ഉത്‌പത്തി - 48

എഫ്രായിമിനെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നു

1 പിതാവിനു സുഖമില്ലെന്നു കേട്ട്‌ ജോസഫ്‌ മക്കളായ മനാസ്‌സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്‍െറ അടുത്തേയ്‌ക്കുപോയി.

2 മകനായ ജോസഫ്‌ വരുന്നുണ്ട് എന്നു യാക്കോബു കേട്ടു. അവന്‍ ശക്‌തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു.

3 യാക്കോബ്‌ ജോസഫിനോടു പറഞ്ഞു: സര്‍വശക്‌തനായ ദൈവം കാനാന്‍ദേശത്തുള്ള ലൂസില്‍വച്ച്‌ എനിക്കു പ്രത്യക്‌ഷപ്പെട്ട്‌ എന്നെ അനുഗ്രഹിച്ചു. അവിടുന്ന്‌ അരുളിച്ചെയ്‌തു:

4 ഞാന്‍ നിന്നെ സന്താന സമൃദ്‌ധിയുള്ളവനാക്കി നിന്‍െറ സംഖ്യ വര്‍ധിപ്പിക്കും. നിന്നില്‍നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കുശേഷം ഈ നാടു നിന്‍െറ സന്തതികള്‍ക്കു ഞാന്‍ നിത്യാവകാശമായി നല്‍കും.

5 ഞാന്‍ ഈജിപ്‌തില്‍ നിന്‍െറ അടുത്ത്‌ എത്തുന്നതിനുമുന്‍പ്‌ ഈജിപ്‌തില്‍വച്ചു നിനക്കുസ്റായ പുത്രന്‍മാരിരുവരും, എഫ്രായിമും മനാസ്‌സെയും എന്‍േറതാണ്‌. റൂബനും ശിമയോനും എന്നപോലെ അവരെന്‍േറ തായിരിക്കും.

6 അവര്‍ക്കുശേഷം നിനക്കുണ്ടാകുന്ന സന്തതികള്‍ നിന്‍േറതായിരിക്കും. അവര്‍ക്കു ലഭിക്കുന്ന അവകാശം അവരുടെ സഹോദരങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക.

7 ഞാന്‍ പാദാനില്‍നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച്‌ എന്നെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ടു റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചുദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബേത്‌ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ ഞാന്‍ അവളെ അടക്കി.

8 ജോസഫിന്‍െറ പുത്രന്‍മാരെക്കണ്ടപ്പോള്‍ ഇസ്രായേല്‍, ഇവരാരാണ്‌? എന്നുചോദിച്ചു.

9 ജോസഫ്‌ പറഞ്ഞു: ഇവര്‍ എന്‍െറ മക്കളാണ്‌, ഇവിടെവച്ചു ദൈവം എനിക്കു തന്നവര്‍. അവന്‍ പറഞ്ഞു: അവരെ എന്‍െറ അടുക്കല്‍ കൊണ്ടുവരുക, ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ.

10 ഇസ്രായേലിനു പ്രായം കൊണ്ടു കണ്ണുകള്‍ മങ്ങി, കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. ജോസഫ്‌ അവരെ അവന്‍െറ അടുത്തു കൊണ്ടുചെന്നു. അവന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

11 ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: നിന്‍െറ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇതാ, നിന്‍െറ മക്കളെക്കൂടി കാണാന്‍ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു!

12 അപ്പോള്‍ ജോസഫ്‌ കുട്ടികളെ അവന്‍െറ അടുത്തുനിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു നമസ്‌കരിച്ചു.

13 ജോസഫ്‌ എഫ്രായിമിനെ തന്‍െറ വലത്തു കൈകൊണ്ടു പിടിച്ച്‌ ഇസ്രായേലിന്‍െറ ഇടത്തു കൈക്കു നേരെയും, മനാസ്‌സെയെ ഇടത്തു കൈകൊണ്ടു പിടിച്ച്‌ ഇസ്രായേലിന്‍െറ വലത്തുകൈക്കു നേരെയും നിര്‍ത്തി അവന്‍െറയടുത്തേക്കു കൊണ്ടുചെന്നു.

