ലൂക്കാ - 10

എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നു

1. അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടുപേരെ തെരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു.

2. അവൻ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാൻ കൊയ്ത്തിന്റെ നാഥനോടു നിങ്ങൾ പ്രാർഥിക്കുവിൻ.

3. പോകുവിൻ, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.

4. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്.

5. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം.

6. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും.

7. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടിൽ തന്നെ വസിക്കുവിൻ. വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണല്ലോ. നിങ്ങൾ വീടുതോറും ചുറ്റിനടക്കരുത്.

8. ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്കു വിളമ്പുന്നതു ഭക്ഷിക്കുവിൻ.

9. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിൻ. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിൻ.

10. നിങ്ങൾ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:

11. നിങ്ങളുടെ നഗരത്തിൽനിന്ന് ഞങ്ങളുടെ കാലുകളിൽ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങൾക്കെതിരേ ഞങ്ങൾ തട്ടിക്കളയുന്നു. എന്നാൽ, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ.

12. ഞാൻ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റേതിനെക്കാൾ സഹനീയമായിരിക്കും.

അനുതപിക്കാത്ത നഗരങ്ങൾ

13. കൊറാസീൻ, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളിൽ നടന്ന അദ്ഭുതങ്ങൾ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കിൽ അവിടത്തെ ജനങ്ങൾ ചാക്കുടുത്തും ചാരംപൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു.

14. ആകയാൽ, വിധിദിനത്തിൽ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനെക്കാൾ സഹനീയമായിരിക്കും.

15. കഫർണാമേ, നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.

16. നിങ്ങളുടെ വാക്കുകേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.

എഴുപത്തിരണ്ടുപേർ മടങ്ങിയെത്തുന്നു

17. എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്കു കീഴ്പ്പെടുന്നു.

18. അവൻ പറഞ്ഞു: സാത്താൻ സ്വർഗത്തിൽനിന്ന് ഇടിമിന്നൽപോലെ നിപതിക്കുന്നതു ഞാൻ കണ്ടു.

19. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

20. എന്നാൽ, പിശാചുക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ.

യേശു ആത്മാവിൽ ആനന്ദിക്കുന്നു

21. ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാൻമാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം.

22. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏൽപിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല.

23. അവൻ ശിഷ്യൻമാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.

24. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകൻമാരും രാജാക്കൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

നല്ല സമരിയാക്കാരന്റെ ഉപമ

25. അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?

26. അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?

27. അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ ശക്തിയോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും.

28. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും.

29. എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയൽക്കാരൻ?

30. യേശു പറഞ്ഞു: ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അർധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു.

31. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി.

32. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ, അവനെ കണ്ടെങ്കിലും കടന്നുപോയി.

33. എന്നാൽ, ഒരു സമരിയാക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്,

34. അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകൾ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു.

35. അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കൈയിൽ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.

36. കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത്?

37. അവനോടു കരുണ കാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.

മർത്തായും മറിയവും

38. അവർ പോകുന്നവഴി അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്നുപേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു.

39. അവൾക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു.

40. മർത്തായാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെതനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക.

41. കർത്താവ് അവളോടു പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------