യോഹന്നാന്‍ 13

ശിഷ്യൻമാരുടെ പാദം കഴുകുന്നു
1. ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.
2. അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സിൽ യേശു വിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു.
3. പിതാവ് സകലതും തന്റെ കരങ്ങളിൽഏൽപിച്ചിരിക്കുന്നുവെന്നും താൻ ദൈവത്തിൽനിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.
4. അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി.
5. അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.
6. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കർത്താവേ, നീ എന്റെ കാൽ കഴുകുകയോ?
7. യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും.
8. പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.
9. ശിമയോൻ പത്രോസ് പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ!
10. യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല.
11. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അവൻ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ള വരല്ല എന്ന് അവൻ പറഞ്ഞത്.
12. അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങൾക്കു ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ?
13. നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്.
14. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.
15. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു.
16. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഭൃത്യൻയജമാനനെക്കാൾ വലിയവനല്ല; അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാളും വലിയവനല്ല.
17. ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗൃഹീതർ.
18. നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി എന്നതിരുവെഴുത്തു പൂർത്തിയാകേണ്ടിയിരിക്കുന്നു.
19. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനുമുമ്പുതന്നെ ഞാൻ നിങ്ങളോടു പറയുന്നത്.
20. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.

യൂദാസിന്റെ വഞ്ചനയെക്കുറിച്ച്
21. ഇതു പറഞ്ഞപ്പോൾ യേശു ആത്മാവിൽ അസ്വസ്ഥനായി. അവൻ വ്യക്തമായി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.
22. അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യൻമാർ ആ കുലചിത്തരായി പരസ്പരം നോക്കി.
23. ശിഷ്യൻമാരിൽ യേശു സ്നേഹിച്ചിരുന്നവൻ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.
24. ശിമയോൻ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവൻ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക.
25. യേശുവിന്റെ വക്ഷസ്സിൽ ചേർന്നു കിടന്നുകൊണ്ട് അവൻ ചോദിച്ചു: കർത്താവേ, ആരാണത്?
26. അവൻ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു.
27. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.
28. എന്നാൽ, ഭക്ഷണത്തിനിരുന്നവരിൽ ആരും അവൻ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല.
29. പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാൽ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലർ വിചാരിച്ചു.
30. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു.

പുതിയ പ്രമാണം
31. അവൻ പുറത്തു പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻമഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.
32. ദൈവം അവനിൽ മഹത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും; ഉടൻതന്നെ മഹത്വപ്പെടുത്തും.
33. എന്റെ കുഞ്ഞുങ്ങളേ, ഇനി അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല.
34. ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു.
35. നിങ്ങൾ പരസ്പരം സ്നേഹിക്കു വിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും.

പത്രോസ് ഗുരുവിനെനിഷേധിക്കും
36. ശിമയോൻ പത്രോസ് ചോദിച്ചു: കർത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്കു കഴിയുകയില്ല. എന്നാൽ, പിന്നീടു നീ അനുഗമിക്കും.
37. പത്രോസ് പറഞ്ഞു: കർത്താവേ, ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും.
38. യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവൻ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.