അപ്പ. പ്രവര്‍ത്തനങ്ങള്‍ 12

യാക്കോബിന്റെ വധം
1. അക്കാലത്ത് ഹേറോദേസ് രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി.
2. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
3. യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവൻ പത്രോസിനെയും ബന്ധന സ്ഥനാക്കാൻ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.
4. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടൻമാർ വീതമുള്ള നാലു സംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോൾ അവനെ ജനത്തിന്റെ മുമ്പിൽകൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം.
5. അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷണമായിപ്രാർഥിച്ചുകൊണ്ടിരുന്നു.

കാരാഗൃഹത്തിൽ അദ്ഭുതം
6. പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാൻ ഹേറോദേസ് ഉഡ്ഡേശിച്ചിരുന്നതിന്റെ തലേ രാത്രി പത്രോസ് ഇരുചങ്ങല കളാൽ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാർ കാരാഗൃഹവാതിൽക്കൽ കാവൽനിൽക്കുന്നുണ്ടായിരുന്നു.
7. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻപ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേൽക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്നു ചങ്ങലകൾ താഴെ വീണു.
8. ദൂതൻ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക.
9. അവൻ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതൻവഴി സംഭവിച്ച ഇക്കാര്യംയാഥാർഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദർശനം ഉണ്ടായതാണെന്നേ അവൻ കരുതിയുള്ളൂ.
10. അവർ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തു കടന്ന് ഒരു തെരുവുപിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി.
11. അപ്പോഴാണ് പത്രോസിന് പൂർണബോധം വന്നത്. അവൻ പറഞ്ഞു: കർത്താവു തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളിൽ നിന്നും യഹൂദൻമാരുടെ വ്യാമോഹങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു വ്യക്തമായി.
12. ഇക്കാര്യം ഗ്രഹിച്ചപ്പോൾ അവൻ , മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
13. അവൻ പടിവാതിൽക്കൽ മുട്ടിയപ്പോൾ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.
14. പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞഅവൾ സന്തോഷഭരിതയായി വാതിൽ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, പത്രോസ് വാതിൽക്കൽ നിൽക്കുന്നു എന്നറിയിച്ചു.
15. നിനക്കു ഭ്രാന്താണ് എന്ന് അവർ പറഞ്ഞു. അവൾ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോൾ അവന്റെ കാവൽദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
16. പത്രോസ് വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ കതകു തുറന്നപ്പോൾ അവനെക്കണ്ടു വിസ്മയിച്ചു.
17. നിശ്ശബ്ദരായിരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് കർത്താവു തന്നെ കാരാഗൃഹത്തിൽനിന്നു രക്ഷപെ ടുത്തിയതെന്ന് അവൻ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരൻമാരോടും പറയണമെന്ന് അവൻ ആവശ്യപ്പെട്ടു. അനന്തരം അവൻ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോൾ,
18. പത്രോസിന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി.
19. അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോൾ ഹേറോദേസ് കാവൽക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാൻ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ്യൂദയായിൽനിന്ന് കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.

ഹേറോദേസിന്റെ ദുരന്തം
20. ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവർ ഒത്തുചേർന്ന് രാജാവിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്ളാസ്തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു. കാരണം, അവരുടെ ദേശം ഭക്ഷ്യസാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.
21. ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങൾ ധരിച്ച് സിംഹാസനത്തിൽ ഉപ വിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു.
22. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല.
23. പെട്ടെന്നു കർത്താവിന്റെ ഒരു ദൂതൻ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാൽ, ദൈവത്തിന് അവൻ മഹത്വം നൽകിയില്ല. പുഴുക്കൾക്കി രയായി അവൻ അന്ത്യശ്വാസം വലിച്ചു.
24. ദൈവവചനം വളർന്നു വ്യാപിച്ചു.
25. ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലെമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമ മുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു.