അപ്പ. പ്രവര്‍ത്തനങ്ങള്‍ 11

പത്രോസിന്റെന്യായവാദം
1. വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്തോലൻമാരും സഹോദരരും കേട്ടു.
2. തൻമൂലം, പത്രോസ് ജറുസലെമിൽ വന്നപ്പോൾ പരിച്ഛേദനവാദികൾ അവനെ എതിർത്തു.
3. അവർ ചോദിച്ചു: അപരിച്ഛേദിതരുടെ അടുക്കൽ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?
4. പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാൻ തുടങ്ങി.
5. ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് ദിവ്യാനുഭൂതിയിൽ ഒരു ദർശനമുണ്ടായി. സ്വർഗത്തിൽനിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാൻ കണ്ടു. അത് എന്റെ അടുത്തുവന്നു.
6. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിൽ ഭൂമിയിലെ നാൽക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.
7. എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.
8. അപ്പോൾ ഞാൻ മറുപടി പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയയാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.
9. സ്വർഗത്തിൽനിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.
10. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വർഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.
11. അപ്പോൾത്തന്നെ കേസറിയായിൽനിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേർ ഞാൻ താമസിച്ചിരുന്ന വീട്ടിലെത്തി.
12. ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാൻ എനിക്ക് ആത്മാവിന്റെ നിർദേശമുണ്ടായി. ഈ ആറു സഹോദരൻമാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ചു.
13. തന്റെ ഭവനത്തിൽ ഒരു ദൂതൻ നിൽക്കുന്നതായി കണ്ടുവെന്നും അവൻ ഇങ്ങനെ അറിയിച്ചുവെന്നും അവൻ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.
14. നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങൾ അവൻ നിന്നോടു പറയും.
15. ഞാൻ അവരോടുപ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് നമ്മുടെമേൽ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.
16. അ പ്പോൾ ഞാൻ കർത്താവിന്റെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലംകൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.
17. നാം യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നൽകിയ അതേ ദാനം അവർക്കും അവിടുന്നു നൽകിയെങ്കിൽ ദൈവത്തെ തടസ്സപ്പെടുത്താൻ ഞാനാരാണ്?
18. ഈ വാക്കു കൾ കേട്ടപ്പോൾ അവർ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവംപ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ മഹത്വപ്പെടുത്തി.

സഭ അന്ത്യോക്യായിൽ
19. സ്തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവർ വചനം പ്രസംഗിച്ചിരുന്നില്ല.
20. അക്കൂട്ടത്തിൽ സൈപ്രസിൽ നിന്നും കിറേനേയിൽനിന്നുമുള്ള ചിലർ ഉണ്ടായിരുന്നു. അവർ അന്ത്യോക്യായിൽ വന്നപ്പോൾ ഗ്രീക്കുകാരോടും കർത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.
21. കർത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ചവളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു.
22. ഈ വാർത്ത ജറുസലെമിലെ സഭയിലെത്തി. അവർ ബാർണബാസിനെ അന്ത്യോക്യായിലേക്കയച്ചു.
23. അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ചു സന്തുഷ്ടനാവുകയും കർത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കു കയും ചെയ്തു.
24. കാരണം, അവൻ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിന്റെ അനുയായികളായിത്തീർന്നു.
25. സാവൂളിനെ അന്വേഷിച്ച് ബാർണബാസ് താർസോസിലേക്കു പോയി.
26. അവനെ കണ്ടുമുട്ടിയപ്പോൾ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വർഷം മുഴുവൻ അവർ അവിടത്തെ സഭാസമ്മേളനങ്ങളിൽ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായിൽ വച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടത്.
27. ഇക്കാലത്ത് ജറുസലെമിൽനിന്നുപ്രവാചകൻമാർ അന്ത്യോക്യായിലേക്കു വന്നു.
28. അവരിൽ ഹാഗാബോസ് എന്നൊരുവൻ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.
29. ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്യൂദയായിൽ താമസിച്ചിരുന്ന സഹോദരർക്കു ദുരിതാശ്വാസം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.
30. ബാർണബാസും സാവൂളും വഴി സഹായം ശ്രേഷ്ഠൻമാർക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവർ അതു നിർവ്വഹിക്കുകയും ചെയ്തു.