അപ്പ. പ്രവര്‍ത്തനങ്ങള്‍ 10

കൊർണേലിയൂസ്
1. കേസറിയായിൽ കൊർണേലിയൂസ് എന്നൊരുവൻ ഉണ്ടായിരുന്നു. അവൻ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.
2. അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവൻ ജനങ്ങൾക്ക് ഉദാരമായി ദാനധർമം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാർഥിക്കുകയും ചെയ്തുപോന്നു.
3. ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറിൽ കൊർണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതൻ ആഗതനാകുന്നത് ഒരു ദർശനത്തിൽ അവൻ വ്യക്തമായിക്കണ്ടു.
4. ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവൻ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതൻ പറഞ്ഞു: നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ദൈവസന്നിധിയിൽ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.
5. യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.
6. അവൻ കടൽത്തീരത്തു താമസിക്കുന്നതുകൽപണിക്കാരൻ ശിമയോന്റെ വീട്ടി ലുണ്ട്.
7. തന്നോടു സംസാരിച്ച ദൂതൻ പോയപ്പോൾ അവൻ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകൻമാരിൽപ്പെട്ട വിശ്വസ്ത നായ ഒരു പടയാളിയെയും വിളിച്ച്,
8. എല്ലാം വിശദീകരിച്ചുകൊടുത്തതിനു ശേഷം അവരെ യോപ്പായിലേക്ക് അയച്ചു.
9. അവർയാത്ര ചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോൾ പത്രോസ് പ്രാർ ഥിക്കാൻമട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.
10. അവനു വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവർ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോൾ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.
11. സ്വർഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവൻ കണ്ടു.
12. ഭൂമിയിലെ എല്ലാത്തരം നാൽക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.
13. ഒരു സ്വരവും അവൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.
14. പത്രോസ് പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.
15. രണ്ടാമതും അവൻ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.
16. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.
17. താൻ കണ്ട ദർശനത്തിന്റെ അർഥമെന്തെന്നു പത്രോസ് സംശയിച്ചുനിൽക്കുമ്പോൾ, കൊർണേലിയൂസ് അയച്ച ആളുകൾ ശിമയോന്റെ വീടന്വേഷിച്ച് പടിവാതിൽക്കൽ നിൽപുണ്ടായിരുന്നു.
18. പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവർ വിളിച്ചു ചോദിച്ചു.
19. പത്രോസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആത്മാവ് അവനോടു പറഞ്ഞു: ഇതാ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു.
20. എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാൽ, ഞാനാണ് അവരെ അയച്ചിരിക്കുന്നത്.
21. പത്രോസ് താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻ തന്നെ. നിങ്ങൾ വന്നതിന്റെ ഉദ്ദേശ്യമെന്ത്?
22. അവർ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവൻ സമ്മതനുമായകൊർണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകൾകേൾക്കണമെന്നും, ദൈവദൂതനിൽനിന്നു നിർദ്ദേശം ലഭിച്ചിരിക്കുന്നു.
23. അവൻ അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവൻ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായിൽനിന്നുള്ള ചില സഹോദരൻമാരും അവനെ അനുയാത്ര ചെയ്തു.
24. പിറ്റേ ദിവസം അവർ കേസറിയായിലെത്തി. കൊർണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
25. പത്രോസ് അകത്തുപ്രവേശിച്ചപ്പോൾ കൊർണേലിയൂസ് അവനെ സ്വീകരിച്ച് കാൽക്കൽ വീണു നമസ്കരിച്ചു.
26. എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേൽപിച്ചു.
27. അവനോടു സംസാരിച്ചുകൊണ്ട് പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ വളരെപ്പേർ അവിടെ കൂടിയിരിക്കുന്നതു കണ്ടു.
28. അവൻ അവരോടു പറഞ്ഞു: മറ്റൊരു വർഗക്കാരനുമായി സമ്പർക്കം പുലർത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.
29. അതിനാൽ, നിങ്ങൾ എനിക്ക് ആളയച്ചപ്പോൾയാതൊരു തടസ്സവും പറയാതെ ഞാൻ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങൾ എനിക്ക് ആളയച്ചതെന്നു പറയുവിൻ.
30. കൊർണേലിയൂസ് മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ് ഈ സമയത്തു വീട്ടിൽവച്ച് ഞാൻ ഒൻപതാം മണിക്കൂറിലെ പ്രാർഥന നടത്തുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞഒരാൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
31. അവൻ പറഞ്ഞു: കൊർണേലിയൂസേ, ദൈവസന്നിധിയിൽ നിന്റെ പ്രാർഥനകൾ എത്തുകയും ദൈവം നിന്റെ ദാനധർമങ്ങൾ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.
32. അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടൽത്തീരത്തു തുകൽപണിക്കാരനായ ശിമയോന്റെ വീട്ടിലാണ് അവൻ താമസിക്കുന്നത്.
33. അതുകൊണ്ട് നിന്നെ വിളിക്കാൻ ഞാൻ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. കർത്താവ് നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം കേൾക്കാൻ ഇതാ, ദൈവ സന്നിധിയിൽ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.

പത്രോസിന്റെ പ്രസംഗം
34. പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും
35. അവിടുത്തെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു.
36. സമാധാനത്തിന്റെ സദ്വാർത്ത സകലത്തിന്റെയും കർത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായേൽ മക്കൾക്ക് നൽകി.
37. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച്യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
38. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ എപ്രകാരം നൻമ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
39. യഹൂദൻമാരുടെ ദേശത്തും ജറുസലെമിലും അവൻ ചെയ്ത എല്ലാകാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അവർ അവനെ മരത്തിൽ തൂക്കിക്കൊന്നു.
40. എന്നാൽ, ദൈവം അവനെ മൂന്നാംദിവസം ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.
41. എല്ലാവർക്കുമല്ല, സാക്ഷികളായി ദൈവം മുൻകൂട്ടി തെരഞ്ഞെടുത്ത ഞങ്ങൾക്കു മാത്രം. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങൾ.
42. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവൻ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങൾക്കു കൽപന നൽകി.
43. അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകൻമാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

വിജാതീയർക്കു ജ്ഞാനസ്നാനം
44. പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് വന്നു.
45. വിജാതീയരുടെമേൽപോലും പരിശുദ്ധാത്മാവിന്റെ ദാനം വർഷിക്കപ്പെട്ടതിനാൽ, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികൾ വിസ്മയിച്ചു.
46. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവർ കേട്ടു. അപ്പോൾ പത്രോസ് പറഞ്ഞു:
47. നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവർക്കു ജ്ഞാനസ്നാനജലം നിഷേധിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
48. യേശുക്രിസ്തുവിന്റെ നാമത്തിൽ അവർക്ക് സ്നാനം നൽകാൻ അവൻ കൽപിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവർ അവനോട് അഭ്യർഥിച്ചു.