യോഹന്നാന്‍ 12

തൈലാഭിഷേകം
1. മരിച്ചവരിൽനിന്നു താൻ ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.
2. അവർ അവന് അത്താഴം ഒരുക്കി. മർത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ലാസറും ഉണ്ടായിരുന്നു.
3. മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാർദിൻ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.
4. അവന്റെ ശിഷ്യൻമാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5. എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രർക്കു കൊടുത്തില്ല?
6. അവൻ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവൻ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതിൽ വീഴുന്നതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടുമാണ്.
7. യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ.
8. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.
9. അവൻ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദർ അവിടേക്കു വന്നു. അവർ വന്നത് യേശുവിനെ ഉദ്ദേശിച്ചുമാത്രമല്ല; അവൻ മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെ കാണാൻകൂടിയാണ്.
10. ലാസറിനെക്കൂടി കൊല്ലാൻ പുരോഹിതപ്രമുഖൻമാർ ആലോചിച്ചു.
11. എന്തെന്നാൽ, അവൻ നിമിത്തം യഹൂദരിൽ വളരെപ്പേർ അവരെ വിട്ടു യേശുവിൽ വിശ്വസിച്ചിരുന്നു.

രാജകീയപ്രവേശനം
12. അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്,
13. ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവനെ എതിരേൽക്കാൻ പുറപ്പെട്ടു. അവർ വിളിച്ചുപറഞ്ഞു: ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
14. യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.
15. സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.
16. അവന്റെ ശിഷ്യൻമാർക്ക് ആദ്യം ഇതു മനസ്സിലായില്ല. എന്നാൽ, യേശു മഹത്വം പ്രാപിച്ചപ്പോൾ അവനെപ്പറ്റി ഇക്കാര്യങ്ങൾ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവർ അനുസ്മരിച്ചു.
17. ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അവസരത്തിൽ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നൽകിയിരുന്നു.
18. അവൻ ഈ അടയാളം പ്രവർത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാൻ വന്നത്.
19. അപ്പോൾ ഫരിസേയർ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാർ യേശുവിനെ തേടുന്നു
20. തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
21. ഇവർ ഗലീലിയിലെ ബേത്സയ്ദായിൽനിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു.
22. പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.
23. യേശു പറഞ്ഞു: മനുഷ്യപുത്രൻമഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.
24. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
25. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.
26. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രൻ ഉയർത്തപ്പെടണം
27. ഇപ്പോൾ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാൻ വന്നത്.
28. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു സ്വരമുണ്ടായി: ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.
29. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാൽ ചിലർ ഒരു ദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
30. യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.
31. ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോൾ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.
32. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും.
33. അവൻ ഇതു പറഞ്ഞത്, താൻ ഏതു വിധത്തിലുള്ള മരണമാണു വരിക്കാൻ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.
34. അപ്പോൾ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേക്കും നിലനിൽക്കുന്നു എന്നാണല്ലോ നിയമത്തിൽ ഞങ്ങൾ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രൻ?
35. യേശു അവരോടു പറഞ്ഞു: അൽപസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാൻ പ്രകാശമുള്ളപ്പോൾ നടന്നുകൊള്ളുവിൻ. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല.
36. നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ.

യഹൂദരുടെ അവിശ്വാസം
37. ഇതു പറഞ്ഞതിനുശേഷം യേശു അവരിൽനിന്നു പോയി രഹസ്യമായി പാർത്തു. അവൻ വളരെ അടയാളങ്ങൾ അവരുടെ മുമ്പാകെ പ്രവർത്തിച്ചെങ്കിലും അവർ അവനിൽ വിശ്വസിച്ചില്ല.
38. ഏശയ്യാ പ്രവാചകൻ പറഞ്ഞവചനം പൂർത്തിയാകേണ്ടതിനാണ് ഇത്. കർത്താവേ, ഞങ്ങളുടെ സന്ഡേശം ആരു വിശ്വസിച്ചു? കർത്താവിന്റെ ഭുജം ആർക്കാണു വെളിപ്പെട്ടത്?
39. അതുകൊണ്ട് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:
40. അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവർ എന്നിലേക്കു തിരിഞ്ഞ് ഞാൻ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.
41. അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്.
42. എന്നിട്ടും, അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു. എന്നാൽ, സിനഗോഗിൽനിന്നു ബഹിഷ്കൃതരാകാതിരിക്കാൻവേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല.
43. ദൈവത്തിൽനിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവർ അഭിലഷിച്ചു.
44. യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
45. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
46. എന്നിൽ വിശ്വസിക്കുന്ന വരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
47. എന്റെ വാക്കുകൾ കേൾക്കുന്നവൻ അവ പാലിക്കുന്നില്ലെങ്കിലും ഞാൻ അവനെ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.
48. എന്നാൽ, എന്നെ നിരസിക്കുകയും എന്റെ വാക്കുകൾ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികർത്താവുണ്ട്. ഞാൻ പറഞ്ഞവചനംതന്നെ അന്ത്യദിനത്തിൽ അവനെ വിധിക്കും.
49. എന്തെന്നാൽ, ഞാൻ സ്വമേധയാ അല്ല സംസാരിച്ചത്. ഞാൻ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കൽപന നൽകിയിരിക്കുന്നു.
50. അവിടുത്തെ കൽപന നിത്യജീവനാണെന്നു ഞാൻ അറിയുന്നു. അതിനാൽ, ഞാൻ പറയുന്നതെല്ലാം പിതാവ് എന്നോടു കൽപിച്ചതുപോലെ തന്നെയാണ്.