മത്തായി എഴുതിയ സുവിശേഷം - ആമുഖം

മത്തായിയുടെ സുവിശേഷം പുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമാണ്. യേശുക്രിസ്തുവിന്റെ അപ്പസ്തോലന്മാരിലൊരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നതാണ്‌ ആദ്യനൂറ്റാണ്ടു മുതലുള്ള വിശ്വാസം. യ്ഹൂദമതത്തില്‍നിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്‌. അക്കാരണത്താല്‍, നൂറ്റാണ്ടുകളിലൂടെ യൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി എന്ന ശീര്‍ഷകത്തോടെയാണു ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. ക്രിസ്തുമതം യൂദമതത്തിന്റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്നു സ്ഥാപിക്കാനും സുവിശേഷകന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, യൂദജനത പ്രതീക്ഷിച്ചിരുന്ന സ്വര്‍ഗ്ഗരാജ്യമാണ്‌ യേശുവിന്റെ പ്രബോധനങ്ങളിലെ മുഖ്യപ്രമേയം. ഈ സ്വര്‍ഗ്ഗരാജ്യമാകട്ടെ യൂദരുടെ ഇടുങ്ങിയ ദേശീയചിന്താഗതിക്ക്‌ അതീതമായി മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും ആശ്ലേഷിക്കുന്ന രക്ഷാകരപദ്ധതി ഉള്‍ക്കൊള്ളുന്നതുമാണ്‌.

മത്തായിയുടെ സുവിശേഷം എന്നപേരില്‍ ഇന്നു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ - ഏ. ഡി. 75-നും 90-നും ഇടയ്ക്ക്‌ - രചിക്കപ്പെട്ടതാണന്നു കരുതപ്പെടുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ അരമായഭാഷയില്‍ ക്രിസ്തുവിന്റെ വചനങ്ങളുടെ ഒരു ശേഖരമോ സുവിശേഷം തന്നെയോ മത്തായിയുടേതായി ഉണ്ടായിരുന്നുവെന്നും ഒരു പാരമ്പര്യമുണ്ട്‌. ഇതു വാസ്തവമായിരിക്കാന്‍ സധ്യതയുണ്ടെങ്കിലും, പ്രസ്തുത സുവിശേഷത്തിന്റെ കൈയെഴുത്തുപ്രതിയൊന്നും കണ്ടുകിട്ടിയിട്ടില്ല.

മത്തായിയുടെ സുവിശേഷത്തെ താഴെക്കാണുംവിധം വിഭജിക്കാം:
  1. യേശുവിന്റെ ജനനവും പരസ്യജീവിതത്തിനു തയ്യാറെടുപ്പും (1:1 - 4:16): കന്യകയില്‍നിന്നുള്ള ജനനം, ജ്ഞാനികളുടെ ആരാധന, സ്നാപകയോഹന്നാന്റെ ദൌത്യം, യേശുവിന്റെ ജ്ഞാനസ്നാനം, മരുഭൂമിയിലെ പരീക്ഷ എന്നിവയാണ്‌ ഈ ഭാഗത്തു പ്രതിപാദിക്കുന്നത്‌.
  2. യേശുവിന്റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും (4:17 - 16:20): പലപ്പോഴായി യേശു നല്‍കിയ പ്രബോധനങ്ങളുടെയും ദിവ്യവചസ്സുകളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍, വിവിധതരത്തിലുള്ള അദ്ഭുതങ്ങള്‍ തുടങ്ങിയവ ഇതില്‍ വിവരിക്കപ്പെടുന്നു.
  3. യേശുവിന്റെ പീഡാനുഭവവും മരണവും (16:21 - 28:20): പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍, ജറൂസലത്തേക്കുള്ള യാത്ര, ജറൂസലേമില്‍ വച്ചു ജനപ്രമാണികളുമായുണ്ടായ ഏെറ്റുമുട്ടല്‍, ശിഷ്യന്മാര്‍ക്കു നല്‍കുന്ന അവസാനപ്രബോധനങ്ങള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്നിവയാണ്‌ അവസാനഭാഗത്തു വിവരിക്കുന്നത്‌.

---------------------------------------
മത്തായി എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------