14 എന്നാല്‍, ഇസ്രായേല്‍ കൈകള്‍പിണച്ച്‌ വലംകൈ ഇളയവനായ എഫ്രായിമിന്‍െറ തലയിലും ഇടംകൈ മനാസ്‌സെയുടെ തലയിലും ആണു വച്ചത്‌. മനാസ്‌സെയായിരുന്നുവല്ലോ കടിഞ്ഞൂല്‍പുത്രന്‍.

15 അവന്‍ ജോസഫിനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: എന്‍െറ പിതാക്കന്‍മാരായ അബ്രാഹവും ഇസഹാക്കും ആരാധിച്ചിരുന്നദൈവം, ഇന്നുവരെ എന്‍െറ ജീവിതകാലം മുഴുവന്‍ എന്‍െറ ഇടയനായിരുന്ന ദൈവം,

16 എല്ലാ തിന്‍മകളിലുംനിന്ന്‌ എന്നെ കാത്തുപോന്ന ദൂതന്‍ ഈ ബാലന്‍മാരെ അനുഗ്രഹിക്കട്ടെ! എന്‍െറയും എന്‍െറ പിതാക്കന്‍മാരായ അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും നാമം അവരില്‍ നിലനില്‍ക്കട്ടെ. അവര്‍ ഭൂമിയുടെ മധ്യത്തില്‍ ശക്‌തമായ ഒരു സമൂഹമായി വളര്‍ന്നുവരട്ടെ!

17 തന്‍െറ പിതാവു വലംകൈ എഫ്രായിമിന്‍െറ തലയില്‍ വച്ചതു ജോസഫിന്‌ ഇഷ്‌ടപ്പെട്ടില്ല. എഫ്രായിമിന്‍െറ തലയില്‍നിന്നു മനാസ്‌സെയുടെ തലയിലേക്കു മാറ്റാന്‍ അവന്‍ പിതാവിന്‍െറ കൈയ്‌ക്കു പിടിച്ചു.

18 ജോസഫ്‌ പിതാവിനോടു പറഞ്ഞു: പിതാവേ, അങ്ങനെയല്ല, ഇവനാണു മൂത്ത മകന്‍ . വലംകൈ ഇവന്‍െറ തലയില്‍ വയ്‌ക്കുക. അവന്‍ വഴങ്ങിയില്ല.

19 അവന്‍ പറഞ്ഞു: എനിക്കറിയാം, മകനേ, എനിക്കറിയാം. അവനില്‍ നിന്നും ഒരു ജനതയുണ്ടാകും; അവനും വലിയവനാകും. എന്നാല്‍ അവന്‍െറ അനുജന്‍ അവനെക്കാള്‍ വലിയവനാകും; അവന്‍െറ സന്തതികളോ അനവധി ജനതകളും.

20 അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: നിങ്ങളുടെ നാമം ഉച്ചരിച്ച്‌, ദൈവം നിങ്ങളെ എഫ്രായിമിനെയും മനാസ്‌സെയുംപോലെ ആക്കട്ടെ, എന്നു പറഞ്ഞു കൊണ്ടായിരിക്കും ഇസ്രായേലില്‍ അനുഗ്രഹങ്ങള്‍ ആശംസിക്കപ്പെടുക. അവന്‍ എഫ്രായിമിനെ മനാസ്‌സെക്കു മുന്‍പനാക്കി.

21 അതു കഴിഞ്ഞ്‌, ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഇതാ, മരിക്കാറായി. ദൈവം നിന്‍െറ കൂടെയുണ്ടാവും. നിന്‍െറ പിതാക്കന്‍മാരുടെ നാട്ടിലേക്കു നിന്നെതിരിയേ കൊണ്ടുപോവുകയും ചെയ്യും.

22 നിന്‍െറ സഹോദരന്‍മാര്‍ക്കു നല്‍കിയ ഓഹരിയെക്കാള്‍ കൂടുതലായി വാളും വില്ലും കൊണ്ട് അമോര്യരുടെ കൈയില്‍നിന്നു ഞാന്‍ പിടിച്ചടക്കിയ ഷെക്കെം നിനക്കു തന്നിരിക്കുന്നു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------