്ലാവരുംതന്നെ സമ്മേളിച്ചു.
45. ജനക്കൂട്ടത്തെ കണ്ടപ്പോൾ യഹൂദർ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ എതിർക്കുകയും അവനെ ദുഷിക്കുകയും ചെയ്തു.
46. പൗലോസും ബാർണബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാൽ, നിങ്ങൾ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീർത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.
47. കാരണം, കർത്താവു ഞങ്ങളോട് ഇങ്ങനെ കൽപിച്ചിരിക്കുന്നു: ഭൂമിയുടെ അതിർത്തികൾവരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയർക്ക് ഒരു ദീപമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.
48. ഈ വാക്കുകൾകേട്ടപ്പോൾ വിജാതീയർ സന്തോഷ ഭരിതരായി കർത്താവിന്റെ വചനത്തെപ്രകീർത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.
49. കർത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.
50. എന്നാൽ, യഹൂദൻമാർ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാർണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.
51. അവർ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.
52. ശിഷ്യൻമാർ ആ നന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.