മത്തായി - 9

തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്നു
(മര്‍ക്കോസ് 2: 1-12)(ലൂക്കാ5: 17-26)

1 യേശു തോണിയില്‍കയറി കടല്‍ കടന്ന്‌ സ്വന്തം പട്ടണത്തിലെത്തി.

2 അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട്‌ അവന്‍ തളര്‍വാതരോഗിയോട്‌ അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

3 അപ്പോള്‍ നിയമജ്‌ഞരില്‍ ചിലര്‍ പരസ്‌പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.

4 അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്‌?

5 ഏതാണ്‌ എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?

6 ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍ മഌഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്‌. അനന്തരം, അവന്‍ തളര്‍വാത രോഗിയോടു പറഞ്ഞു: എഴുന്നേറ്റ്‌ നിന്‍െറ ശയ്യയുമെടുത്ത്‌ വീട്ടിലേക്കു പോവുക.

7 അവന്‍ എഴുന്നേറ്റ്‌ വീട്ടിലേക്കു പോയി.

8 ഇതുകണ്ട്‌ ജനക്കൂട്ടം ഭയചകിതരായി. മഌഷ്യര്‍ക്ക്‌ ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.

മത്തായിയെ വിളിക്കുന്നു
മര്‍ക്കോസ്‌ 2: 13-17)(ലൂക്കാ 5: 27-32)

9 യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അഌഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അഌഗമിച്ചു.

10 യേശു അവന്‍െറ ഭവനത്തില്‍ ഭക്‌ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്‌, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്‌ഷണത്തിനിരുന്നു.

11 ഫരിസേയര്‍ ഇതുകണ്ട്‌ ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്‌ഷിക്കുന്നതെന്തുകൊണ്ട്‌?

12 ഇതുകേട്ട്‌ അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം.

13 ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌.

ഉപവാസത്തെക്കുറിച്ച്‌ തര്‍ക്കം
(മര്‍ക്കോസ്‌ 2: 18-22)(ലൂക്കാ 5: 33-39)

14 യോഹന്നാന്‍െറ ശിഷ്യന്‍മാര്‍ യേശുവിന്‍െറ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്‍െറ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

15 അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന്‌ അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.

16 ആരും പഴയ വസ്‌ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തയ്‌ച്ചുചേര്‍ത്ത തുണിക്കഷണം വസ്‌ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.

17 ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ്‌ ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്‌ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ്‌ പുതിയ തോല്‍ക്കുടങ്ങളിലാണ്‌ ഒഴിച്ചുവയ്‌ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

രക്‌തസ്രാവക്കാരി; ഭരണാധിപന്‍െറ മകള്‍

(മര്‍ക്കോസ്‌ 5: 21-43)(ലൂക്കാ 8: 40-56)

18 അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്‍െറ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന്‌ അവളുടെമേല്‍ കൈവയ്‌ക്കുമെങ്കില്‍ അവള്‍ ജീവിക്കും.

19 യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി.

20 പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവം നിമിത്തം കഷ്‌ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ പിന്നിലൂടെ വന്ന്‌ അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പില്‍ സ്‌പര്‍ശിച്ചു.

21 അവന്‍െറ വസ്‌ത്രത്തില്‍ ഒന്നു സ്‌പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന്‌ അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.

22 യേശു തിരിഞ്ഞ്‌ അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.

23 യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്‌ക്കുന്ന ജനങ്ങളെയും കണ്ട്‌ പറഞ്ഞു:

24 നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്‌. അവരാകട്ടെ അവനെ പരിഹസിച്ചു.

25 ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്‌, അവളെ കൈയ്‌ക്കുപിടിച്ച്‌ ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.

26 ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

അന്‌ധര്‍ക്കു കാഴ്‌ച നല്‍കുന്നു

27 യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട്‌ അന്‌ധന്മാര്‍, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്‌ഷിച്ചുകൊണ്ട്‌ അവനെ അഌഗമിച്ചു.

28 അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്‌ധന്‍മാര്‍ അവന്‍െറ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക്‌ ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്‌, കര്‍ത്താവേ, എന്ന്‌ അവര്‍ മറുപടി പറഞ്ഞു.

29 നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു.

30 അവരുടെ കണ്ണുകള്‍ തുറന്നു. ഇത്‌ ആരും അറിയാനിടയാകരുത്‌ എന്ന്‌ യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.

31 എന്നാല്‍, അവര്‍ പോയി അവന്‍െറ കീര്‍ത്തി നാടെങ്ങും പരത്തി.

ഊമനെ സുഖമാക്കുന്നു
(ലൂക്കാ 11: 14-15)

32 അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്‍െറയടുക്കല്‍ കൊണ്ടുവന്നു.

33 അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്‌ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.

34 എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്‌.

വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍

35 യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.

36 ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അഌകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.

37 അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.

38 അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.

---------------------------------------
മത്തായി എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------