മത്തായി - 13

വിതക്കാരന്‍െറ ഉപമ
(മര്‍ക്കോസ്‌ 4: 1-9)(ലൂക്കാ 8: 4-8)

1 അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്‌, കടല്‍ത്തീരത്ത്‌ ഇരുന്നു.

2 വലിയ ജനക്കൂട്ടങ്ങള്‍ അവന്‍െറ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു.

3 അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.

4 അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അതു തിന്നു.

5 ചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന്‌ മുളച്ചുപൊങ്ങി.

6 സൂര്യഌദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്‌തു.

7 വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്‌ അതിനെ ഞെരുക്കിക്കളഞ്ഞു.

8 മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.

9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്‌ദേശ്യം
(മര്‍ക്കോസ്‌ 4: 10-12)(ലൂക്കാ 8: 9-10)(ലൂക്കാ 8: 23-24)

10 അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട്‌ ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്‌?

11 അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍െറ രഹസ്യങ്ങള്‍ അറിയാഌള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല.

12 ഉള്ളവഌ നല്‍കപ്പെടും. അവഌ സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.

13 അതുകൊണ്ടാണ്‌ ഞാന്‍ അവരോട്‌ ഉപമകള്‍വഴി സംസാരിക്കുന്നത്‌. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.

14 ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.

15 അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.

16 നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.

17 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.

വിതക്കാരന്‍െറ ഉപമ വിശദീകരിക്കുന്നു
(മര്‍ക്കോസ്‌ 4: 13-20)(ലൂക്കാ 8: 11-15)

18 അതിനാല്‍, വിതക്കാരന്‍െറ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍:

19 രാജ്യത്തിന്‍െറ

20 വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്‌, അവന്‍െറ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത്‌ ദുഷ്‌ടന്‍ വന്ന്‌ അപഹരിക്കുന്നു. ഇതാണ്‌ വഴിയരികില്‍ വീണ വിത്ത്‌.

21 വചനം കേട്ടിട്ട്‌ ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്‌, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം വീണുപോവുകയും ചെയ്യുന്നവനാണ്‌ പാറമേല്‍ വീണ വിത്ത്‌.

22 ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്‌.

23 വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.

കളകളുടെ ഉപമ

24 മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.

25 ആളുകള്‍ ഉറക്കമായപ്പോള്‍ അവന്‍െറ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.

26 ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.

27 വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌?

28 അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതു ചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?

29 അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.

30 കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്‍െറ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.

കടുകുമണിയുടെയും പുളിമാവിന്‍െറയും ഉപമ
(മര്‍ക്കോസ്‌ 4: 30-34)(ലൂക്കാ 13: 18-21)

31 വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.

32 അത്‌ എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്‌; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്‌ അതിന്‍െറ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.

33 മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിഌ സദൃശമാണ്‌ സ്വര്‍ഗരാജ്യം.

34 ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ്‌ ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്‌തത്‌. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.

35 ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്‌ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്‌താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്‌.

കളകളുടെ ഉപമ - വിശദീകരണം

36 ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്‌ അവന്‍ വീട്ടിലേക്കു വന്നു. ശിഷ്യന്‍മാര്‍ അവന്‍െറ അടുത്തുവന്ന്‌ അപേക്‌ഷിച്ചു: വയലിലെ കളകളെ സംബന്‌ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും!

37 അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്‌ക്കുന്നവന്‍ മഌഷ്യപുത്രനാണ്‌.

38 വയല്‍ ലോകവും നല്ല വിത്ത്‌ രാജ്യത്തിന്‍െറ പുത്രന്‍മാരും കളകള്‍ ദുഷ്‌ടന്‍െറ പുത്രന്‍മാരുമാണ്‌.

39 അവ വിതച്ച ശത്രു പിശാചാണ്‌. കൊയ്‌ത്തു യുഗാന്തമാണ്‌; കൊയ്‌ത്തുകാര്‍ ദൈവദൂതന്‍മാരും.

40 കളകള്‍ ശേഖരിച്ച്‌ അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും.

41 മഌഷ്യപുത്രന്‍ തന്‍െറ ദൂതന്‍മാരെ അയയ്‌ക്കുകയും അവര്‍ അവന്‍െറ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‍ഡത്തിലേക്കെറിയുകയുംചെയ്യും.

42 മഌഷ്യപുത്രന്‍ തന്‍െറ ദൂതന്‍മാരെ അയയ്‌ക്കുകയും അവര്‍ അവന്‍െറ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‌ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

43 അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്‍െറ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നിധിയുടെയും രത്‌നത്തിന്‍െറയും വലയുടെയും ഉപമകള്‍

44 സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.

45 വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.

46 അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.

47 സ്വര്‍ഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്‌ക്കു തുല്യം.

48 വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്‌ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്‌, നല്ല മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക്‌ എറിയുകയും ചെയ്‌തു.

49 യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്‌ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും.

50 അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

51 നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്‌, അവര്‍ ഉത്തരം പറഞ്ഞു.

52 അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്‍െറ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്‌ഞഌം, തന്‍െറ നിക്‌ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്‌ഥഌ തുല്യന്‍.

സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നു
(മര്‍ക്കോസ്‌ 6: 1-6)(ലൂക്കാ 4: 16-30)

53 യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്‌,

54 സ്വദേശത്തുവന്ന്‌, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്‌മയഭരിതരായി ചോദിച്ചു: ഇവന്‌ ഈ ജ്‌ഞാനവും ശക്‌തിയും എവിടെനിന്ന്‌?

55 ഇവന്‍ ആ തച്ചന്‍െറ മകനല്ലേ? മറിയമല്ലേ ഇവന്‍െറ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്‍െറ സഹോദരന്‍മാര്‍?

56 ഇവന്‍െറ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?

57 അവര്‍ക്ക്‌ അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.

58 അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

---------------------------------------
മത്തായി എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------