മത്തായി - 8

കുഷ്‌ഠരോഗി സുഖപ്പെടുന്നു
(മര്‍ക്കോസ്‌ 1: 40-45)(ലൂക്കാ 5: 12-16)

1 യേശു മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അഌഗമിച്ചു.

2 അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന്‌ താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.

3 യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവഌ ശുദ്‌ധി വന്നു.

4 യേശു അവനോടു പറഞ്ഞു: നീ ഇത്‌ ആരോടും പറയരുത്‌. പോയി നിന്നെത്തന്നെ പുരോഹിതഌ കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്‌ച ജനത്തിന്‍െറ സാക്‌ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.

ശതാധിപന്‍െറ ഭൃത്യന്‍
(ലൂക്കാ 7: 1-10)(യോഹന്നാന്‍ 4: 46-54)

5 യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്‍െറ അടുക്കല്‍ വന്ന്‌ യാചിച്ചു:

6 കര്‍ത്താവേ, എന്‍െറ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട്‌ കഠിനവേദന അഌഭവിച്ച്‌, വീട്ടില്‍ കിടക്കുന്നു.

7 യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന്‌ അവനെ സുഖപ്പെടുത്താം.

8 അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്‍െറ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ മാത്രം മതി, എന്‍െറ ഭൃത്യന്‍ സുഖപ്പെടും.

9 ഞാഌം അധികാരത്തിഌ കീഴ്‌പ്പെട്ടവനാണ്‌. എന്‍െറ കീഴിലും പടയാളികളുണ്ട്‌. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്‍െറ ദാസനോട്‌ ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.

10 യേശു ഇതുകേട്ട്‌ ആശ്‌ചര്യപ്പെട്ട്‌, തന്നെ അഌഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.

11 വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന്‌ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.

12 രാജ്യത്തിന്‍െറ മക്കളാകട്ടെ, പുറത്തുള്ള അന്‌ധകാരത്തിലേക്ക്‌ എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

13 യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു.

പത്രാസിന്‍െറ ഭവനത്തില്‍
(മര്‍ക്കോസ് 1: 29-34)(ലൂക്കാ 4: 38-41)

14 യേശു പത്രാസിന്‍െറ വീട്ടിലെത്തിയപ്പോള്‍ അവന്‍െറ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

15 അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.

16 സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്‍െറയടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.

17 അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ന്‌ ഏശയ്യാ പ്രവചിച്ചത്‌ അങ്ങനെ നിറവേറി.

ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു
(ലൂക്കാ 9: 57-62)

18 തന്‍െറ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു.

19 ഒരു നിയമജ്‌ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അഌഗമിക്കും.

20 യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്‌; എന്നാല്‍, മഌഷ്യപുത്രഌ തലചായ്‌ക്കാന്‍ ഇടമില്ല.

21 ശിഷ്യന്‍മാരില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി എന്‍െറ പിതാവിനെ സംസ്‌കരിച്ചിട്ടുവരാന്‍ എന്നെ അഌവദിക്കണമേ.

22 യേശു പറഞ്ഞു: നീ എന്നെ അഌഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
(മര്‍ക്കോസ്‌ 4: 35-41)(ലൂക്കാ 3: 22-25)

23 യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അഌഗമിച്ചു.

24 കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു.

25 ശിഷ്യന്‍മാര്‍ അടുത്തുചെന്ന്‌ അവനെ ഉണര്‍ത്തി അപേക്‌ഷിച്ചു: കര്‍ത്താവേ, രക്‌ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു.

26 അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിഌ ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്‌, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.

27 അവര്‍ ആശ്‌ചര്യപ്പെട്ടുപറഞ്ഞു:ഇവന്‍ ആര്‌? കാറ്റും കടലുംപോലും ഇവനെ അഌസരിക്കുന്നുവല്ലോ!

പിശാചുബാധിതരെ സുഖപ്പെടുത്തുന്നു
(മര്‍ക്കോസ്‌ 5: 1-20)(ലൂക്കാ 8: 26-39)

28 യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന്‌ ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.

29 അവര്‍ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിഌമുമ്പ്‌ ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?

30 അവരില്‍ നിന്ന്‌ അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.

31 പിശാചുക്കള്‍ അവനോട്‌ അപേക്‌ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കണമേ!

32 അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു.

33 പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന്‌ കടലില്‍ മുങ്ങിച്ചത്തു. പന്നിമേയ്‌ക്കുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു.

34 അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന്‌ അപേക്‌ഷിച്ചു.

---------------------------------------
മത്തായി എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------